‘കാര്‍ ലീസിങ്’ ഇനി കേരളത്തിലും

‘കാര്‍ ലീസിങ്’ ഇനി കേരളത്തിലും

ഫിദ-
ഉടമയാകാതെ സ്വന്തം പോലെ കാര്‍ ഉപയോഗിക്കാന്‍ കഴിയുന്ന ‘കാര്‍ ലീസിങ്’ എന്ന ആശയം കേരളത്തില്‍ അത്ര പരിചിതമല്ല. എന്നാല്‍, ‘ലീസിങ്’ ബിസിനസ് കേരളത്തില്‍ മെല്ലെ ചുവടുറപ്പിക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
നിശ്ചിത കാലയളവിലേക്ക് വാഹനം ഉപയോഗിക്കാനുള്ള അനുവാദം ‘ലീസിങ്ങി’ലൂടെ ലഭിക്കും. ഇതിനായി ഉപയോക്താവ് വാഹനം നല്‍കിയ കമ്പനിക്ക് നിശ്ചിത പണം മാസം അടയ്ക്കുകയാണ് ചെയ്യുക.
ദീര്‍ഘകാലം ഒരേ വാഹനംതന്നെ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് ