പദ്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി

പദ്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി:
സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദസിനിമ പദ്മാവതിന് വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് സുപ്രീംകോടതി നീക്കി. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയെന്നും പ്രദര്‍ശനം തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രദര്‍ശനം നടക്കുമ്പോള്‍ അക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. സര്‍ഗാത്മകസൃഷ്ടികളുടെ കഴുത്തരിയാനുള്ള സംസ്ഥാനങ്ങളുടെ നീക്കം മനഃസാക്ഷിയെ ഞെട്ടിച്ചു എന്നാണു കോടതി പറഞ്ഞത്.
എന്നാല്‍, സുപ്രീംകോടതി ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെതന്നെ വിവിധ സംസ്ഥാനങ്ങളില്‍ സിനിമക്കെതിരേ പ്രതിഷേധം ശക്തമാക്കി. സിനിമയ്‌ക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്നു രജ്പുത് കര്‍ണിസേന പറഞ്ഞു. ബിഹാറിലെ മുസാഫര്‍പുരില്‍ അക്രമികള്‍ ഒരു തിയറ്റര്‍ തകര്‍ത്തു.
സുപ്രീംകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞു. കേസില്‍ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി വിലക്കു നീക്കിയതെന്നും വിധി വിശദമായി പരിശോധിച്ച ശേഷം അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close