Month: March 2019

മോട്ടോറോള മോട്ടോ ജി7 ഇന്ത്യന്‍ വിപണിയില്‍ എത്തി

ഗായത്രി-
ന്യൂഡല്‍ഹി: മോട്ടോറോളയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. മോട്ടോ ജി7 ആണ് പുതിയ മോഡല്‍. ഇന്ത്യന്‍ വിപണിയില്‍ 15,000 രൂപ മുതല്‍ 20,000 വരെയാണ് മോട്ടോ ജി 7ന്റെ വില. കറുപ്പ്, വെള്ള എന്നീ രണ്ടു നിറങ്ങളില്‍ ഉപഭേക്താക്കള്‍ക്ക് ലഭ്യമാകും. എച്ച്.ഡി പ്ലസ് വാട്ടര്‍ഡ്രോപ്പ് നോച്ചോടു കൂടിയ ഫോണിന്റെ ഡിസ്‌പ്ലേ 6.24 ഇഞ്ചാണ്.പിന്നില്‍ 12 എം പിയും 5 എം പി ഡ്യുവല്‍ ക്യാമറയോട്കൂടിയ ഫോണിന്റെ മുന്‍ ക്യാമറ എട്ട് മെഗ പിക്‌സലാണ്. 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ള ഈ ഫോണില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്.ഡി യും ഉപയോഗിക്കാം. ഒക്ടാകോര്‍ പ്രൊസസറും പുതിയ മോഡലില്‍ ഉണ്ട്. 3000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിന് ആന്‍ഡ്രോയിഡ് പൈ ആണ് ഒഎസ്.

പാവപ്പെട്ടവര്‍ക്ക് 72,000 രൂപ നല്‍കാന്‍ അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രതിവര്‍ഷം 72,000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന കോണ്‍ഗ്രസിന്റെ ‘ന്യൂനതം ആയ് യോജന പദ്ധതി നടപ്പിലാക്കാന്‍ അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന . പദ്ധതിയെപ്പറ്റി സംശയങ്ങളും വിമര്‍ശനങ്ങളും ധാരാളം ഉയരുന്ന പശ്ചത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇനിക്വാലിറ്റി ലാബാണ് പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും സാമ്പത്തിക അച്ചടക്കത്തെ തകര്‍ക്കുന്നതാണെന്നും വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ വിശദീകരണം.
പ്രതിവര്‍ഷം 72,000 കോടി രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കണമെങ്കില്‍ അതിന് പ്രതിവര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.3 ശതമാനം ചെലവഴിക്കേണ്ടതായി വരും. ഏകദേശം 2,90,000 കോടി രൂപയാണ് ഇതിനായി കണ്ടേത്തിവരിക. ഇത്രയും തുക കണ്ടെത്താന്‍ സമ്പന്നര്‍ക്ക് നികുതി ഏര്‍പ്പെടുത്തുകയാണ് കോണ്‍ഗ്രസ് പദ്ധതിയെന്നാണ് വേള്‍ഡ് ഇനിക്വാലിറ്റി ലാബിന്റെ വാദം.
രാജ്യത്തെ ജനസംഖ്യയില്‍ 0.1 ശതമാനം മാത്രം വരുന്ന 2.5 കോടിയിലധികം ആസ്തിയുള്ള സമ്പന്നര്‍ക്ക് അവരുടെ ആസ്തിയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ 2,30,000 കോടി രൂപ സര്‍ക്കാരിന് പദ്ധതിക്കായി കണ്ടെത്താന്‍ സാധിക്കും. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.1 ശതമാനം വരും ഇത്രയും തുകയെന്നും വേള്‍ഡ് ഇനിക്വാലിറ്റി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിമം വേതനം എന്നത് സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാകണം, അല്ലെങ്കില്‍ അത് തിരിച്ചടിയുണ്ടാക്കുകയും സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുമെന്നും ലൂകസ് മുന്നറിയിപ്പ് നല്‍കുന്നു.

