Month: December 2017

പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ അനുവദിക്കില്ല

ഗായത്രി
തിരു: മൊബൈല്‍ ബാറ്ററിയും മറ്റും ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിക്കുന്ന ചാര്‍ജിംഗ് പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിമാനയാത്രക്കാര്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
ബാറ്ററി, സര്‍ക്യൂട്ട് എന്നീ ഘടകങ്ങളുപയോഗിച്ചാണ് ഇത്തരം പവര്‍ ബാങ്കുകള്‍ പ്രാദേശികനിര്‍മാതാക്കള്‍ നിര്‍മിക്കുന്നത്. ഭാരം കൂട്ടുന്നതിനും പൊള്ളയായ ഭാഗം നിറക്കുന്നതിനുമായി ‘പുട്ടി’യും ചേര്‍ക്കാറുണ്ട്. വിമാനത്താവളങ്ങളിലും മറ്റും സുരക്ഷാ പരിശോധന്ക്കായി സ്‌കാന്‍ ചെയ്യുമ്പോള്‍ ഇത്തരം പവര്‍ബാങ്കുകള്‍ ഒരു സ്‌ഫോടക വസ്തുവിന് സമാനമായ ഇമേജായി കാണിക്കുകുയും ഇതിലുള്ള സര്‍ക്യൂട്ട് സ്‌ക്രീനിംഗ് വേളയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ഇവ നിരോധിച്ചിരിക്കുന്നത്.

പുതിയ പമ്പുമായി കിര്‍ലോസ്‌കര്‍

ഗായത്രി
കൊച്ചി: ഫഌയിഡ് മാനേജ്‌മെന്റ് രംഗത്തെ മുന്‍നിര ബ്രാന്റായ കിര്‍ലോസ്‌കറിന്റെ മികച്ച ഇന്ധനക്ഷമതയുള്ള പുതിയ കോസി ഓപ്പണ്‍വെല്‍ സബ്‌മേഴ്‌സിബ്ള്‍ പമ്പ് കേരള വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് മാര്‍ക്കറ്റിംഗ് ഹെഡ് പ്രസന്ന തിവാരി, ഓള്‍ ഇന്ത്യ പ്രൊഡക്ട് ഹെഡ് സുനില്‍ മുലെ, റിട്ടെയില്‍ ഹെഡ് ആഷിഷ് ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരക്കുറവും ഒതുക്കവുമുള്ള നൂതന ഡിസൈനും മികച്ച ഇന്ധനക്ഷതയുമാണു ഗാര്‍ഹിക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കിര്‍ലോസ്‌കര്‍ കോസിയുടെ പ്രധാന സവിശേഷതകളെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറ്ക്കുന്നതോടൊപ്പം വൈദ്യതി വ്യതിയാനം മൂലമുണ്ടാകുന്ന ഓവര്‍ലോഡ് പ്രശ്‌നങ്ങളെ ചെറുക്കാനും പുതിയ മോഡലിനു കഴിയും.

ഹീറോ മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് പുതിയ മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി. 125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, 110 സിസി പാഷന്‍ പ്രോ, 110 സിസി പാഷന്‍ എക്‌സ് പ്രോ എന്നിവയാണ് പുതിയ മോഡലുകള്‍. ജനുവരി മുതല്‍ ഘട്ടംഘട്ടമായായിരിക്കും മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ എത്തിത്തുടങ്ങുക.

ഷെയ്ന്‍ നായകനായി കമ്മട്ടിപാടം രണ്ടാം ഭാഗം

ഫിദ
കമ്മട്ടിപാടത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു. ഷെയ്ന്‍ നിഗമാണ് നായകന്‍. ചിത്രത്തിന്റെ സംവിധായകന്‍ രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ഈ വിവരം പുറത്തുവിട്ടത്. കിസ്മത്ത്, കെയര്‍ ഒഫ് സൈറാ ബാനു, പറവ എന്നിവയിലൂടെ പ്രക്ഷേകരുടെ പ്രിയ നടനായി മാറിയിരിക്കുകയാണ് ഷെയ്ന്‍.
പുതിയ കൊച്ചിയും അവിടത്തെ ജീവിതവുമാണ് രണ്ടാം ഭാഗത്തിലുണ്ടാവുക. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നും ഡിസംബറോടു കൂടി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നൂമാണ് സൂചന. ചിത്രത്തിന്റെ മറ്റു താരനിര്‍ണയം പൂര്‍ത്തിയാകുന്നതേയുള്ളൂ.
ബി. അജിത്ത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ഈടയാണ് ഷെയിനിന്റേതായി ഉടന്‍ റിലീസാകാനുള്ള ചിത്രം. നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം റിലീസായ ഹിറ്റ് ചിത്രമാണ് കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തിലൂടെ വിനായകന്‍ മികച്ച നടനുള്ളതും മണികണ്ഠന്‍ ആചാരി മികച്ച രണ്ടാമത്തെ നടനുമുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിരുന്നു. ഏതായാലും കമ്മട്ടിപാടത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 

