ജിഎസ്ടി; 49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും നികുതി കുറച്ചു

ജിഎസ്ടി; 49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും നികുതി കുറച്ചു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: 49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും നികുതി കുറച്ചു. 29 കരകൗശല വസ്തുക്കളുടെ നികുതി എടുത്തുകളഞ്ഞു. ഇന്നലെ ചേര്‍ന്ന ചരക്കുസേവന നികുതി (ജിഎസ്ടി) കൗണ്‍സിലിലെ പ്രധാന തീരുമാനമാണിത്.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ 25നു നടപ്പില്‍ വരും. ഇലക്‌ട്രോണിക് (ഇ) വേ ബില്‍ ഫെബ്രുവരി ഒന്നിനു നടപ്പാക്കാന്‍ തീരുമാനിച്ചു. 15 സംസ്ഥാനങ്ങളില്‍ ഇതിന് ഒരുക്കം പൂര്‍ത്തിയായി.
ഭൂമിയും പെട്രോളിയം ഉത്പന്നങ്ങളും ജിഎസ്ടിയുടെ കീഴിലാക്കാനുള്ള സമ്മര്‍ദം കേന്ദ്രം തുടര്‍ന്നു. അടുത്ത സമ്മേളനത്തിലാകും ഇക്കാര്യത്തില്‍ തീരുമാനം.
ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിനു മുന്പ് മറ്റു ചില നികുതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാന്‍ പത്തു ദിവസത്തിനുള്ളില്‍ കൗണ്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സമ്മേളിക്കും. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പരിഷ്‌കാരമാര്‍ഗങ്ങള്‍ നന്ദന്‍ നിലേകനി വിശദീകരിച്ചു. മൂന്നു റിട്ടേണുകള്‍ ഒന്നാക്കുന്നതു ചര്‍ച്ച ചെയ്‌തെങ്കിലും ധാരണയായില്ല.
സംസ്ഥാനാന്തര വ്യാപാരത്തിന് ഈടാക്കുന്ന ഇന്റഗ്രേറ്റഡ് (ഐ) ജിഎസ്ടി കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതം വയ്ക്കാന്‍ ധാരണയായി. 35,000 കോടി രൂപ ഇങ്ങനെ വീതിക്കാനുണ്ട്.
രത്‌നങ്ങളുടെയും വിലയേറിയ മറ്റു കല്ലുകളുടെയും ജിഎസ്ടി മൂന്നു ശതമാനത്തില്‍നിന്നു കാല്‍ശതമാനമാക്കി. സ്വര്‍ണനികുതിയില്‍ മാറ്റമില്ല. ഉപയോഗിച്ച എസ്‌യുവികള്‍ക്കും വലിയ കാറുകള്‍ക്കും 28 ശതമാനമായിരുന്ന ജിഎസ്ടി 18 ശതമാനമാക്കി. ഉപയോഗിച്ച മറ്റുവാഹനങ്ങളുടേത് 12 ശതമാനമായി കുറച്ചു. ആംബുലന്‍സുകള്‍, പത്തും പതിമ്മൂന്നും സീറ്റുള്ള വാഹനങ്ങള്‍ എന്നിവയ്ക്കുണ്ടായിരുന്ന അഞ്ചു ശതമാനം കോംപന്‍സേഷന്‍ സെസ് എടുത്തുകളഞ്ഞു. അവയ്ക്ക് 28 ശതമാനം ജിഎസ്ടി മാത്രം തുടരും. ജലസേചനത്തിനുള്ള സ്‌പ്രേയറുകള്‍, ഡ്രിപ് ഇറിഗേഷന്‍ സിസ്റ്റം, സ്പ്രിങ്കല്‍ തുടങ്ങിയ ഏതാനും ഇനങ്ങളുടെ ജിഎസ്ടി 18ല്‍നിന്നു 12 ശതമാനമാക്കി.ബയോ ഡീസലിനു 18ല്‍നിന്നു 12 ശതമാനമാക്കിയപ്പോള്‍ അതുപയോഗിക്കുന്ന ബസിനു ജിഎസ്ടി 28ല്‍നിന്നു 18 ശതമാനമാക്കി. എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകളിലെ പ്രവേശന ടിക്കറ്റിനുണ്ടായിരുന്ന 28 ശതമാനം നികുതി 18 ശതമാനമായി കുറച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close