Month: January 2018

ബാങ്കുകള്‍ ഭവന, വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

ഫിദ
കൊച്ചി:
സ്വകാര്യ ബാങ്കുകള്‍ ഭവന, വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ അഞ്ച് മുതല്‍ പത്തുവരെ ബേസിസ് പോയന്റാണ് കൂട്ടുന്നത്.
ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ വര്‍ധന നടപ്പാക്കിക്കഴിഞ്ഞു.
2016 ഏപ്രിലില്‍ മുതലാണ് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് നശ്ചയിച്ചുവരുന്നത്. അതിനുശേഷം ഇതാദ്യമായാണ് വായ്പ പലിശയില്‍ വര്‍ധനവരുത്തുന്നത്.
നിക്ഷേപത്തിന്റെ പലിശയില്‍ 50 ബേസിസ് പോയന്റ് വര്‍ധന വന്നതിനാലാണ് ചുരുങ്ങിയകാലത്തേ്‌ക്കെങ്കിലും അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായ നരക്ക് ഈ മാസം തുടക്കത്തില്‍ 18 മാസത്തെ ഉയര്‍ന്ന നിരക്കായ 7.38 ശതമാനത്തിലെത്തിയതും മറ്റൊരുകാരണമായി പറയുന്നു.
പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറക്കലിന് അടുത്തകാലത്തൊന്നും ആര്‍ബിഐ തയ്യാറാകുകയുമില്ല. അതുകൊണ്ടുതന്നെ താഴ്ന്നുകൊണ്ടിരുന്ന വായ്പ പലിശകള്‍ കുറച്ചുകാലത്തേയ്‌ക്കെങ്കിലും ഉയരുമെന്ന് ഉറപ്പായി.

പദ്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി:
സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദസിനിമ പദ്മാവതിന് വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് സുപ്രീംകോടതി നീക്കി. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയെന്നും പ്രദര്‍ശനം തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രദര്‍ശനം നടക്കുമ്പോള്‍ അക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. സര്‍ഗാത്മകസൃഷ്ടികളുടെ കഴുത്തരിയാനുള്ള സംസ്ഥാനങ്ങളുടെ നീക്കം മനഃസാക്ഷിയെ ഞെട്ടിച്ചു എന്നാണു കോടതി പറഞ്ഞത്.
എന്നാല്‍, സുപ്രീംകോടതി ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെതന്നെ വിവിധ സംസ്ഥാനങ്ങളില്‍ സിനിമക്കെതിരേ പ്രതിഷേധം ശക്തമാക്കി. സിനിമയ്‌ക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്നു രജ്പുത് കര്‍ണിസേന പറഞ്ഞു. ബിഹാറിലെ മുസാഫര്‍പുരില്‍ അക്രമികള്‍ ഒരു തിയറ്റര്‍ തകര്‍ത്തു.
സുപ്രീംകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞു. കേസില്‍ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി വിലക്കു നീക്കിയതെന്നും വിധി വിശദമായി പരിശോധിച്ച ശേഷം അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകള്‍ക്ക് ഉപയോഗിക്കാം: ആര്‍.ബി.ഐ

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പത്തു രൂപാ നാണയം റിസര്‍വ് ബാങ്ക് പിന്‍വലിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും ഈ നാണയം സ്വീകരിക്കാന്‍ കച്ചവടക്കാരും ടാക്‌സി, ഓട്ടോ െ്രെഡവര്‍മാരും തയ്യാറായിരുന്നില്ല. മാത്രമല്ല 10 രൂപാ നാണയത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി വിപണിയില്‍ ഇറങ്ങിയിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇക്കാര്യമന്വേഷിച്ച് റിസര്‍വ് ബാങ്കില്‍ ആളുകളുടെ വിളിയെത്തിയപ്പോള്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി.
പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 14 തരം ഡിസൈനിലുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിക്കുന്നത്. ഓരോ തവണ പുതിയ നാണയം ഇറക്കുമ്പോഴും രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. 2009മുതല്‍ ഇറക്കിയ 14 തരം പത്തു രൂപാ നാണയങ്ങളാണ് വിനിമയത്തിലുള്ളത്. ഇത് പണമിടപാടുകള്‍ക്കായി സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 10 രൂപാ നാണയം നിയമപ്രകാരം സാധുതയുള്ളത് തന്നെയാണ്. ജനങ്ങള്‍ അത് ഉപയോഗിക്കുന്നതില്‍ നിന്നും മടിച്ചു നില്‍ക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക്ക് ദിന ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്

