Month: December 2017

സൗദിയില്‍ ബോണ്‍ എ കിംഗ് പ്രദര്‍ശനത്തിനെത്തും

അളക ഖാനം
മനാമ: മൂന്നു പതിറ്റാണ്ടിലേറെയായി സൗദിയില്‍ തുടരുന്ന സിനിമാവിലക്കിന് അവസാനമാവുന്നു. വിലക്ക് നീക്കിക്കൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടതോടെയാണ് സൗദിയില്‍ സിനിമാപ്രദര്‍ശനത്തിന് വഴിയൊരുങ്ങുക. സൗദി മുന്‍ രാജാവ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കഥ പറയുന്ന ബോണ്‍ എ കിംഗ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ചിത്രം ബ്രിട്ടനില്‍ പണിപ്പുരയിലാണ്. ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാവും.
ലോഡ് കഴ്‌സണ്‍, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ തുടങ്ങിയ ബ്രിട്ടീഷ് നേതാക്കളുമായി കൂടിയാലോചന നടത്താന്‍ ഫൈസല്‍ രാജാവിനെ 14ാം വയസ്സില്‍ ഇംഗ്ലണ്ടിലേക്കയച്ചതാണ് സിനിമയുടെ പ്രമേയം. വൈദേശികവും സ്വദേശീയവുമായി അക്കാലത്ത് സൗദി അറേബ്യ കടന്നുപോയ വെല്ലുവിളികളാണ് സിനിമയിലെ ഇതിവൃത്തം.
അന്താരാഷ്ട്ര റിലീസിനുമുമ്പ് ചിത്രം റിയാദില്‍ പ്രദര്‍ശിപ്പിക്കും. ഹെന്ററി ഫിറ്റ്്‌സ്ബര്‍ട് കഥയെഴുതുന്ന സിനിമ അഗസ്റ്റി വില്ലാറോംഗയാണ് സംവിധാനം ചെയ്യുന്നത്. ഹെര്‍മിയോണ്‍ കോര്‍ഫീല്‍ഡ്, എഡ് സ്‌ക്രെയിന്‍, ലോറന്‍സ് ഫോക്‌സ്, ജെയിംസ് ഫ്‌ലീറ്റ്, കെന്നത്ത് ക്രാന്‍ഹാം, എയ്ഡന്‍ മക്കാര്‍ഡില്‍, ഡില്യാന ബോക്‌ലീവ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും.
അതേസമയം, സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രം രജനികാന്തിന്റെ 2.0 ആയിരിക്കുമെന്നാണ് സൂചന.

ജിഎസ്ടി വരുമാനം കുറഞ്ഞു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: നവംബറിലെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം 80,808 കോടി രൂപയായി കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം മാസമാണ് ജിഎസ്ടി വരുമാനം കുറയുന്നത്. ഒക്‌ടോബറില്‍ 83,000 കോടി രൂപയായിരുന്നു ജിഎസ്ടി ഇനത്തില്‍ ലഭിച്ചത്.
ഈ മാസം 25 വരെ ശേഖരിച്ച നവംബറിലെ ജിഎസ്ടി വരുമാനം 80,808 കോടി രൂപയാണെന്നും 53.06 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലഭിച്ച തുകയില്‍ 7,798 കോടി രൂപ കോമ്പന്‍സേഷന്‍ സെസ് ആണ്. കൂടാതെ 13,089 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 18,650 കോടി രൂപ സംസ്ഥാന ജിഎസ്ടിയും 41,270 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്.

ചില ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ഗുഡ്‌ബൈ പറയും

ഫിദ
കൊച്ചി: ഈ വര്‍ഷം അവസാനിക്കുന്നതോടെ നിങ്ങളുടെ ഫോണില്‍ നിന്നും ചിലപ്പോള്‍ വാട്‌സാപ്പ് കാണാതായേക്കാം. തെരഞ്ഞെടുത്ത ചില സ്മാര്‍ട്ട് ഫോണില്‍ നിന്നും വാട്‌സാപ്പിന്റെ സേവനം ഡിസംബര്‍ 31ന് ശേഷം നിര്‍ത്തലാക്കാനാണ് ഫേസ്ബുക്കിന്റെ നീക്കം.
ബ്ലാക്‌ബെറി ഒ.എസ്, ബ്ലാക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അതിനുമുമ്പേയുള്ള ഒ.എസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് കമ്പനി സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഭാവിയില്‍ വാട്‌സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഈ ഫോണുകളില്‍ ഇല്ലാത്തതാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഈ ഫോണുകളില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചില ഫീച്ചറുകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.
മുകളില്‍ പറഞ്ഞ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആന്‍ഡ്രോയ്ഡ് 4.0, ഐ.ഒ.എസ് 7 ന്‌ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ, അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്‌സാപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിന് ശേഷം നോക്കിയ എസ് 40 യില്‍ വാട്‌സാപ്പ് ലഭിക്കില്ല. ആന്‍ഡ്രോയ്ഡ് 2.3.7 നു മുമ്പുള്ള പതിപ്പുകളില്‍ ഫെബ്രുവരി ഒന്നിനുശേഷവും വാട്‌സാപ്പ് ലഭിക്കില്ല.

എയര്‍ ഡെക്കാന്‍ വീണ്ടും ആരംഭിച്ചു

രാംനാഥ് ചാവ്‌ല
മുംബൈ: രാജ്യത്തെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഡെക്കാന്‍ വീണ്ടും ആരംഭിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് 2008ല്‍ പ്രവര്‍ത്തനം മതിയാക്കിയ കമ്പനി ഉദാന്‍ പദ്ധതിയുമായി സഹകരിച്ചാണ് സര്‍വീസ് വീണ്ടും പുനരാരംഭിച്ചത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജല്‍ഗാവിലേക്കാണ് നീണ്ട ഇടവേളക്കുശേഷം എയര്‍ഡെക്കാന്‍ ഡിഎന്‍ 1320 വിമാനം സര്‍വീസ് നടത്തിയത്.

മോഹിനി വൈറലാവുന്നു

ഗായത്രി
തൃഷ നായികയാവുന്ന ഹൊറര്‍ സിനിമ ‘മോഹിനി’യുടെ ട്രെയിലര്‍ വൈറലാവുന്നു. എട്ടു കൈകളുള്ള തൃഷയെ ആണ് ട്രെയിലറില്‍ കാണാനാവുക. കൈകളില്‍ വാള്‍ അടക്കമുള്ള ആയുധങ്ങളും കാണാം. ഇതിനോടകം തന്നെ ട്രെയിലര്‍ എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. സസ്‌പെന്‍സും ഹൊററും കോര്‍ത്തിണക്കിയ ചിത്രം ആര്‍.മാധേഷ് ആണ് സംവിധാനം ചെയ്യുന്നത്. ജാക്കി ഭഗ്‌നാനി, പൂര്‍ണിമ ഭാഗ്യരാജ്, യോഗിബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാവും ചിത്രത്തിലുടനീളമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രിന്‍സി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലണ്ടനിലാണ് മോഹിനിയുടെ ഷൂട്ടിംഗ്. നേരത്തെ നായകി എന്ന ഹൊറര്‍ ചിത്രത്തിലും തൃഷ അഭിനയിച്ചിരുന്നു.

2018ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥ ആവും

വിഷ്ണു പ്രതാപ്
ലണ്ടന്‍: അടുത്ത വര്‍ഷത്തോടെ ബ്രിട്ടനെയും ഫ്രാന്‍സിനെയും കവച്ച് വച്ച് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്്‌വ്യവസ്ഥ ആവുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 15 വര്‍ഷത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ 10 സമ്പദ്‌വ്യവസ്ഥകളെ പിന്നിലാക്കി ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകള്‍ മേല്‍ക്കൈ നേടുമെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചി (സെബര്‍)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2032ല്‍ അമേരിക്കയെ മറികടന്ന് ചൈന ലോക ഒന്നാം നമ്പര്‍ സമ്പദ്‌വ്യവസ്ഥ ആവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തിരിച്ചടികളും പ്രതിസന്ധികളും ഉണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസഥ ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയെക്കാള്‍ മെച്ചപ്പെട്ടതാണ്. നോട്ട്‌നിരോധനത്തെയും ജി.എസ്.ടിയേയും തുടര്‍ന്ന് മന്ദത ഉണ്ടായെന്നത് വാസ്തവമാണെന്നും സെബര്‍ ചെയര്‍മാന്‍ ഡഗ്ലസ് മക്‌വില്യംസ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോവാനുള്ള ബ്രിട്ടന്റെ തീരുമാനമായ ബ്രിക്‌സിറ്റ് ഉണ്ടാക്കുന്ന പ്രത്യാഘാതം പ്രതീക്ഷിച്ചതിനെക്കാള്‍ ചെറുതായിരിക്കും. അടുത്ത രണ്ടു വര്‍ഷം ഫ്രാന്‍സിന് പുറകിലായിരിക്കും ബ്രിട്ടനെങ്കിലും 2020ഓടെ ഫ്രാന്‍സിനെ മറികടന്ന് ബ്രിട്ടന്‍ മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീണ്ടും വാനാക്രൈ മോഡല്‍ സൈബര്‍ ആക്രമണം

