Month: March 2019

കാഷ്‌ലെസ് ഇക്കോണമി പരാജയം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നോട്ട് നിരോധനം പരാജയമെന്ന് തെളിയിച്ച് കണക്കുകള്‍. നോട്ട് നിരോധനത്തിന്റെപ്രധാന ലക്ഷ്യങ്ങളിലൊന്നായ പണരഹിത സമ്പദ്‌വ്യവസ്ഥ പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത്.
2019 മാര്‍ച്ച് 15ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 21.47 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് നിലവിലുള്ളത്. നോട്ട് നിരോധനത്തിന് മുമ്പ് ഇത് 17.97 ലക്ഷം കോടി രൂപ മാത്രമായിരുന്നു. നോട്ട് നിരോധനത്തിന് ശേഷവും സമ്പദ്‌വ്യവസ്ഥയില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ അളവ് കുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെന്ന നോട്ട് നിരോധനത്തിന്റെ ലക്ഷ്യം പൂര്‍ണമായും പരാജയപ്പെട്ടുവെന്നത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന കണക്കുകള്‍.
എന്നാല്‍, തെരഞ്ഞെടുപ്പ് കാലത്ത് പൊതുവില്‍ കറന്‍സിയുടെ ഉപയോഗം വര്‍ധിക്കാറുണ്ടെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. ഉല്‍സവകാല സീസണിലും കറന്‍സി ഉപയോഗം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ എ.ടി.എം കൗണ്ടറുകള്‍ വഴിയുള്ള ഇടപാടുകളും വര്‍ധിക്കുകയാണ്. 2016 നവംബറില്‍ പിന്‍വലിച്ച കറന്‍സികളില്‍ ഭൂരിപക്ഷവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

സ്വര്‍ണ വിലയില്‍ വര്‍ധന

ഫിദ-
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 24,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വളര്‍ച്ചാ നിരക്ക് കുറയും

ഫിദ-
കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) സംബന്ധിച്ച ഫോര്‍കാസ്റ്റ് വെട്ടിച്ചുരുക്കി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. 201920 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് മുമ്പ് പ്രവചിച്ചതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്.
ജിഡിപിയില്‍ 7 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് 6.8 വളര്‍ച്ച മാത്രമേ ഉണ്ടാകുവെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത വര്‍ഷം 7.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 201819 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ഉയര്‍ച്ചയാണ് ഫോര്‍കാസ്റ്റ്.
നാണയപ്പെരുപ്പത്തിലെ കുറവ് മൂലം ആര്‍ബിഐ പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് വെട്ടിക്കുറക്കുമെന്നാണ് കരുതുന്നതെന്നും ഫിച്ച് പറയുന്നു.

ജിഎസ്ടി; റിയല്‍ എസ്‌റ്റേറ്റില്‍ വലിയ മാറ്റങ്ങള്‍

ഗായത്രി-
കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ബില്‍ഡര്‍മാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പുതിയ ജിഎസ്ടി നിരക്കോ പഴയ ജിഎസ്ടി നിരക്കോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം. നിര്‍മാണത്തിലിരിക്കുന്ന പ്രോജക്ടുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റോടുകൂടിയ ഉയര്‍ന്ന ജിഎസ്ടി അല്ലെങ്കില്‍ ഐടിസി ഇല്ലാത്ത കുറഞ്ഞ ജിഎസ്ടി ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം.
ചെലവു കുറഞ്ഞ വീടുകള്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമായും മറ്റുള്ള വീടുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും നികുതി കുറക്കാന്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു.
45 ലക്ഷം രൂപവരെയുള്ളവയെയാണ് ചെലവ് കുറഞ്ഞ വീടുകള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതും മറ്റിടങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതുമാണ് അഫൊഡബിള്‍ വിഭാഗത്തില്‍ പെടുക.
നികുതി കുറക്കുമ്പോള്‍ ബില്‍ഡര്‍മാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നതുകൊണ്ടാണ് പഴയ നികുതി നിരക്കോ പുതിയ നികുതി നിരക്കോ സ്വീകരിക്കാന്‍ അവസരം നല്‍കാന്‍ ചൊവ്വാഴ്ച്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. മാര്‍ച്ച് 31ന് നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടുകളെയാണ് നിര്‍മാണത്തിലിരിക്കുന്നവയായി കണക്കാക്കുക. ഏതു നിരക്ക് വേണമെന്ന് തീരുമാനിക്കാന്‍ ഒറ്റത്തവണയേ അവസരമുണ്ടാകൂ.
ഐടിസി ഇല്ലാത്ത പുതിയ നിരക്കുകള്‍ ബാധകമാവുക ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മാണം തുടങ്ങുന്ന പ്രോജക്ടുകള്‍ക്കാണ്.
രണ്ടു നിരക്കുകളില്‍ ഏതുവേണമെന്ന് തീരുമാനിക്കാന്‍ ബില്‍ഡര്‍മാര്‍ക്ക് ഒരു നിശ്ചിത സമയം അനുവദിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമേ ഇതിന്റെ തീയതി തീരുമാനിക്കൂ.

ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഇനി ഡിസ്‌നിക്ക്

ഫിദ-
കൊച്ചി: റുപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്‌നിക്ക് സ്വന്തം. മര്‍ഡോക്കിന്റെ ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്’ 71 ബില്യണ്‍ (7100 കോടി) ഡോളറിന് ഏറ്റെടുത്തുകൊണ്ടുള്ള ഡീല്‍ മാര്‍ച്ച് 20നാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്. ഈ ഡീലോടുകൂടീ ഫോക്‌സിന്റെ ഉടമസ്ഥതയിലായിരുന്ന സ്റ്റാര്‍ ഇന്ത്യയും വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട് സ്റ്റാറും ഡിസ്‌നിക്ക് സ്വന്തമാകും. സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായിരുന്ന ഏഷ്യാനെറ്റും ഇനി ഡിസ്‌നിയുടെ ഉടമസ്ഥതയിലായിരിക്കും.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാറിന് പ്രാദേശിക ഭാഷകളില്‍ നിരവധി സ്‌പോര്‍ട്‌സ്, വിനോദ ചാനലുകളുമുണ്ട്. ഇവയെല്ലാം ഇനി ഡിസ്‌നിയുടെ ഉടമസ്ഥതയില്‍ എത്തും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി ഭാഷകളിലുള്ള എന്റര്‍ടൈന്‍മെന്റ് ചാനലുകളുള്‍പ്പെടെ 77 ചാനലുകള്‍ ഡിസ്‌നിക്ക് ലഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബ്രോഡ്!കാസ്റ്റിംഗ് അവകാശം. ഇത്തവണത്തെ ഐപിഎല്ലില്‍ 2100 കോടി രൂപയുടെ പരസ്യ വരുമാനമാണ് സ്റ്റാര്‍ പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ഡിറ്റിഎച്ച് സേവന ദാതാവായ ടാറ്റ സ്‌കൈ, പ്രൊഡക്ഷന്‍ കമ്പനിയായ ഇന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ എന്നിവയും ഡിസ്‌നിക്ക് ലഭിക്കും.
സ്റ്റാര്‍ ഇന്ത്യ കൂടാതെ, ഡിസ്‌നിയുടെ ഉടമസ്ഥതയില്‍ വരുന്ന മറ്റ് ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ബിസിനസുകള്‍ ഇവയാണ്: നാഷണല്‍ ജിയോഗ്രഫിക് പാര്‍ട്ണര്‍സ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ്, ഫോക്‌സ് സേര്‍ച്ച് ലൈറ്റ് പിക്‌ചേഴ്‌സ്, ഫോക്‌സ് 2000 പിക്‌ചേഴ്‌സ്, ഫോക്‌സ് ഫാമിലി, ഫോക്‌സ് അനിമേഷന്‍, ടെലിവിഷന്‍ ക്രീയേറ്റീവ് യൂണിറ്റുകള്‍, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ് ടെലിവിഷന്‍, എഫ്എക്‌സ് പ്രൊഡക്ഷന്‍സ്, ഫോക്‌സ് 21, എഫ്എക്‌സ് നെറ്റ്വര്‍ക്‌സ്, ഫോക്‌സ് നെറ്റ്വര്‍ക്‌സ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍.
ഡീല്‍ ഔദ്യോഗികമായതിന് പിന്നാലെ ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സിനെ കേന്ദ്രീകരിച്ച് സീനിയര്‍ തലത്തിലുള്ളവരെ പിരിച്ചു വിടാന്‍ ആരംഭിച്ചിരിക്കുകയാണ് ഡിസ്‌നി.

നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു

ഫിദ-
ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജിനെതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തു.
ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നടന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ചിരുന്നു ഇതാണ് പരാതിക്കിടയാക്കിയത്.

നോട്ട് അസാധുവാക്കലിന് ശേഷവും കറന്‍സി നോട്ടിന്റെ എണ്ണത്തില്‍ വര്‍ധന

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സി നോട്ടിന്റെ എണ്ണം 19.14 % വര്‍ധിച്ച് 21.14 ലക്ഷം കോടിയിലെത്തിയെന്ന് സൂചന. നവംബര്‍ 4, 2016ല്‍ 17.97 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് 15 ഓടു കൂടി അത് 21.41 ലക്ഷമായി വര്‍ധിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ച് നോട്ടിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിപിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 2018ല്‍ 18.29 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ടാണ് 21.41 ലക്ഷമായത്.
2016 നവംബര്‍ 8 നാണ് സര്‍ക്കാര്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നത്. ജനുവരി 2017ഓടു കൂടി പ്രചാരത്തിലുള്ള നോട്ട് 9 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. വിവിധതരം ക്രയവിക്രയങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാട് പ്രോത്‌സാഹിപ്പിച്ചിട്ടു പോലും നോട്ടിന്റെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായത്. ബാങ്കുകളിലെ നിക്ഷേപനിരക്കും കുറഞ്ഞിട്ടുണ്ട്.

