ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഇനി ഡിസ്‌നിക്ക്

ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഇനി ഡിസ്‌നിക്ക്

ഫിദ-
കൊച്ചി: റുപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്‌നിക്ക് സ്വന്തം. മര്‍ഡോക്കിന്റെ ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്’ 71 ബില്യണ്‍ (7100 കോടി) ഡോളറിന് ഏറ്റെടുത്തുകൊണ്ടുള്ള ഡീല്‍ മാര്‍ച്ച് 20നാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്. ഈ ഡീലോടുകൂടീ ഫോക്‌സിന്റെ ഉടമസ്ഥതയിലായിരുന്ന സ്റ്റാര്‍ ഇന്ത്യയും വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട് സ്റ്റാറും ഡിസ്‌നിക്ക് സ്വന്തമാകും. സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായിരുന്ന ഏഷ്യാനെറ്റും ഇനി ഡിസ്‌നിയുടെ ഉടമസ്ഥതയിലായിരിക്കും.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാറിന് പ്രാദേശിക ഭാഷകളില്‍ നിരവധി സ്‌പോര്‍ട്‌സ്, വിനോദ ചാനലുകളുമുണ്ട്. ഇവയെല്ലാം ഇനി ഡിസ്‌നിയുടെ ഉടമസ്ഥതയില്‍ എത്തും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി ഭാഷകളിലുള്ള എന്റര്‍ടൈന്‍മെന്റ് ചാനലുകളുള്‍പ്പെടെ 77 ചാനലുകള്‍ ഡിസ്‌നിക്ക് ലഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബ്രോഡ്!കാസ്റ്റിംഗ് അവകാശം. ഇത്തവണത്തെ ഐപിഎല്ലില്‍ 2100 കോടി രൂപയുടെ പരസ്യ വരുമാനമാണ് സ്റ്റാര്‍ പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ഡിറ്റിഎച്ച് സേവന ദാതാവായ ടാറ്റ സ്‌കൈ, പ്രൊഡക്ഷന്‍ കമ്പനിയായ ഇന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ എന്നിവയും ഡിസ്‌നിക്ക് ലഭിക്കും.
സ്റ്റാര്‍ ഇന്ത്യ കൂടാതെ, ഡിസ്‌നിയുടെ ഉടമസ്ഥതയില്‍ വരുന്ന മറ്റ് ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ബിസിനസുകള്‍ ഇവയാണ്: നാഷണല്‍ ജിയോഗ്രഫിക് പാര്‍ട്ണര്‍സ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ്, ഫോക്‌സ് സേര്‍ച്ച് ലൈറ്റ് പിക്‌ചേഴ്‌സ്, ഫോക്‌സ് 2000 പിക്‌ചേഴ്‌സ്, ഫോക്‌സ് ഫാമിലി, ഫോക്‌സ് അനിമേഷന്‍, ടെലിവിഷന്‍ ക്രീയേറ്റീവ് യൂണിറ്റുകള്‍, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ് ടെലിവിഷന്‍, എഫ്എക്‌സ് പ്രൊഡക്ഷന്‍സ്, ഫോക്‌സ് 21, എഫ്എക്‌സ് നെറ്റ്വര്‍ക്‌സ്, ഫോക്‌സ് നെറ്റ്വര്‍ക്‌സ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍.
ഡീല്‍ ഔദ്യോഗികമായതിന് പിന്നാലെ ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സിനെ കേന്ദ്രീകരിച്ച് സീനിയര്‍ തലത്തിലുള്ളവരെ പിരിച്ചു വിടാന്‍ ആരംഭിച്ചിരിക്കുകയാണ് ഡിസ്‌നി.

Post Your Comments Here ( Click here for malayalam )
Press Esc to close