ഇനി ആളറിയാതെ ഫോണ്‍ കോള്‍ ചെയ്യാനാകില്ല; പുതിയ സംവിധാനവുമായി ട്രായി

ഇനി ആളറിയാതെ ഫോണ്‍ കോള്‍ ചെയ്യാനാകില്ല; പുതിയ സംവിധാനവുമായി ട്രായി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഫോണില്‍ വിളിക്കുന്നവരുടെ പേര് ട്രൂകോളര്‍ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനവുമായി എത്തുകയാണ് ട്രായി.

ഉപഭോക്താക്കള്‍ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ (KYC) പേര് ഫോണ്‍ കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ വരുത്തുവാന്‍ പോകുന്നത്.

ഈ സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടന്‍ ചര്‍ച്ച തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്.

ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (DoT)യില്‍ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടിയാലോചന ഏതാനും നാളികള്‍ക്കുള്ളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് ചെയര്‍മാന്‍ പി.ഡി. വഗേലയും അറിയിച്ചു.

ട്രായി നേരത്തേ തന്നെ സമാനമായ രീതിയില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക പിന്തുണയോടെയാണ് ഇത് ആരംഭിക്കുന്നത്.

ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നു കോള്‍ വന്നാല്‍ പേരു ദൃശ്യമാക്കുന്ന ട്രൂകോളര്‍ സ്വകാര്യ ആപ് സേവനം ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ട്രൂകോളര്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇത് സാധ്യമാക്കുന്നത്.

ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ(CSD) അടിസ്ഥാനമാക്കി തട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയാനും കൃത്യതയും സുതാര്യതയും കൊണ്ടുവരാനും KYC പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാല്‍ ഈ നീക്കം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

ഈ സംവിധാനം അറിയാത്ത നമ്പറില്‍ നിന്ന് വിളിവന്നാല്‍ ആളെ മനസിലാക്കി വേണമെങ്കില്‍ കോള്‍ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.
ഇത് ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ KYC ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ശല്യമാകുന്ന കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍ (UCC) അല്ലെങ്കില്‍ സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍ ബ്ലോക്ക്‌ചെയ്യാനുള്ള സാങ്കേതിക വിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close