സ്വര്‍ണപ്പണയ കാര്‍ഷികവായ്പ നിര്‍ത്തലാക്കണമെന്ന് ആര്‍ബിഐ കമ്മിറ്റി

സ്വര്‍ണപ്പണയ കാര്‍ഷികവായ്പ നിര്‍ത്തലാക്കണമെന്ന് ആര്‍ബിഐ കമ്മിറ്റി

ഗായത്രി-
കൊച്ചി: സ്വര്‍ണപ്പണയത്തിന്മേല്‍ പലിശയിളവുള്ള കാര്‍ഷികവായ്പ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് റിസര്‍വ്ബാങ്ക് നിയോഗിച്ച കമ്മിറ്റി. ഹ്രസ്വകാല കാര്‍ഷികവായ്പകളെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രമാക്കണമെന്നും വായ്പാവലോകനത്തിന് റിസര്‍വ് ബാങ്ക് നിയോഗിച്ച ഇന്റേണല്‍ വര്‍ക്കിങ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു.
റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. കാര്‍ഷികവായ്പാ വിതരണത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സബ്‌സിഡിയോടെ നാലുശതമാനംമാത്രം പലിശയുള്ള സ്വര്‍ണപ്പണയ വായ്പകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. വായ്പനല്‍കുന്നത് കൃഷിക്കുവേണ്ട ചെലവിന്റെ അടിസ്ഥാനത്തിലല്ല, സ്വര്‍ണത്തിന്റെ അളവനുസരിച്ചാണ്. ആവശ്യമുള്ളതിലും കൂടുതല്‍ ആളുകള്‍ വായ്പയെടുക്കും. സുരക്ഷിതമായതിനാല്‍ ഇത്തരം വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് പ്രത്യേകം താത്പര്യമുണ്ട്. എന്നാല്‍, പണം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ഇത്തരം വായ്പകള്‍ കര്‍ഷകരുടെ കടബാധ്യത വര്‍ധിപ്പിക്കുന്നതായും കമ്മിറ്റി വിലയിരുത്തി.
കാര്‍ഷിക വായ്പക്കുള്ള അനുയോജ്യ മാര്‍ഗമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് രാജ്യമാകെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ 71 ശതമാനം വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES