ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കിട്ടാക്കടങ്ങള്‍ പെരുകിയ ബാങ്ക് ഓഫ് ഇന്ത്യക്കു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം. പുതിയ വായ്പകള്‍ അനുവദിക്കുന്നതും ലാഭവീതം നല്‍കുന്നതും വിലക്കി.
പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവില ഇതേത്തുടര്‍ന്നു ഗണ്യമായി താണു.
ത്വരിത തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍പിസിഎ) രൂപരേഖ പ്രകാരമാണു റിസര്‍വ് ബാങ്കിന്റെ നടപടി. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച രൂപരേഖ ഇത്ര വലിയ ബാങ്കിനുമേല്‍ പ്രയോഗിക്കുന്നത് ഇതാദ്യമാണ്. താരതമ്യേന ചെറിയ ബാങ്കുകളായ ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയെ നേരത്തെ പിസിഎക്കു വിധേയമാക്കിയിരുന്നു.
തുടര്‍ച്ചയായ രണ്ടു വര്‍ഷം നിഷ്‌ക്രിയ ആസ്തി(എന്‍പിഎ)യുടെ തോത് ഗണ്യമായി കൂടിയതും വേണ്ടത്ര മൂലധനമില്ലാത്തതും ബാങ്കിന്റെ മേല്‍ നടപടിക്കു കാരണമായെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ മാര്‍ച്ചില്‍ വായ്പകളുടെ 13.22 ശതമാനം എന്‍പിഎ ആയിരുന്നു. സെപ്റ്റംബര്‍ ആയപ്പോഴേക്ക് നില അല്പം മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഒടുവില്‍ 49,306.9 കോടി രൂപയാണു കിട്ടാക്കടമായി മാറിയിരിക്കുന്നത്.
ബാങ്കിനു ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള എസ്ടിസിഐ എന്ന ബാങ്കിതര ധനകാര്യ കമ്പനിയിലെ ഓഹരി വിറ്റ് 626 കോടി രൂപ ശേഖരിച്ചു മൂലധനം വര്‍ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. പിസിഎ പ്രകാരമുള്ള നടപടികള്‍ ഫലിച്ചില്ലെങ്കില്‍ ബാങ്കിനെ വേറേ ബാങ്കില്‍ ലയിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും.

Post Your Comments Here ( Click here for malayalam )
Press Esc to close