പത്മാവതിക്ക് പ്രദര്‍ശനാനുമതി

പത്മാവതിക്ക് പ്രദര്‍ശനാനുമതി

വിഷ്ണു പ്രതാപ്
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവദിക്ക് പ്രദര്‍ശനാനുമതി. ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ജനുവരി ഒന്നിന് സമിതി യോഗം ചേരുന്നുണ്ട്. സിനിമയുടെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍ എന്നിവരുമായി അന്ന് സമിതി ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം.
വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. അടുത്തമാസം നടക്കുന്ന ചര്‍ച്ച്ക്കു ശേഷമേ സിനിമക്ക് അന്തിമാനുമതി നല്‍കൂ. അതിന് മുമ്പ് നിര്‍മാതാക്കാളും സംവിധായകനും നിലപാട് അറിയിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു. മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉള്‍പ്പെട്ട സമിതിയാണ് ചിത്രം കണ്ട് വിലയിരുത്തിയത്. സിനിമയുടെ പ്രമേയം സാങ്കല്പിക കഥയാണോ ചരിത്രകഥയാണോ എന്ന് വ്യക്തമാക്കേണ്ട ഭാഗത്തു നിര്‍മാതാക്കള്‍ ഒന്നും എഴുതിക്കാണിച്ചിരുന്നില്ല.
13 14 നൂറ്റാണ്ടുകളില്‍ നടന്നതെന്ന് പറയപ്പെടുന്ന ഒരു കഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് പദ്മാവതി. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പദ്മാവതിയും ഡല്‍ഹി ഭരിച്ച മുസല്‍ം രാജാവായ ഖില്‍ജിയുമായുള്ള പ്രണയമാണ് ഇതിവൃത്തമെന്ന് കിംവദന്തി പടര്‍ന്നതോടെയാണ് വിവാദങ്ങള്‍ ചൂടുപിടിച്ചത്. ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ വിവാദവും തുടങ്ങിയിരുന്നു. അനാവശ്യ സംഭവങ്ങളില്‍ പ്രതിഷേധിച്ച് തന്റെ പേരിനൊപ്പമുള്ള രജപുത് എന്ന വാല് എടുത്തു കളയാന്‍ വരെ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് തയാറായി. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൊക്കേഷന്‍ തീയിടാനും അണിയറ പ്രവര്‍ത്തകരെ ആക്രമിക്കാനും ഒക്കെ ആളുകളെത്തി. ഇതേത്തുടര്‍ന്ന് മൂന്നു തവണ ചിത്രീകരണം നിര്‍ത്തിവച്ചു.
പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് പദ്മാവതിയുടെ കഥ. മേവാറിലെ ശക്തനായ രാജാവായിരുന്നു റാണാ രത്തന്‍ സിംഗ്. അദ്ദേഹം സിംഹള രാജാവായ ഗന്ധര്‍വ്വസേനന്റെ മകളും അതിസുന്ദരിയുമായ പദ്മിനിയെ സ്വയംവരത്തിലൂടെ വിവാഹം കഴിച്ചു. ചിത്തോറിലെത്തിയ പദ്മിനിയെ എല്ലാവരും പദ്മാവതിയെന്ന് വിളിച്ചു. അഭൗമ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു പദ്മാവതി. റാണാ രത്തന്‍ സെന്‍ കലകളുടെയും കലാകാരന്‍മാരുടെയും ആരാധകന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സദസിലെ സംഗീതജ്ഞനായിരുന്നു രാഘവ് ചേതന്‍. രാഘവ് ദുര്‍മന്ത്രവാദങ്ങള്‍ ചെയ്യാറുണ്ടെന്ന് അറിഞ്ഞ രാജാവ് കടുത്ത ശിക്ഷ നല്‍കി നാടുകടത്തി. കോപാകുലനായ രാഘവ് പക വീട്ടാനായി ഡല്‍ഹി ഭരിച്ചിരുന്ന അലാവുദീന്‍ ഖില്‍ജിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. അവിടെ ഖില്‍ജി നായാട്ടിനെത്തുന്ന കാട്ടില്‍ ഒളിച്ചിരുന്ന രാഘവ് തന്റെ മനോഹരമായ പുല്ലാങ്കുഴല്‍ വായനയിലൂടെ ഖില്‍ജിയെ കൈയിലെടുത്തു. ചിത്തോറിന്റെ പ്രൗഢിയും ധനശേഷിയും ഒക്കെ ഖില്‍ജിയുടെ മുന്നെ അവതരിപ്പിച്ചു രാഘവ്. ഇതിനൊപ്പം അഭൗമ സുന്ദരിയായ പദ്മാവതിയെക്കുറിച്ചും വര്‍ണ്ണിച്ചു. ഇതു കേട്ടതോടെ ഖില്‍ജി അവരില്‍ അനുരക്തനായി.