ഗായത്രി
കൊച്ചി: ആഘോഷ ദിനങ്ങളില്‍ മാര്‍കറ്റുകളില്‍ ആളുകള്‍ നിറയുന്നത് പണ്ടുമുതലേ കാണുന്ന പ്രതിഭാസമാണ്. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ മാര്‍കറ്റുകളാണ് ആഘോഷ ദിനങ്ങള്‍ മുതലെടുക്കുന്നത്. പതിവ് പോലെ അടുത്ത ഫെസ്റ്റിവല്‍ സെയിലുമായി എത്തിയിരിക്കുന്നു. റിപബ്ലിക് ദിനത്തെയാണ് വമ്പന്‍ ഓഫറുകളുമായി വരാന്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍കറ്റ് ഭീമന്‍മാര്‍ പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആമസോണ്‍ അവരുടെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന്റെ അടുത്ത എഡിഷന്‍ പ്രഖ്യാപിച്ച ഉടനെയാണ് ഫഌപ്പ്കാര്‍ട്ട് അവരുടെ ഓഫര്‍ സെയിലുമായി രംഗത്ത് വന്നത്. ജനുവരി 21ന് ആരംഭിച്ച് 23 നാണ് റിപബ്ലിക് ദിന വില്‍പന ഫഌപ്പ്കാര്‍ട്ട് അവസാനിപ്പിക്കുക. ആമസോണ്‍ 21 ന് തന്നെ ആരംഭിച്ച് 24ന് അവസാനിപ്പിക്കും.
ലാഭം കൊയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗമായ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് തന്നെയാണ് ഇത്തവണയും ഫഌപ്പ്കാര്‍ട്ട് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ടി.വിയും ലാപ്‌ടോപും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫര്‍ വിലയില്‍ വില്‍കും.
ഗൂഗിളിന്റെ പിക്‌സല്‍ 2 എക്‌സല്‍ സ്മാര്‍ട്ട് ഫോണ്‍ 48999 രൂപക്ക് വാങ്ങാം. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്‌കൗണ്ടുമുണ്ട്. സാംസങ് ഗാലക്‌സി എസ് 7, 26990 രുപ, ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പായ എം.ഐ മിക്‌സിന് 3000 രുപയുടെ എക്‌സേഞ്ച് ഡിസ്‌കൗണ്ട് ഉണ്ട്. 29999 രൂപയാണ് ഫോണിന്റെ വില. ഹുആവേയുടെ ഹോണര്‍ 9 ലൈറ്റിനും ആകര്‍ഷകമായ ഓഫറുകളുണ്ട്.

 

ഐശ്വര്യയുടെ ഗ്ലാമര്‍ വേഷം വൈറലാവുന്നു

അളക ഖാനം
ദുബായ്:ഐശ്വര്യയുടെ ഗ്ലാമര്‍ വേഷം വൈറലാവുന്നു. ദുബായിലെ ഒരു ഷോപ്പ് ഉദ്ഘാടനത്തിനാണ് ഐശ്വര്യ അതി സുന്ദരിയായി എത്തിയത്.
നീലഗൗണില്‍ അതിവ ഗ്ലാമറസായി എത്തിയ ഐശ്വര്യ റായിയെ ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്. കൃത്യനിഷ്ടയുടെ കാര്യത്തില്‍ മറ്റു നടിമാരേക്കാള്‍ ഏറെ മുന്നിലാണ് ഐശ്വര്യ. മറ്റു താരങ്ങളെ പോലെ ഐശ്വര്യയും വൈകി എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഐശ്വര്യ കൃത്യസമയത്തു തന്നെ എത്തി. താരത്തെ കാണാന്‍ നിരവധി ആരാധകരായിരുന്നു തടിച്ചു കൂടിയത്.
‘കൃത്യസമയത്ത് എത്താതിരിക്കുക എന്നത് ഒരു ഫാഷനായി ഞാന്‍ കാണുന്നില്ല. കൃത്യനിഷ്ഠത പാലിക്കാനുള്ളതാണ്. കഴിയുന്ന സാഹചര്യങ്ങളിലെല്ലാം പരമാവധി കൃത്യസമയത്ത് എത്താന്‍ ശ്രമിക്കാറുണ്ട്’എന്നും ഐശ്വര്യ പറഞ്ഞു.

