ജിഎസ്ടി; റിയല്‍ എസ്‌റ്റേറ്റില്‍ വലിയ മാറ്റങ്ങള്‍

ജിഎസ്ടി; റിയല്‍ എസ്‌റ്റേറ്റില്‍ വലിയ മാറ്റങ്ങള്‍

ഗായത്രി-
കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ബില്‍ഡര്‍മാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പുതിയ ജിഎസ്ടി നിരക്കോ പഴയ ജിഎസ്ടി നിരക്കോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം. നിര്‍മാണത്തിലിരിക്കുന്ന പ്രോജക്ടുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റോടുകൂടിയ ഉയര്‍ന്ന ജിഎസ്ടി അല്ലെങ്കില്‍ ഐടിസി ഇല്ലാത്ത കുറഞ്ഞ ജിഎസ്ടി ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം.
ചെലവു കുറഞ്ഞ വീടുകള്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമായും മറ്റുള്ള വീടുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും നികുതി കുറക്കാന്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു.
45 ലക്ഷം രൂപവരെയുള്ളവയെയാണ് ചെലവ് കുറഞ്ഞ വീടുകള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതും മറ്റിടങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയ ഉള്ളതുമാണ് അഫൊഡബിള്‍ വിഭാഗത്തില്‍ പെടുക.
നികുതി കുറക്കുമ്പോള്‍ ബില്‍ഡര്‍മാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നതുകൊണ്ടാണ് പഴയ നികുതി നിരക്കോ പുതിയ നികുതി നിരക്കോ സ്വീകരിക്കാന്‍ അവസരം നല്‍കാന്‍ ചൊവ്വാഴ്ച്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. മാര്‍ച്ച് 31ന് നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടുകളെയാണ് നിര്‍മാണത്തിലിരിക്കുന്നവയായി കണക്കാക്കുക. ഏതു നിരക്ക് വേണമെന്ന് തീരുമാനിക്കാന്‍ ഒറ്റത്തവണയേ അവസരമുണ്ടാകൂ.
ഐടിസി ഇല്ലാത്ത പുതിയ നിരക്കുകള്‍ ബാധകമാവുക ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മാണം തുടങ്ങുന്ന പ്രോജക്ടുകള്‍ക്കാണ്.
രണ്ടു നിരക്കുകളില്‍ ഏതുവേണമെന്ന് തീരുമാനിക്കാന്‍ ബില്‍ഡര്‍മാര്‍ക്ക് ഒരു നിശ്ചിത സമയം അനുവദിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമേ ഇതിന്റെ തീയതി തീരുമാനിക്കൂ.

Post Your Comments Here ( Click here for malayalam )
Press Esc to close