കുപ്പിവെള്ളത്തിന് വിലകുറക്കാനുള്ള തീരുമാനം കുപ്പിയില്‍ത്തന്നെ

കുപ്പിവെള്ളത്തിന് വിലകുറക്കാനുള്ള തീരുമാനം കുപ്പിയില്‍ത്തന്നെ

ഗായത്രി-
കൊച്ചി: വിലകുറക്കാനുള്ള തീരുമാനം കുപ്പിയില്‍ത്തന്നെയിരിക്കുമ്പോള്‍ കടുത്ത വേനലില്‍ കേരളത്തില്‍ കുപ്പിവെള്ളവില പൊള്ളുന്നു. അസോസിയേഷനും സര്‍ക്കാരും വിലകുറക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപ തന്നെ.
ഒരു ലിറ്റര്‍ വെള്ളത്തിന് 12 രൂപയാക്കി കുറക്കാന്‍ കുപ്പിവെള്ള നിര്‍മാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഒരുവര്‍ഷംമുമ്പ് തീരുമാനിച്ചിരുന്നു. വില 13 രൂപയാക്കി നിശ്ചയിച്ച് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് സര്‍ക്കാരും പറഞ്ഞു. ഇതുരണ്ടും നടപ്പായില്ല. വലിയ കമ്പനികളുടെ താല്‍പ്പര്യപ്രകാരം തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.
കേരളത്തില്‍ നൂറ്റിയമ്പതോളം കമ്പനികള്‍ക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സുള്ളത്. എട്ടുരൂപ നിര്‍മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയില്‍ ഉള്‍പ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിജപ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു. പിന്നീട് പലവട്ടം ഇക്കാര്യത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.