വേനലവധി; വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

വേനലവധി; വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

ഫിദ-
കൊച്ചി: വേനലവധിയായതോടെ വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുളള വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ ഗള്‍ഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്ക് മുന്‍നിര്‍ത്തിയാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്. ദുബായിലേക്ക് 5,000 രൂപവരെയുളള നിരക്ക് 18,000 രൂപവരെ നല്‍കേണ്ട അവസ്ഥയാണ്. ഷാര്‍ജ, അബുദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നല്‍കണം. ജിദ്ദയിലേക്ക് നിലവില്‍ 15,500 രൂപക്ക് ലഭിക്കുന്ന നിരക്ക് 26,000 രൂപയായി ഉയര്‍ത്തി. റിയാദിലേക്ക് 12,400 രൂപയില്‍നിന്ന് 24,000 രൂപയിലേക്കും ദമാമിലേക്ക് 22,000 രൂപയായും ഉയര്‍ന്നു.
ദോഹ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ രാജ്യങ്ങളിലേക്കും നിലവിലെ നിരക്കിനേക്കാളും 5,000 മുതല്‍ 10,000വരെ വര്‍ധനവുണ്ട്.
അതിനിടെ ഗള്‍ഫില്‍നിന്നുള്ള നിരക്കും ഏപ്രില്‍ മധ്യത്തോടെ വര്‍ധിക്കും. റംസാന്‍ മേയ് ആദ്യത്തില്‍ ആരംഭിക്കുന്നതിനാല്‍ ഗള്‍ഫില്‍നിന്നുള്ള തിരക്കും കൂടും. ഏപ്രില്‍ ആദ്യത്തില്‍ ഗള്‍ഫിലേക്ക് വിമാന ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നുമുതല്‍ വേനല്‍ക്കാല വിമാന സമയക്രമം നിലവില്‍വരും. പുതിയ ഷെഡ്യൂള്‍ പ്രകാരം കോഴിക്കോട് ജിദ്ദ, കോഴിക്കോട് ബെംഗളൂരു സെക്ടറുകളില്‍ സ്‌പൈസ്‌ജെറ്റ് ആഴ്ചയില്‍ എല്ലാദിവസവും പുതിയ സര്‍വീസുകള്‍ നടത്തും.
കോഴിക്കോട് മുംബൈ സെക്ടറില്‍ ജെറ്റ് എയര്‍വേസും ഡല്‍ഹി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യയും സര്‍വീസ് തുടങ്ങുന്നുണ്ട്. സ്‌പൈസ്‌ജെറ്റ് സര്‍വീസുകള്‍ ഏപ്രില്‍ 20 മുതലാണ് ആരംഭിക്കുന്നത്.
എയര്‍ഇന്ത്യ ഏപ്രില്‍ രണ്ടുമുതലാണ് കോഴിക്കോട് കണ്ണൂര്‍ ഡല്‍ഹി സെക്ടറില്‍ സര്‍വീസ് നടത്തുക. തിങ്കള്‍, വ്യാഴം ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. ജെറ്റ് എയര്‍വേസിന്റെ സര്‍വീസ് മേയ് ഒന്നിനും പുനരാരംഭിക്കും.
ഇതിനുപുറമെ ഇന്‍ഡിഗോയുടെ ഡല്‍ഹി, ഹൈദരാബാദ് സര്‍വീസും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ എയര്‍ഇന്ത്യയുടെ കോഴിക്കോട് ജിദ്ദ, റിയാദ്, എമിറേറ്റ്‌സിന്റെ കോഴിക്കോട് ദുബായ് സര്‍വീസുകളും പുനരാരംഭിക്കും. മേയ് മൂന്നുമുതല്‍ എയര്‍ ഇന്ത്യ എയര്‍ ബസ് നിയോ വിമാനം ഉപയോഗിച്ച് റിയാദിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close