പതിനായിരം ക്ലബിലേക്ക് മാരുതി സുസുകിയും

വിഷ്ണു പ്രതാപ്
മുംബൈ: മാരുതി സുസുകി പതിനായിരം ക്ലബിലേക്ക്. ഓഹരിക്കു പതിനായിരം രൂപയിലേറെ വിലയുള്ള ഒമ്പതു കമ്പനികളേ ഇന്ത്യന്‍ കമ്പോളത്തിലുള്ളൂ. ഇന്നലെ 9,996 രൂപ വരെ എത്തിയ മാരുതി ഓഹരി പിന്നിട് താണ് 9,755.40 ല്‍ ക്ലോസ് ചെയ്തു. വര്‍ഷാവസാനത്തിനു മുമ്പ് 10,000നുമുകളിലാകും മാരുതി എന്നാണു മിക്ക ബ്രോക്കര്‍മാരും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് 5,323 രൂപയായിരുന്നു മാരുതി ഓഹരിയുടെ വില. ഇതിനകം 84 ശതമാനത്തോളം ഉയര്‍ച്ചയായി ഒരു വര്‍ഷം കൊണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയുടെ 52 ശതമാനം കൈയടക്കിയിട്ടുള്ള മാരുതി ഇനിയും മികച്ച പ്രകടനം നടത്തുമെന്നാണ് ബ്രോക്കര്‍മാര്‍ വിലയിരുത്തുന്നത്.

വിലകുറഞ്ഞ ഫോണുമായി വോഡാഫോണ്‍

ഫിദ
കൊച്ചി: ജിയോക്കും മൈക്രോമാക്‌സിനും പിന്നാലെ വില കുറഞ്ഞ ഫോണുമായി വോഡഫോണും. എ20 എന്ന 4ജി സ്മാര്‍ട്ട്‌ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് കമ്പനി ഐടെലുമായി ചേര്‍ന്നാണ് വോഡഫോണിന്റെ പുതിയ സംരംഭം. 3,690 രൂപ വിലയിട്ടിരിക്കുന്ന ഫോണിന് വോഡഫോണ്‍ 2,100 രൂപയുടെ കാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ 1,590 രൂപയേ ഉപയോക്താക്കള്‍ക്ക് ചെലവാകൂ.
എന്നാല്‍, 2018 മാര്‍ച്ച് 31 വരെ മാത്രമേ കാഷ് ബാക്ക് ഓഫര്‍ ലഭ്യമാകൂ. റിലയന്‍സ് ജിയോയും മൈക്രോമാക്‌സും ഫീച്ചര്‍ ഫോണുകള്‍ വിപണിയിലിറക്കിയ സ്ഥാനത്താണ് വോഡഫോണ്‍ കുറഞ്ഞ വില്ക്ക് സ്മാര്‍ട്ട്‌ഫോണുമായി വിപണിയിലെത്തിയത്.

എയര്‍ പാസുമായി ഒമാന്‍ എയര്‍

അളക ഖാനം
മസ്‌കത്ത്: ഉപഭോക്താക്കള്‍ക്ക് ചെലവുകുറഞ്ഞ യാത്ര സാധ്യമാക്കാനായി ഒമാന്‍ എയര്‍ പാസ് വീണ്ടും അവതരിപ്പിക്കുന്നു. ഒമാനും ഇന്ത്യക്കും ഇടയിലും ഒമാനും ജി.സി.സി രാജ്യങ്ങള്‍ക്കും ഇടയിലുള്ള യാത്രക്ക് പാസ് ഉപയോഗപ്പെടുത്താം. പാസ് ഉപയോഗത്തിലൂടെ യാത്രാചെലവില്‍ 50 ശതമാനം വരെ ലാഭിക്കാമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ വ്യക്തമാക്കി.
100 റിയാല്‍ മുതല്‍ ഒമാന്‍ എയര്‍ പാസ് വാങ്ങാന്‍ സാധിക്കും. ഒരു പാസില്‍ കുറഞ്ഞത് മൂന്നു യാത്രകളെങ്കിലുമുണ്ടായിരിക്കണം. ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാന്‍ കഴിയില്ല. വ്യക്തികള്‍, കുടുംബങ്ങള്‍, സുഹൃദ് സംഘങ്ങള്‍, ബിസിനസ് യാത്രക്കാര്‍ എന്നിങ്ങനെ ഓരോരുത്തരുടെയും സൗകര്യത്തിന് അനുസൃതമായ രീതിയില്‍ പാസ് എടുക്കാം. 50 പേര്‍ക്ക് വരെ ഇത് സാധ്യമാകും. യാത്രയുടെ ആറുമാസം മുമ്പ് മുതല്‍ നാലു മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ഇന്ത്യയിലേക്കും ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള തങ്ങളുടെ അതിഥികള്‍ക്ക് പാസ് ലഭ്യമാക്കുന്നതില്‍ വളരെ ആഹ്ലാദമുണ്ടെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ പറഞ്ഞു.