 

സന്തോഷത്തിന്റെ കാര്യത്തില്‍ ബഹ്‌റൈന് മൂന്നേറ്റം

അളക ഖാനം-
മനാമ: സന്തോഷത്തിന്റെ കാര്യത്തില്‍ ബഹ്‌റൈന്‍ ഏറെ മുന്നില്‍. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നില പരിഗണിച്ച് തയാറാക്കിയ ‘വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2019’ ആണ് ഇക്കാര്യം പറയുന്നത്. മിഡില്‍ ഈസ്റ്റും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും പരിഗണിക്കുമ്പോള്‍ ബഹ്‌റൈന് നാലാം സ്ഥാനമാണുള്ളത്.
യു.എന്നിന് വേണ്ടി ‘സസ്റ്റയിനബിള്‍ ഡെവലപ്മന്റെ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക്’ ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മാര്‍ച്ച് 20ന് അന്താരാഷ്ട്ര സന്തോഷദിനമായിരുന്നു. ഈ വേളയിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സന്തോഷത്തിന്റെ കാര്യത്തില്‍ ബഹ്‌റൈന് ആഗോളതലത്തില്‍ 37ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം 43ാം സ്ഥാനമായിരുന്നു. ഏറെ ഉദാരതയുള്ളവരാണ് ബഹ്‌റൈനികള്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു.
അറബ് ലോകത്ത് യു.എ.ഇക്കാണ് ഒന്നാം സ്ഥാനം. ആഗോളതലത്തില്‍ യു.എ.ഇക്ക് 21ാം സ്ഥാനമാണുള്ളത്. യു.എ.ഇക്ക് പിന്നില്‍ ഖത്തറും സൗദിയുമാണുള്ളത്. ബഹ്‌റൈന് പിന്നില്‍ കുവൈത്ത് ഇടംപിടിച്ചു. മൊത്ത ആഭ്യന്തര ഉല്‍പാദനം, വരുമാനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, ഉദാരത, അഴിമതിയില്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ പരിഗണിച്ചത്.
ലോകത്തുതന്നെ ഏറ്റവുമധികം സന്തോഷമുള്ള രാജ്യം ഫിന്‍ലന്റ് ആണ്. തൊട്ടുപിന്നില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്കും നോര്‍വേയുമുണ്ട്. യു.എസിന്റെ സ്ഥാനം 19ാമതാണ്. ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്ഥാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കും ദക്ഷിണ സുഡാനുമാണ്.

നിര്‍മാല്യത്തിലെ ക്ലൈമാക്‌സ് കോപ്പിയടി: ദീദി

ഫിദ-
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ സിനിമയിലെ ശ്രദ്ധേയമായ ക്ലൈമാക്‌സ് രംഗം കോപ്പിയടിച്ചതാണെന്ന് തിരക്കഥാകൃത്തും സിനിമ പ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍. തന്റെ പിതാവ് ടി. ദാമോദരന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങള്‍’ എന്ന നാടകത്തിന്റെ അവസാനരംഗം എം.ടി കോപ്പിയടിക്കുകയായിരുന്നെന്ന് ദീദി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
പട്ടിണി മാറ്റാന്‍ ഭാര്യക്ക് ശരീരം വില്‍ക്കേണ്ടിവരുന്ന അവസ്ഥ കണ്ട് ഭര്‍ത്താവായ വെളിച്ചപ്പാട് വിഗ്രഹത്തിനുനേരെ തുപ്പി സ്വന്തം തലവെട്ടിപ്പൊളിച്ച് മരിക്കുന്ന ക്ലൈമാക്‌സ് രംഗമാണ് മോഷ്ടിച്ചതെന്ന് ദീദി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ആരോപിച്ചത്.
‘നിര്‍മാല്യ’ത്തിന് ആധാരമായ ‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന ചെറുകഥയിലോ എം.ടിയുടെ മറ്റു കഥകളിലോ അത്തരമൊരു ‘ദൈവനിന്ദ’ കണ്ടിട്ടില്ല. ഒരായുഷ്‌ക്കാലം കമ്യൂണിസ്റ്റും യുക്തിവാദിയുമായി ജീവിച്ച തന്റെ പിതാവ് ടി. ദാമോദരന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങള്‍’ എന്ന നാടകത്തില്‍നിന്നു തന്നെയാണ് ഈ രംഗമെന്ന് ബോധ്യപ്പെടാന്‍ സാമാന്യയുക്തി മതിയെന്നും ദീദി പറയുന്നു

കബീറിന്റെ ദിവസങ്ങളിലൂടെ ജഗതി മടങ്ങിവരുന്നു

അജയ് തുണ്ടത്തില്‍
മലയാളത്തിന്റെ അമ്പിളിക്കല, ജഗതിശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ”കബീറിന്റെ ദിവസങ്ങള്‍” എന്ന സിനിമയിലൂടെ മടങ്ങിയെത്തുന്നു. ഈശ്വരന്‍പോറ്റിയെന്ന ക്ഷേത്രതന്ത്രിയുടെ വേഷത്തിലാണ് ജഗതി അഭിനയിക്കുന്നത്. ഒരപകടത്തില്‍പ്പെട്ട് വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന, യഥാര്‍ത്ഥ ജീവിതാവസ്ഥയുമായി അടുത്തുനില്‍ക്കുന്ന കഥാപാത്രം.