സംവിധായകന്‍ കെ ജി രാജശേഖരന്‍ അന്തരിച്ചു

ഗായത്രി-
ചെന്നൈ: പഴയകാല സംവിധായകന്‍ കെ ജി രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പിന്നണി ഗായിക അമ്പിളിയുടെ ഭര്‍ത്താവാണ്. രാഘവേന്ദ്രന്‍, രഞ്ജിനി എന്നിവരാണ് മക്കള്‍.
1968 ല്‍ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് എം കൃഷ്ണന്‍ നായര്‍, തിക്കുറിശ്ശി എന്നിവരുടെ പ്രധാനസഹായിയായി പ്രവര്‍ത്തിച്ചു. ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്മതീര്‍ത്ഥം, വെല്ലുവിളി, ഇന്ദ്രധനുസ്സ്, യക്ഷിപ്പാറു, ഇവള്‍ ഈ വഴി ഇതുവരെ, അന്തഃപുരം,അവന്‍ ഒരു അഹങ്കാരി, സാഹസം, പാഞ്ചജന്യം, മാറ്റുവിന്‍ ചട്ടങ്ങളേ, ചമ്പല്‍ക്കാട്,ബീഡിക്കുഞ്ഞമ്മ, ശാരി അല്ല ശാരദ, മൈനാകം, ചില്ലുകൊട്ടാരം, തൊഴില്‍ അല്ലെങ്കില്‍ ജയില്‍,സിംഹാധ്വനി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

കാര്‍ത്തിക്ക് രഷ്മികാ നായിക

ഗായത്രി-
കാര്‍ത്തി നായകനായുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ആര്‍. പ്രകാശ് ബാബും എസ്. ആര്‍. പ്രഭുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ ഭാഗ്യരാജ് കണ്ണനാണ് സംവിധായകന്‍. രഷ്മികാ മന്ദാനയാണ് നായിക. കാര്‍ത്തിയുടെ പത്തൊമ്പതാമത്തെ ചിത്രമാണിത്. കൈദി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാര്‍ത്തി ആ ചിത്രം പൂര്‍ത്തിയായതിനുശേഷം ഭാഗ്യരാജ് കണ്ണന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

 

രൂപക്ക് 13 പൈസ നേട്ടം

രാംനാഥ് ചാവ്‌ല-
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനു അതേ നാണയത്തില്‍ മറുപടി പറഞ്ഞു രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ 13 പൈസ നേട്ടത്തില്‍ 68.83ലാണു രൂപ വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണികള്‍ നിറംമങ്ങുമ്പോഴും പ്രാദേശിക ഓഹരി വിപണികളിലേക്കുള്ള വദേശനിക്ഷേപം തുടര്‍ന്നതാണു രൂപയുടെ നേട്ടത്തിനു കാരണം.
ഇന്ത്യന്‍ വിപണിയിലുള്ള വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. യു.എസ്. ഫെഡ് റിസര്‍വ് യോഗ തീരുമാനങ്ങള്‍ വരാനിരിക്കേ ഡോളറിനു തളര്‍ച്ച പ്രകടമാണ്. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനുമേല്‍ നേട്ടമുണ്ടാക്കിയതും രൂപ്ക്കു കൂട്ടായി. കയറ്റുമതിക്കാരും വിദേശബാങ്കുകളും വിപണിയില്‍ ഡോളറിനായി നിലകൊണ്ടു. ചൊവാഴ്ച രൂപ ഡോളറിനെതിരേ 43 പൈസ വീണിരുന്നു. 1,771.61 കോടി രൂപയുടെ വിദേശനിക്ഷേപമാണ് ഇന്നലെ വിപണികളിലെത്തിയത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതും രൂപയ്ക്കു അനുകൂലമായി.
എണ്ണ ബാരലിന് 67.39 ആണ് ഡോളറാണ് നിലവാരം. ഡോളറിനെതരേ രൂപയുടെ റഫറന്‍സ് മൂല്യം 68.86 ആയി ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് പുതുക്കി നിശ്ചയിച്ചു. യൂറോ, പൗണ്ട് എന്നിവയുടെ നിരക്ക് യഥാക്രമം 78.14, 91.28 എന്നിങ്ങനെയാണ്.