ഉലകനായകന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

ഫിദ
ചെന്നൈ: ഉലകനായകന്‍ കമലഹാസനും തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 21ന് ചെന്നൈയില്‍ പാര്‍ട്ടിയുടെ പേര് കമലഹാസന്‍ പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് സംസ്ഥാന വ്യാപകമായ ജാഥയും അന്ന് തന്നെ ആരംഭിക്കുമെന്നും കമല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
കമലിന്റെ ജന്മനാടായ രാമനാഥപുരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലാവും ആദ്യഘട്ട പര്യടനം നടത്തുക. മറ്റു ജില്ലകളില്‍ പിന്നീടായിരിക്കും ജാഥ എത്തുക. ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അറിയുക എന്നതാണ് ജാഥ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമലഹാസന്‍ പ്രസ്താവനയില്‍പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മാറാത്ത സാഹചര്യങ്ങളോട് പടപൊരുതാനാണ് താന്‍ ഇറങ്ങുന്നത്. ഈ പോരാട്ടം വിജയിക്കണമെങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് അറിയണം. അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയണം, അതിനൊക്കെ പരിഹാരം കണ്ടെത്തണം കമല്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊപ്പം പാര്‍ട്ടിയുടെ നയങ്ങളും തത്വങ്ങളും പ്രഖ്യാപിക്കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ആയിരിക്കും തന്റെ മുന്നോട്ടുള്ള പോക്ക്. രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ ഗ്ലാമര്‍ പരിവേഷമുണ്ടാക്കാനോ വിമത പ്രവര്‍ത്തനം നടത്താനോ അല്ല താന്‍ ഉദ്ദേശിക്കുന്നത്. ജനങ്ങളെ നേരില്‍കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ അനുഭവിച്ച് അറിയുന്നതിന് വേണ്ടിയാണ് ഈ പര്യടനം. സംസ്ഥാനത്തെ തെറ്റായ പല കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ മുന്നോട്ട വരണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ലെക്‌സസ് എല്‍.എസ് 500 എച്ച് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ആഡംബര വാഹനമായ ലെക്‌സസ് എല്‍.എസ് 500 എച്ച് മോഡലുകള്‍ ഉടനെ ഇന്ത്യന്‍ വിപണിയിലെത്തും. പരമ്പരാഗത ത്രീബോക്‌സ് രൂപഘടനയുടെ വിശാലതയും സിക്‌സ്‌ലൈറ്റ് ക്യാബിനും ചേര്‍ന്ന രൂപഭംഗിയാണ് വാഹനത്തിന്. പുതിയ മള്‍ട്ടിലിങ്ക് എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനവുമുണ്ട്. ഫോര്‍മുല വണ്‍ സാങ്കേതികവിദ്യയില്‍ നിന്നാണ് ലെക്‌സസ് എല്‍എസ് 500 എച്ച് പ്രചോദനം. ലോകത്തെ ആദ്യ മള്‍ട്ടിസ്‌റ്റേജ് ഹൈബ്രിഡ് സംവിധാനമാണ് മറ്റൊരു ആകര്‍ഷണം. കൃത്രിമ 10സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൃത്യമായ ഷിഫ്റ്റുകളും സാധ്യമാക്കും. മനോഹരമായ എന്റര്‍ടെയ്ന്‍മെന്റ് ഫീച്ചറുകളും എല്‍എസ് 500 എച്ചിന് സ്വന്തം. എക്‌സ് ഷോറൂം വിലയായ 1,77,21,000 രൂപക്ക് ലക്ഷ്വറി ഗ്രേഡും 1,82,21,000 രൂപ്ക്ക് അള്‍ട്രാ ലക്ഷ്വറി ഗ്രേഡും 1,93,71,000 രൂപയ്ക്ക് ഡിസ്റ്റിംക്ട് ഗ്രേഡും ലഭ്യമാകും.