 

ബിറ്റ്‌കോയിനില്‍ ബിഗ്ബിക്ക് വന്‍ നിക്ഷേപം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് വന്‍ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് സൂചന. ഇവരുവര്‍ക്കുമായി രണ്ടര വര്‍ഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂല്യം വര്‍ധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2015ലാണ് ബച്ചന്‍ കുടുംബം സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനിയെ ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ആഴ്ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ് ഫിന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക് 2500 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

 

ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കിട്ടാക്കടങ്ങള്‍ പെരുകിയ ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം. പുതിയ വായ്പകള്‍ അനുവദിക്കുന്നതും ലാഭവീതം നല്‍കുന്നതും വിലക്കി.
പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവില ഇതേത്തുടര്‍ന്നു ഗണ്യമായി താണു.
ത്വരിത തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍പിസിഎ) രൂപരേഖ പ്രകാരമാണു റിസര്‍വ് ബാങ്കിന്റെ നടപടി. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച രൂപരേഖ ഇത്ര വലിയ ബാങ്കിനുമേല്‍ പ്രയോഗിക്കുന്നത് ഇതാദ്യമാണ്. താരതമ്യേന ചെറിയ ബാങ്കുകളായ ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയെ നേരത്തെ പിസിഎക്കു വിധേയമാക്കിയിരുന്നു.
തുടര്‍ച്ചയായ രണ്ടു വര്‍ഷം നിഷ്‌ക്രിയ ആസ്തി(എന്‍പിഎ)യുടെ തോത് ഗണ്യമായി കൂടിയതും വേണ്ടത്ര മൂലധനമില്ലാത്തതും ബാങ്കിന്റെ മേല്‍ നടപടിക്കു കാരണമായെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ മാര്‍ച്ചില്‍ വായ്പകളുടെ 13.22 ശതമാനം എന്‍പിഎ ആയിരുന്നു. സെപ്റ്റംബര്‍ ആയപ്പോഴേക്ക് നില അല്പം മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഒടുവില്‍ 49,306.9 കോടി രൂപയാണു കിട്ടാക്കടമായി മാറിയിരിക്കുന്നത്.
ബാങ്കിനു ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള എസ്ടിസിഐ എന്ന ബാങ്കിതര ധനകാര്യ കമ്പനിയിലെ ഓഹരി വിറ്റ് 626 കോടി രൂപ ശേഖരിച്ചു മൂലധനം വര്‍ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. പിസിഎ പ്രകാരമുള്ള നടപടികള്‍ ഫലിച്ചില്ലെങ്കില്‍ ബാങ്കിനെ വേറേ ബാങ്കില്‍ ലയിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും.

പഞ്ചസാര സ്‌റ്റോക്ക് നിയന്ത്രണം പിന്‍വലിച്ചു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പഞ്ചസാര ഉത്പാദനം കൂടിയ സാഹചര്യത്തില്‍ പഞ്ചസാര സ്‌റ്റോക്ക് ചെയ്യുന്നതിനുള്ള നിയന്ത്രണം നീക്കി. നിശ്ചിത അളവില്‍ കൂടുതല്‍ വ്യാപാരികള്‍ സ്‌റ്റോക്ക് ചെയ്യരുത് എന്ന വ്യവസ്ഥമൂലം മില്ലുകളില്‍നിന്നു പഞ്ചസാര എടുക്കാന്‍ വ്യാപാരികളും സ്‌റ്റോക്കിസ്റ്റുകളും മടിച്ചിരുന്നു. ഇതു പഞ്ചസാരവില കുറയാനും കര്‍ഷകര്‍ക്കു കരിമ്പുവില കിട്ടാതിരിക്കാനും കാരണമായ സഹചര്യത്തിലാണ് പുതിയ നടപടി.