Month: September 2019

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു

വിഷ്ണു പ്രതാപ്-
പനാജി: ഹോട്ടല്‍ ജിഎസ്ടി നിരക്കുകള്‍ കുറച്ചു. 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല. മുറികളുടെ വാടക കുറയും.
7500 രൂപക്ക് മുകളില്‍ വാടകയുള്ളവയുടെ നിരക്ക് 28ല്‍ നിന്ന് 18 ശതമാനമാക്കി . 7500 രൂപയില്‍ താഴെയുള്ളവക്ക് 18ല്‍ നിന്ന് 12 ശതമാനമാക്കി. കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കിയിട്ടുണ്ട്.
വാഹന നികുതി നിരക്കുകളില്‍ മാറ്റമില്ല. ഇലപ്പാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതിയില്ല. ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തിനു മുന്നോടിയായി ധനമന്ത്രി നി!ര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോര്‍പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയിരുന്നു.

സ്വര്‍ണപ്പണയ കാര്‍ഷികവായ്പ നിര്‍ത്തലാക്കണമെന്ന് ആര്‍ബിഐ കമ്മിറ്റി

ഗായത്രി-
കൊച്ചി: സ്വര്‍ണപ്പണയത്തിന്മേല്‍ പലിശയിളവുള്ള കാര്‍ഷികവായ്പ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് റിസര്‍വ്ബാങ്ക് നിയോഗിച്ച കമ്മിറ്റി. ഹ്രസ്വകാല കാര്‍ഷികവായ്പകളെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രമാക്കണമെന്നും വായ്പാവലോകനത്തിന് റിസര്‍വ് ബാങ്ക് നിയോഗിച്ച ഇന്റേണല്‍ വര്‍ക്കിങ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു.
റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. കാര്‍ഷികവായ്പാ വിതരണത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സബ്‌സിഡിയോടെ നാലുശതമാനംമാത്രം പലിശയുള്ള സ്വര്‍ണപ്പണയ വായ്പകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. വായ്പനല്‍കുന്നത് കൃഷിക്കുവേണ്ട ചെലവിന്റെ അടിസ്ഥാനത്തിലല്ല, സ്വര്‍ണത്തിന്റെ അളവനുസരിച്ചാണ്. ആവശ്യമുള്ളതിലും കൂടുതല്‍ ആളുകള്‍ വായ്പയെടുക്കും. സുരക്ഷിതമായതിനാല്‍ ഇത്തരം വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് പ്രത്യേകം താത്പര്യമുണ്ട്. എന്നാല്‍, പണം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ഇത്തരം വായ്പകള്‍ കര്‍ഷകരുടെ കടബാധ്യത വര്‍ധിപ്പിക്കുന്നതായും കമ്മിറ്റി വിലയിരുത്തി.
കാര്‍ഷിക വായ്പക്കുള്ള അനുയോജ്യ മാര്‍ഗമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് രാജ്യമാകെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ 71 ശതമാനം വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോട്ട് ആന്റ് ബോള്‍ഡായി മാളവിക മോഹന്‍

രാംനാഥ് ചാവ്‌ല-
യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി ഹോട്ട് ലുക്കില്‍ മാളവിക മോഹനന്‍. ഒരു അവാര്‍ഡ് ദാന ചടങ്ങിലെത്തിയ മാളവികയെ കണ്ട ആരാധകര്‍ ഒന്നടങ്കം പറഞ്ഞത് ബോള്‍ഡ് ആന്റ്് ബ്യൂട്ടിഫുള്‍ എന്നാണ്. ഇലക്ട്രിക്ക് ബ്ലൂ നിറത്തില്‍ ഗ്ലിറ്ററിംഗ് ഉള്ള ഔട്ട്ഫിറ്റിലാണ് അതീവ ഗ്ലാമറസായി താരസുന്ദരി എത്തിയത്.
കണ്ണുകള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള മേക്കപ്പായിരുന്നു മാളവികക്ക്. ഐമേക്കപ്പില്‍ വസ്ത്രത്തിന് ചേരുന്ന് നീല ഐഷാഡോ തന്നെ തെരഞ്ഞെടുത്തു. ഹാങ്ങിംഗ് ഇയര്‍ റിംഗ് മാത്രമായിരുന്നു ആക്‌സസറിയായി മാളവിക അണിഞ്ഞത്.
കുറച്ച് മുമ്പ് ലാക്‌മെ ഫാഷന്‍വീക്കില്‍ സൂപ്പര്‍ഹോട്ടായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ പ്രവേശിക്കുന്നത്. അഴകപ്പനായിരുന്നു ചിത്രം സംവിധാനം ചെയ്യതത്. പിന്നീട് ബിയോണ്ട് ക്ലൗഡ്‌സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങുന്ന മാളവികയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്

വിഷ്ണു പ്രതാപ്-
പനജി: ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താന്‍ ഉല്‍പാദന മേഖലയിലെ പുതിയ കമ്പനികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് പിരിക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.
ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് ധനമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചത്. യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനങ്ങള്‍ക്ക് അംഗീകാരമുണ്ടാകുക.

നാഗാര്‍ജുനയുടെ ഫാംഹൗസില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

രാംനാഥ് ചാവ്‌ല-
ഹൈദരാബാദ്: തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു മാസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
ഫാം ഹൗസ് ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേത്തുടര്‍ന്നു വിലേജ് റവന്യൂ ഉദ്ദ്യോഗസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പാപ്പിറെഡ്ഡിഗുഡയില്‍ 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നാഗാര്‍ജുനയുടെ ഫാംഹൗസ്. ഒരു വര്‍ഷം മുമ്പാണ് താരം ഈ സ്ഥലം വാങ്ങിയത്.

‘കാര്‍ ലീസിങ്’ ഇനി കേരളത്തിലും

ഫിദ-
ഉടമയാകാതെ സ്വന്തം പോലെ കാര്‍ ഉപയോഗിക്കാന്‍ കഴിയുന്ന ‘കാര്‍ ലീസിങ്’ എന്ന ആശയം കേരളത്തില്‍ അത്ര പരിചിതമല്ല. എന്നാല്‍, ‘ലീസിങ്’ ബിസിനസ് കേരളത്തില്‍ മെല്ലെ ചുവടുറപ്പിക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
നിശ്ചിത കാലയളവിലേക്ക് വാഹനം ഉപയോഗിക്കാനുള്ള അനുവാദം ‘ലീസിങ്ങി’ലൂടെ ലഭിക്കും. ഇതിനായി ഉപയോക്താവ് വാഹനം നല്‍കിയ കമ്പനിക്ക് നിശ്ചിത പണം മാസം അടയ്ക്കുകയാണ് ചെയ്യുക.
ദീര്‍ഘകാലം ഒരേ വാഹനംതന്നെ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് ഇപ്പോള്‍ താത്പര്യം കുറവാണ്. ഇതാണ് ‘ലീസിങ്ങി’ലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതത്രെ.
കൂടാതെ, ഇന്‍ഷുറന്‍സ്, പരിപാലനച്ചെലവ് എന്നിവ കമ്പനിയാണ് വഹിക്കുക. അപകടം ഉണ്ടായാല്‍ വാഹനം മാറ്റിത്തരികയും ചെയ്യും. സാധ്യത കണ്ടറിഞ്ഞ് ഹ്യുണ്ടായ്, ഹോണ്ട, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നേരിട്ടുതന്നെ ഈ രംഗത്തേക്ക് അടുത്തിടെ ഇറങ്ങിയിരുന്നു. എന്നാല്‍, ഇവര്‍ കേരളത്തില്‍ ലീസിങ് ബിസിനസ് ആരംഭിച്ചിട്ടില്ല.
ബിസിനസ് സംരംഭങ്ങള്‍ ‘ലീസിങ്’ വ്യാപകമായി ഉപയോഗിക്കുമെന്നും വൈകാതെ കേരളത്തില്‍ ലീസിങ് ബിസിനസ് ആരംഭിക്കുമെന്നും മഹീന്ദ്ര റീജണല്‍ സെയില്‍സ് മാനേജര്‍ ഇ.എസ്. സുരേഷ് കുമാര്‍ പറഞ്ഞു. ലീസിങ് വഴി വാഹനം സ്വന്തമാക്കിയാല്‍ ബിസിനസ് സംരംഭങ്ങളുടെ നികുതിഭാരം കുറയ്ക്കാം. കൂടാതെ, വാഹനം വാങ്ങുന്നതിന്റെ ഭീമമായ ചെലവോ വാഹന വായ്പയുടെ ഡൗണ്‍ പേയ്‌മെന്റോ ഇതിനില്ല.
ലീസിങ് വാഹനങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് നല്‍കുന്നതുകൊണ്ട് ഉപയോക്താവ് വാങ്ങിയതാണെന്ന് ആളുകള്‍ കരുതുന്നതും ഇതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെയാണ് പൊതുവേ വാഹനങ്ങള്‍ ഇതുവഴി ലഭിക്കുക.

വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

ഫിദ-
വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. അരവിന്ദ് സ്വാമി, അറ്റ്‌ലി, സംഗീത സംവിധായകന്‍ അനിരുദ്ധ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.
നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് നെട്രിക്കണ്‍. ആദ്യമായാണ് നിര്‍മ്മാതാവ് വേഷത്തില്‍ വിഘ്‌നേശ് എത്തുന്നത്. വിഘ്‌നേശിന്റെ പ്രെഡക്ഷന്‍ കമ്പിനിയായ റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍.
നാല് വര്‍ഷത്തോളമായി നയന്‍താരയും വിഘ്‌നേശും പ്രണയത്തിലായിട്ട്. 2020ല്‍ ഇരുവരുടെയും വിവാഹം ഉണ്ടായേക്കാമെന്നാണ് സൂചന.