 

കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി വന്‍തുകക്ക് ലേലത്തില്‍ വിറ്റു

അളക ഖാനം
ബോസ്റ്റന്‍: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വന്‍തുകക്ക് വിറ്റുപോയി. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്‌ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളര്‍ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തില്‍ പോയത്.
കാസ്‌ട്രോക്കു പ്രിയപ്പെട്ട ട്രിനിഡാഡ് ഫന്‍ഡഡോഴ്‌സ് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് വിറ്റത്. 24 സിഗരറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പെട്ടി ഒരു ചടങ്ങിനിടെ ഹാലറിന് സമ്മാനിക്കുകയായിരുന്നു.

 

നെല്ല് വില; സപ്ലൈകോ പിഎന്‍ബി ധാരണയായി

ഗായത്രി
കൊച്ചി: സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനായി സപ്ലൈകോ പഞ്ചാബ് നാഷണല്‍ ബാങ്കുമായി ധാരണയിലെത്തി. സി.എം.ഡി. എ.പി.എം.മുഹമ്മദ് ഹനീഷിന്റെ സാന്നിദ്ധൃത്തില്‍ ഫൈനാന്‍സ് മാനേജര്‍ പി.എസ്.അനില്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് സോണല്‍ മാനേജര്‍ വിനോദ് ജോഷി എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജര്‍ എന്‍.രഘുനാഥ്, പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ മേധാവി സൂസി ജോര്‍ജ്ജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. നെല്‍വില വിതരണത്തിന് സപ്‌ളൈകോയുമായി ധാരണയിലായ 14മത് ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ജനുവരി 31ന് അവസാനിക്കുന്ന ഒന്നാം വിളവെടുപ്പ് കാലത്ത് ആകെ 1.42 മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ ഇതുവരെ സംഭരിച്ചത്. 1.5 ലക്ഷം ടണ്ണാണ് ലക്ഷ്യം. 238 കോടി രൂപ കര്‍ഷകര്‍ക്ക് ഇതുവരെ വിതരണം ചെയ്തു.

ഭാവനയുടെ വിവാഹം 22ന് തന്നെ

ഗായത്രി
തൃശൂര്‍: നടി ഭാവനയുടെ വിവാഹം നീട്ടിയെന്ന് സോഷ്യല്‍ മീഡികളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന്് ബന്ധുക്കള്‍. കന്നട സിനിമാ നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം 22ന് തന്നെ നടക്കും. തൃശൂര്‍ കോവിലകത്തും പാടത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ. സിനിമ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി അന്നു വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌നേഹവിരുന്ന് നടത്തും.
ഭാവനയുടെ വിവാഹം മാറ്റിവച്ചുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടയിലാണ് സഹോദരന്‍ രാജേഷ് വിവാഹ തീയതി വെളിപ്പെടുത്തിയത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കുകയായിരുന്നു. നേരത്തെ എടുത്ത തീരുമാനമാണത്. വിവാഹം ഇപ്പോള്‍ വേണ്ടെന്ന് നവീന്‍ പറഞ്ഞതായ വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സഹോദരന്‍ പ്രതികരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് മാര്‍ച്ചില്‍ തൃശൂരിലാണ് നടന്നത്.
ഭാവനയുടെ ആദ്യ കന്നട ചിത്രമായ ‘റോമിയോ’ നിര്‍മ്മിച്ചത് നവീനാണ്. ആ പരിചയത്തില്‍ നിന്നാണ് സ്‌നേഹ ബന്ധം ഉടലെടുത്തത്. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഭാവനയാണ് ഇക്കാര്യം പുറത്തുവിട്ടത്.