വിലയില്‍ മത്സരിച്ച് പെട്രോളും സവാളയും

വിലയില്‍ മത്സരിച്ച് പെട്രോളും സവാളയും

ഫിദ-
കൊച്ചി: വിലയില്‍ പെട്രോളും സവാളയും മത്സരിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി എട്ടാംദിവസവും വിലയുയര്‍ന്നു. 74 രൂപയായിരുന്നു പെട്രോളിന് ചൊവ്വാഴ്ച ഡല്‍ഹിയിലെ വില. അതേസമയം, മുംബൈയിലും ഡല്‍ഹിയിലും സവാളവില ഇന്നലെ കിലോഗ്രാമിന് 7580 രൂപവരെയെത്തി. ബെംഗലൂരുവിലും ചെന്നൈയിലും 60 രൂപക്കാണ് സവാള വിറ്റത്.
വില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് പലയിടത്തും കള്ളന്മാര്‍ സവാളമോഷണത്തിലേക്ക് ചുവടുമാറ്റി. ബിഹാറില്‍ പട്‌നയിലെ ഒരു സംഭരണശാലയില്‍നിന്ന് ഞായറാഴ്ച രാത്രി എട്ടുലക്ഷത്തിലധികം രൂപയുടെ സവാള മോഷണംപോയി. 328 ചാക്കുകളിലായി സൂക്ഷിച്ച സവാള മുറി കള്ളന്മാര്‍ കുത്തിത്തുറന്ന് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിലും കര്‍ഷകര്‍ സൂക്ഷിച്ച ഒരുലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിച്ചു. 117 കൊട്ടകളിലായിവെച്ച 25 ടണ്‍ സവാള കള്ളന്‍ കൊണ്ടുപോയി. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മഴയില്‍ കൃഷിനാശമുണ്ടായതോടെ സവാളയുടെ വരവുകുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. കാലാവസ്ഥാപ്രശ്‌നം കാരണം മൂന്നുവര്‍ഷമായി സവാളക്കൃഷിയില്‍ വലിയ ഇടിവാണുണ്ടായത്. രാജ്യത്തെ പ്രധാന ഉള്ളിയുത്പാദനകേന്ദ്രമായ നാസിക്കില്‍ ഇത്തവണ കാലവര്‍ഷം നാശം വിതച്ചിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണികളിലൊന്നാണ് നാസിക്കിലെ ലാസല്‍ഗാവ്. ക്വിന്റലിന് 3500 രൂപക്കാണ് ഇവിടെയിപ്പോള്‍ കര്‍ഷകരില്‍നിന്ന് ഉള്ളി സംഭരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close