ഗായത്രി
തിരു: കേരളത്തില്‍ വീണ്ടും വാനാ ക്രൈ മോഡല്‍ സൈബര്‍ ആക്രമണം. തിരുവനന്തപുരത്തെ മെര്‍കന്റൈല്‍ സഹകരണ ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയാണ് സൈബര്‍ ആക്രമണത്തിനിരയായത്. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് തിരിച്ച് കിട്ടണമെങ്കില്‍ ബിറ്റ് കോയിനായി പണം കൈമാറണമെന്നാണ് ആവശ്യം.
വിദേശത്ത് നിന്നാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. ഫയലുകള്‍ തുറക്കാനാവാത്തതിനാല്‍ ബാങ്ക് അധികൃതര്‍ പരാതിപ്പെടുകയായിരുന്നു. സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാങ്കിന്റെ സെര്‍വറുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടര്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. തുടര്‍ന്ന് സ്‌ക്രീനില്‍ ഫയല്‍ ഡീ ക്രിപ്റ്റ് ചെയ്യാന്‍ പണമാവശ്യപ്പെട്ടുള്ള സന്ദേശം മാത്രമായിരുന്നു ദൃശ്യമായത്.
മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ പലഭാഗത്തായി വാനാെ്രെക റാന്‍സംവെയര്‍ വൈറസ് ആക്രമണമുണ്ടാവുകയും നിരവധി സ്ഥാപനങ്ങളുടെ ഡാറ്റകള്‍ അപകടത്തിലാവുകയും ചെയ്തിരുന്നു.

 

എയര്‍ടെല്‍ മേധാവി ശശി അറോറ രാജിവെച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: എയര്‍ടെല്‍ മേധാവി ശശി അറോറ രാജിവെച്ചു. എയര്‍ടെല്‍പേമന്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്നു അറോറ. ഉപഭോക്താക്കളുടെ എല്‍പിജി സബ്‌സിഡി അതത് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു പകരം അവരുടെ അനുവാദമില്ലാതെ പേമെന്റ് ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് സ്‌പെഷല്‍ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) എയര്‍ടെലിന്റെ ഇകെവൈസി ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതാണ് രാജിയിലേക്ക് ന!യിച്ചതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധഇച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബ്രിട്ടന്‍ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റും

അളക ഖാനം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതോടെ ബ്രിട്ടന്റെ പാസ്‌പോര്‍ട്ടിന്റെ നിറം മാറും. കടുംചുവപ്പും കാപ്പി നിറവും ചേര്‍ന്ന നിലവിലെ പാസ്‌പോര്‍ട്ടിന്റെ നിറം നീലയാക്കി മാറ്റുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ബ്രണ്ടന്‍ ലൂയി പറഞ്ഞു.
2019 ഒക്ടോബര്‍ മുതല്‍ നല്‍കപ്പെടുന്ന പാസ്‌പോര്‍ട്ട് നീല നിറത്തിലുള്ളതായിരിക്കും. സമ്പൂര്‍ണമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കുന്നത്.

ഇനി ഓണ്‍ലൈന്‍ ഫിഷ്മാര്‍ക്കറ്റിംഗും

ഫിദ
കണ്ണൂര്‍:
കണ്ണൂരില്‍ ഇനി ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റിംഗും. പ്രവാസികളായിരുന്ന ആയിക്കരയിലെ ഹാറൂണ്‍, ഹസൈന്‍, സെയ്ഫ് എന്നിവരുടെ കൂട്ടായ സംരംഭമാണ് ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റിംഗ്. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് മത്സ്യം മുറിച്ച് വൃത്തിയാക്കിയാണ് വീടുകളിലെത്തിക്കുക.
ജോലിത്തിരക്കുള്ള സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. ഫളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ മറവുചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഇതിലൂടെ പരിഹരിക്കാന്‍ കഴിയും. ഹോള്‍സെയില്‍ വിലയേക്കാള്‍ കുറച്ചാണ് വില്‍പ്പന നടത്തുന്നത്. ആയിക്കര, അഴീക്കല്‍, ചോമ്പാല്‍, ഹാര്‍ബറുകളില്‍ നിന്നാണ് വില്‍പ്പനക്കാവശ്യമായ മത്സ്യങ്ങള്‍ ശേഖരിക്കുന്നത്. രാവിലെയും വൈകീട്ടുമായി തോണിയില്‍ ഹാര്‍ബറിലെത്തിക്കുന്ന മത്സ്യങ്ങള്‍ ലേലത്തില്‍ ഇവര്‍ വാങ്ങും. മലിനജലവും രാസവസ്തുക്കളും ഉപയോഗിച്ചുള്ള ഐസിന് പകരം കിണര്‍ വെള്ളം ഉപയോഗിച്ചുള്ള ഐസാണ് ഇവര്‍ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുക.
ആയിക്കരയില്‍ നിന്നും ഏഴുകിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വില്‍പ്പന നടത്തുന്നത്. വിശദവിവരങ്ങള്‍ 9947822233 നമ്പറില്‍ ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഓരോ ദിവസവും ഏതൊക്കെ മത്സ്യമാണ് വില്‍പ്പന നടത്തുന്നതെന്ന് ജനങ്ങളെ അറിയിക്കുന്നത്.