പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധന വില കുതിക്കുന്നു

പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധന വില കുതിക്കുന്നു

ഗായത്രി
കൊച്ചി: ഇന്ധന വില വര്‍ധനക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ലിറ്ററിന് 69.30 രൂപയാണ് ഞായറാഴ്ച തിരുവനന്തപുരത്തെ വില. പെട്രോള്‍ വിലയും കുതിക്കുകയാണ്. തിരുവനന്തപുരത്ത് 76.68 രൂപയായി പെട്രോള്‍ വില. മുംബൈയില്‍ 80.64 രൂപയാണ്.
അടച്ചുപൂട്ടിയ സ്വകാര്യപമ്പുകള്‍ ഇന്ധനവില കുതിച്ചതോടെ വീണ്ടും തുറന്നുതുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി എടുത്തുകളയുകയും വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തതിനു പിന്നാലെ ലാഭം പെരുകുമെന്ന് ഉറപ്പായപ്പോഴാണ ്‌സ്വകാര്യ പമ്പുകള്‍ തുറക്കുന്നത്.
സംസ്ഥാനത്ത് റിലയന്‍സിനും എസ്സാര്‍ ഓയിലിനുമായി ഇരുനൂറോളം പമ്പാണ് ഉള്ളത്. ഇതില്‍ തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നേരത്തെ അടച്ചുപൂട്ടിയ റിലയന്‍സ് പമ്പുകള്‍ വീണ്ടും തുറന്നു. മറ്റ് ജില്ലകളിലും പമ്പുകള്‍ അതിവേഗം തുറക്കാന്‍ ശ്രമം നടക്കുന്നു. പമ്പുകളുടെ എണ്ണം ഒരു വര്‍ഷത്തിനകം ഇരട്ടിയാക്കാനാണ് റിലയന്‍സും എസ്സാറും ലക്ഷ്യമിടുന്നത്. വില്‍പ്പന വര്‍ധിപ്പിക്കാനായി പൊതുമേഖലാ എണ്ണക്കമ്പനികളേക്കാള്‍ ഇന്ധനം വില കുറച്ച് നല്‍കാനും സ്വകാര്യ കമ്പനികള്‍ക്കാകും.
രണ്ടാഴ്ചയായി പെട്രോളിന് ശരാശരി 15 പൈസ വീതവും ഡീസലിന് 20 പൈസ വീതവും ഓരോ ദിവസവും കൂട്ടി. ഡീസല്‍വില കൂടിയതോടെ അവശ്യസാധനവിലയും കുതിക്കുകയാണ്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11.48 രൂപ ആയിരുന്നത് ഇപ്പോള്‍ 19.48 രൂപയാണ്. 69 ശതമാനമാണ് വര്‍ധന. ഡീസലിന്റെ കേന്ദ്രനികുതി 4.46 രൂപ ആയിരുന്നത് ഇപ്പോള്‍ 15.33 രൂപയായി.
ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത്. ഡീസല്‍വില വര്‍ധിപ്പിച്ചതോടെ ചരക്ക് കടത്ത് കൂലി കൂടി. ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 30 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close