ബേങ്കിംഗ് സംവിധാനം മികവുറ്റതാക്കാന്‍ കേന്ദ്രം

ബേങ്കിംഗ് സംവിധാനം മികവുറ്റതാക്കാന്‍ കേന്ദ്രം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കിട്ടാക്കടം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ 250 കോടി രൂപക്കു മുകളിലുള്ള ബാങ്ക് വായ്പകള്‍ പ്രത്യേകം നിരീക്ഷിക്കുമെന്ന് കേന്ദ്രം.
രാജ്യത്തെ 21 പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താന്‍ നടപ്പുവര്‍ഷം 88,000 കോടി രൂപ സമാഹരിക്കുന്നതടക്കം, ബാങ്കിങ് രംഗത്തെ പരിഷ്‌കരണ കര്‍മരേഖയുടെ വിശദാംശങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുറത്തിറക്കി.
പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് 15 വര്‍ഷം വരെ കാലാവധിയുള്ള 80,000 കോടി രൂപയുടെ ബോണ്ട് നടപ്പു സാമ്പത്തികവര്‍ഷം ഇറക്കും. ബജറ്റ് സഹായമായി 8139 കോടി രൂപ ലഭ്യമാക്കും. മൂലധനശേഷി വര്‍ധിപ്പിക്കുന്നതിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 8800 കോടി നല്‍കും. ബാങ്ക് ഓഫ് ബറോഡക്ക് 5375 കോടി, യൂനിയന്‍ ബാങ്കിന് 4524 കോടി, യൂക്കോ ബാങ്ക് 6507 കോടി, പഞ്ചാബ് നാഷനല്‍ ബാങ്ക് 5473 കോടി എന്നിങ്ങനെ വെവ്വേറെ വിഹിതം നിശ്ചയിച്ചിട്ടുണ്ട്. ധനമന്ത്രാലയം രൂപപ്പെടുത്തിയ പരിഷ്‌കരണ പാക്കേജ് അംഗീകരിക്കുന്ന മുറക്കാണ് ബാങ്കുകള്‍ക്ക് സഹായം ലഭിക്കുക.
മൂലധനശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം 30 കര്‍മപദ്ധതികള്‍ അടങ്ങുന്ന പരിഷ്‌കരണ പാക്കേജാണ് മുന്നോട്ടുവെക്കുന്നത്. ബാങ്കിങ് സേവനം കൂടുതല്‍ ലഭ്യമാക്കാനും മികവുറ്റതാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.
ഓരോ ഗ്രാമത്തിലും അഞ്ചു കി.മീറ്റര്‍ പരിധിക്കുള്ളില്‍ ബാങ്കിങ് സേവനം, ഇലക്‌ട്രോണിക് പണമിടപാടില്‍ പണം ചോര്‍ന്നാല്‍ 10 ദിവസത്തിനകം റീഫണ്ട്, എ.ടി.എം ഇല്ലാത്ത ജില്ലകളില്‍ സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി വിവിധ വാഗ്ദാനങ്ങളുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close