ഖില്‍ജി ഉടന്‍ തന്നെ ചിത്തോറിനു നേരെ പട നയിച്ചു. സൈന്യവുമായി മേവാറിന്റെ തലസ്ഥാനത്തെത്തിയ അലാവുദ്ദീന്‍ ചിത്തോര്‍ കോട്ട കണ്ട് അന്തംവിട്ടു. യുദ്ധം ചെയ്തു കയറാനാവില്ലെന്ന് ബോധ്യമായതോടെ നിരാശനായ സുല്‍ത്താന്‍ പത്മിനിയെ ഒരു സഹോദരിയെന്ന നിലയില്‍ ഒന്നു കാണാന്‍ അനുവദിക്കണമെന്ന സന്ദേശം റാണക്ക് കൊടുത്തു വിട്ടു. റാണ ധര്‍മ്മ സങ്കടത്തിലായി.എങ്കിലും പത്മിനിയുടെ സമ്മതത്തോടെ അവരുടെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ അലാവുദ്ദീനെ കാണിക്കാന്‍ തീരുമാനിച്ചു. പത്മിനിയുടെ പ്രതിബിംബം കണ്ണാടിയിലൂടെ ദര്‍ശിച്ച അലാവുദ്ദീന് എങ്ങിനെയെങ്കിലും അവരെ സ്വന്തമാക്കാനുള്ള അഭിനിവേശം ഇരട്ടിച്ചു. തന്നെ യാത്രയാക്കാന്‍ ഒപ്പമെത്തിയ റാണയെ ചതിയില്‍ പിടിച്ചുകെട്ടി പകരം പദ്മാവതിയെ ആവശ്യപ്പെട്ടു. രാജാവിനെ രക്ഷിക്കാനായി പദ്മാവതി സേനാതലവന്മാരുമായി ആലോചന നടത്തി. ഖില്‍ജിയുടെ ക്യാമ്പിലേക്ക് പോകാന്‍ തീരുമാനിച്ചു. ക്യാമ്പിലേക്ക് പല്ലക്കുകളില്‍ പെണ്‍ വേഷത്തിലെത്തിയത് സൈനികരായിരുന്നു. അവര്‍ റാണയെ മോചിപ്പിച്ച് കൊട്ടാരത്തിലെത്തി. വാശി കയറിയ ഖില്‍ജി കോട്ട ഉപരോധിക്കാന്‍ തുടങ്ങിയതോടെ രാജ്യം ദാരിദ്ര്യത്തിലായി. മറ്റുമാര്‍ഗം ഇല്ലാതായതോടെ കോട്ടയ്ക്കു പുറത്തെത്തി യുദ്ധം നടത്താന്‍ രാജാവ് തീരുമാനിക്കുന്നു. ഖില്‍ജിയുടെ സൈന്യത്തോട് വിജയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ രജപുത്ര സ്ത്രീകള്‍ പദ്മാവതിയുടെ നേതൃത്ത്വത്തില്‍ കൂട്ട സതി അനുഷ്ഠിക്കുകയായിരുന്നു. റാണയെയും സൈന്യത്തെയും വധിച്ച് കടന്നു കയറിയ ഖില്‍ജിക്ക് പദ്മാവതിക്കു പകരം ഒരുപിടി ചാരമാണ് കിട്ടിയതെന്നും ചരിത്രം പറയുന്നു. എന്നാല്‍, ഖില്‍ജിയുടെ സദസിലെ ഒരു കവി എഴുതിയ കവിതയിലെ കഥാപാത്രം മാത്രമാണ് പദ്മാവതിയെന്നും അങ്ങനെയൊരു റാണിയോ കഥയോ ഇല്ലെന്നും ചില ചരിത്ര ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close