ഷാരൂഖിന്റെ ഫാം ഹൗസ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

ഷാരൂഖിന്റെ ഫാം ഹൗസ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

വിഷ്ണു പ്രതാപ്
മുംബൈ: കിംഗ് ഖാന്‍ ഷാരൂഖിന്റെ ആലിബാഗിലെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് അധികൃതര്‍ കണ്ടുകെട്ടി. 2016ലെ ബിനാമി നിയമ പ്രകാരമാണ് നടപടി. മഹാരാഷ്ട്രയിലെ ആലിബാഗിലെ കടല്‍ത്തീരത്ത് പഴയ കൃഷി സ്ഥലം കൃഷി ചെയ്യാനെന്ന വ്യാജേനയാണ് ഖാന്‍ വാങ്ങിയത്. 19960 ചതുരശ്ര അടിയുള്ള കൃഷി സ്ഥലത്ത് ഖാന്‍ ഫാം ഹൗസ് കെട്ടിപ്പൊക്കുകയായിരുന്നു.
കൃഷി ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കാത്തത് കൊണ്ട് ദേജാവു ഫാംസ് എന്ന കമ്പനിയുടെ പേരിലാണ് 2004ല്‍ ഷാരൂഖ് ഖാന്‍ സ്ഥലം വാങ്ങിയത്. കൃഷിയാവശ്യത്തിന് വാങ്ങുന്നുവെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ആ സ്ഥലത്ത് പിന്നീട് ആഡംബര കെട്ടിടം നിര്‍മിക്കുകയായിരുന്നു. കൃഷി ചെയ്യാന്‍ വാങ്ങിയ സ്ഥലത്ത് കൃഷി നടത്തുകയോ വരുമാനം ഉണ്ടാക്കുകയോ ഇതുവരെ ചെയ്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നീന്തല്‍ കുളവും കടല്‍ തീരവുമുള്ള ഫാം ഹൗസാണ് ആലിബാഗില്‍ സ്ഥിതി ചെയ്യുന്നത്.
ദേജാവു ഫാംസ് എന്ന കമ്പനിയുടെ പേരില്‍ വാങ്ങിയ ഓഹരി ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും പിന്നീട് സ്വന്തമാക്കുകയായിരുന്നു. 14.67 കോടി രൂപ വില കാണിച്ചിരിക്കുന്ന ഫാം ഹൗസിന് അതിന്റെ അഞ്ചിരട്ടി വിലയെങ്കിലും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബിനാമി നിയമത്തിന്റെ പരിധിയില്‍ വരുന്നത് കൊണ്ടാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്.

Post Your Comments Here ( Click here for malayalam )
Press Esc to close