ചന്ദ്ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത്ചന്ദ്രനും ശൈലജ ശരതും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത്ചന്ദ്രന്‍ തന്നെയാണ്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ”ഒരു ഞായറാഴ്ച” എന്ന ചിത്രം നിര്‍മ്മിച്ചതും ഇവര്‍ തന്നെയായിരുന്നു.

ജഗതി ശ്രീകുമാറിനൊപ്പം മുരളിചന്ദ്, ഭരത്, സായാേഡവിഡ് (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക), ആദിയപ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, പത്മരാജന്‍ രതീഷ്, നോബി, താരാകല്യാണ്‍, സോനാ നായര്‍, ദിനേശ് പണിക്കര്‍, കലാഭവന്‍ ഹനീഫ്, കൊച്ചുപ്രേമന്‍, ഹരികൃഷ്ണന്‍, മനോജ് ഗിന്നസ്, അസീസ്, കോട്ടയം പ്രദീപ്, ജിലു ജോസഫ്, അംബികാ മോഹന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

ബാനര്‍-ചന്ദ് ക്രിയേഷന്‍സ്, കഥ, സംവിധാനം-ശരത് ചന്ദ്രന്‍, നിര്‍മ്മാണം-ശരത് ചന്ദ്രന്‍, ശൈലജ ശരത്, തിരക്കഥ, സംഭാഷണം-ശ്രീകുമാര്‍.പി.കെ., മനീഷ് ഭാര്‍ഗ്ഗവന്‍, ഛായാഗ്രഹണം-ഉദയന്‍ അമ്പാടി, പ്രോജക്ട് ഡിസൈന്‍-
ജയറാം കൈലാസ്, ചീഫ് അസ്സോ:ഡയറക്ടര്‍-മനീഷ് ഭാര്‍ഗ്ഗവന്‍, ഗാനരചന-ഹരി നാരായണന്‍, ഷക്കീര്‍ ഹസ്മി, സംഗീതം-എം.ജയചന്ദ്രന്‍, അല്‍ഫോണ്‍സ് ജോസഫ്, അനിതാഷെയ്ഖ്, ചമയം-സജി കാട്ടാക്കട, എഡിറ്റിംഗ്-സുജിത് സഹദേവ്, കല-സതീഷ് അയ്യപ്പന്‍, കോസ്റ്റ്യും-സുഹാസ്, പ്രൊ: എക്‌സി:സജയന്‍ ഉദിയന്‍കുളങ്ങര, ഡിസൈന്‍സ്-പ്രമേഷ്, സ്റ്റില്‍സ്-ഷുമൈനസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

വിഷ്ണു പ്രതാപ്-
പട്‌ന: വിമത ബിജെപി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. തന്റെ സിറ്റിംഗ് സീറ്റായ ബിഹാറിലെ പട്‌ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചത്.
നരേന്ദ്രമോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങളോടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയില്‍ തുടര്‍ന്നിരുന്നത്. പലപ്പോഴും പരസ്യവിമര്‍ശനങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. മാത്രമല്ല ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മകളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ സജീവ സാന്നിധ്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹക്ക് സീറ്റ് നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലേക്ക് പോകാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചതെന്നാണ് വിവരം. ഇദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വെച്ചായിരിക്കും ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക.

 

കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ പുറത്തിറങ്ങാം. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഇന്നു മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകും. വിമാനത്താവള അതോറിറ്റിയുടെ ചെന്നൈയിലെ റീജ്യനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വൈകുന്നേരമാണ് ഇത് തുറന്നു കൊടുക്കുക.
നിലവിലുള്ള ആഗമന ഹാള്‍ ഇനി രാജ്യാന്തര യാത്രക്കാര്‍ക്ക് പുറപ്പെടാനുള്ള ഹാളായി മാറും. ഇതോടെ കരിപ്പൂരില്‍ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വൈകുന്നുവെന്ന പരാതിക്ക് പരിഹാരമാകും. ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചിരുന്നു.