ചെറുനാരങ്ങ വില കുതിക്കുന്നു; സര്‍ബത്ത് വ്യാപാരം നിലച്ചു

ഗായത്രി-
കൊച്ചി: അപ്രതീക്ഷിതമായി ചെറുനാരങ്ങയുടെ വിലയിലുണ്ടായ വര്‍ധന വ്യാപാരികളെ സാരമായി ബാധിച്ചു. രണ്ടാഴ്ച മുമ്പ് 60 രൂപമുതല്‍ 80 രൂപവരെ മാത്രം വിലയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് ഏതാനും നാളായി 160 മുതല്‍ 170 രൂപവരെയാണ് വില. ഒരു നാരങ്ങയ്ക്ക് 15 മുതല്‍ 18 രൂപവരെ വിലവരും. കാലാവസ്ഥാ വ്യതിയാനം കാരണം തെങ്കാശി ഉള്‍പ്പെടെ ചെറുനാരങ്ങ വ്യാപകമായി കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ വിളവ് കുറഞ്ഞതാണ് വിലവര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇന്ന് കാലത്ത് നാരങ്ങവില 140 രൂപയായിട്ടുണ്ട്്. കന്നിമാസത്തില്‍ വിവാഹങ്ങള്‍ കുറവായതിനാല്‍ വരും നാളുകളില്‍ വില താഴുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
സോഡ സര്‍ബത്ത് നാരങ്ങവെള്ളം കച്ചവടം നടത്തിവന്നവരെയാണ് വിലവര്‍ധന സാരമായി ബാധിച്ചത്. ദാഹമകറ്റാന്‍ മലയാളികള്‍ ഏറ്റവുമധികം ആശ്രയിച്ചുവരുന്ന ഇഷ്ടപാനീയമാണ് സോഡസര്‍ബത്ത്. സര്‍ബത്ത് വില്‍പനയിലൂടെ മാത്രം ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നിരവധി ചെറുകിട കച്ചവടക്കാരും നാട്ടില്‍ നിരവധിയാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല കച്ചവടക്കാരും സര്‍ബത്ത് വ്യാപാരം നിര്‍ത്തിവെച്ച അവസ്ഥയിലാണ്. ചെറുനാരങ്ങ വില കുത്തനെ കൂടിയതാണ് ഇതിന് കാരണം. നാരങ്ങ അച്ചാറും ആഡംബര വിഭാഗത്തില്‍പ്പെട്ട അവസ്ഥയാണ്.

ഇന്ധന വില വീണ്ടും വര്‍ധച്ചു

ഫിദ-
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയുടെയും ഡീസലിന് 25 പൈസയുടെയും വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നലെയും ഇന്ധന വില വര്‍ധിച്ചിരുന്നു.
കൊച്ചിയില്‍ 74.50 ആണ് ഇന്നത്തെ പെട്രോള്‍ വില. ഇന്നലെ ഇത് 74.24 ആയിരുന്നു. ഡീസല്‍ ലിറ്ററിന് 69.51 രൂപയാണ് ഇന്നത്തെ വില.

എണ്ണ വിതരണം പൂര്‍വ സ്ഥിതിയിലായെന്ന് സൗദി

അളക ഖാനം-
ജിദ്ദ: അരാംകോ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭാഗികമായി തടസ്സപ്പെട്ട സൗദി അറേബ്യയുടെ എണ്ണ വിതരണം പൂര്‍വ സ്ഥിതിയിലായെന്ന് ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. ശനിയാഴ്ചക്കു മുമ്പുള്ള അവസ്ഥയിലേക്ക് എണ്ണവിതരണം എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിസന്ധി തരണം ചെയ്ത നിര്‍ണായകവിവരം സൗദി ഊര്‍ജമന്ത്രി പ്രഖ്യാപിച്ചത്.
ഈ മാസം ഉപഭോക്തൃരാജ്യങ്ങള്‍ക്കുള്ള എണ്ണവിതരണം സാധാരണപോലെ തുടരും. സെപ്റ്റംബര്‍ അവസാനത്തോടെ എണ്ണ ഉല്‍പാദന ശേഷി പ്രതിദിനം 11 ദശലക്ഷം ബാരലായി ഉയരുമെന്നും അമീര്‍ അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന്റെ ഉറവിടത്തെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങള്‍ പറയുമെന്ന് മന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാര്‍ ഗൗരവത്തില്‍ തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കും. അക്രമത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഐക്യരാഷ്ട്ര സഭ അന്വേഷണസംഘത്തെ അയക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ആഗോള എണ്ണ വിപണിക്കും സാമ്പത്തിക വ്യവസ്ഥക്കും നേരെയുള്ള ആക്രമണത്തെ ശക്തമായി നേരിടണം. എണ്ണ ഉദ്പാദകരാഷ്ട്ര കൂട്ടായ്മ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയവിവാദങ്ങളില്‍ അഭിപ്രായം പറയാറില്ല.