 

മാരുതി ആള്‍ട്ടോ കെ 10

ഫിദ-
കൊച്ചി: ഒരു ലിറ്റര്‍ എന്‍ജിനുള്ള ഹ്യുണ്ടായി ഇയോണുമായി മത്സരിക്കാന്‍ മാരുതി സുസൂക്കി പുറത്തിറക്കിയ മോഡല്‍ . ആള്‍ട്ടോ 800 നോട് സമാനതയുള്ള രൂപമാണ് പുതിയ ആള്‍ട്ടോ കെ 10 ന്. ഹെഡ് ടെയ്ല്‍ ലാംപുകള്‍, ക്രോം ഗ്രില്‍ എന്നിവയിലാണ് വ്യത്യസ്തത.
ആള്‍ട്ടോ കെ 10ന്റെ ഒരു ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 67 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍, ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ( എഎംടി) വകഭേദങ്ങള്‍ ഇതിനുണ്ട്. മാരുതി സുസൂക്കിയുടെ ഏറ്റവും വില കുറഞ്ഞ എഎംടി കാറാണ് ആള്‍ട്ടോ കെ 10.

 

നിര്‍മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

എംഎം കമ്മത്ത്-
കൊച്ചി: നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട്(44) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഷഫീര്‍ സേട്ട് പരുന്ത്, കഥ പറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഐഷ. മക്കള്‍: ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍.

‘കാന്‍സര്‍’ എന്ന ചിത്രത്തിന്റെ പൂജാ, സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

എംഎം കമ്മത്ത്-
കണ്ണൂര്‍: നരിമറ്റത്തില്‍ ഫിലിംസിന്റെ ബാനറില്‍ ബിനോ ജോസഫ് (ആര്‍വിന്‍) നിര്‍മ്മിച്ച് സജീവ് കിളികുലം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കാന്‍സര്‍’ എന്ന ചലച്ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കണ്ണൂര്‍ ക്വര്‍ട്ടര്‍ മീഡിയ സ്റ്റുഡിയോവില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ഇബ്രാഹിം വേങ്ങരക്ക് കണ്ണൂര്‍ ലൈബ്രറി കൌണ്‍സില്‍ ജില്ല സെക്രട്ടറി ബൈജു ‘നാടകശ്രേഷ്ഠ’ പുരസ്‌കാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ സിനിമ നടീനടന്മാരും സാങ്കേതിക വിദഗ്ധരും മറ്റു പ്രമുഖരും പങ്കെടുത്തു. തായാട്ട് രാജേന്ദ്രന്‍, സതീന്ദ്രന്‍ പിണറായി, ആര്‍വിന്‍, സജീവ് കിളികുലം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ആര്‍വിന്‍ നായകനാവുന്ന ചിത്രത്തിന്റെ നായിക പുതുമുഖമാണ്. ഇബ്രാഹിം വെങ്ങരയും രാജേന്ദ്രന്‍ തായട്ടും മട്ടന്നൂര്‍ ശിവദാസനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സോണിയ മല്‍ഹര്‍, രസൂര്‍, അനുസ്മിക, ബിന്ദുശ്രീ, കൃഷ്‌ണേന്ദു, ബിന്ദു ജയന്‍, സുധാകരന്‍, കെവി സതീന്ദ്രന്‍, എന്നിവര്‍ക്ക് പുറമേ മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കാന്‍സര്‍ എന്ന രോഗത്തിന്റെ പഠനവും ഗവേഷണവും സന്ദേശവും ഉള്‍ക്കൊള്ളുന്ന കഥാ ചിത്രമായിരിക്കും ഇത് എന്ന് സംവിധായകന്‍ ബിസ്‌ന്യൂസ് ഇന്ത്യയോട് പറഞ്ഞു.
ക്യാമറ രഘു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫ്, സംഗീതം ആനന്ദ് കുമാര്‍, കല വിജീഷ് മെനോറ, സംവിധാന സഹായം അരുണ്‍ ശൈലേന്ദ്ര. പിആര്‍ഓ റഹിം പനവൂര്‍, സൗണ്ട് എഞ്ചിനീയര്‍ ചരണ്‍ വിനായക്, എഡിറ്റിംഗ് ആന്റണി ജിജിന്‍ എജെ.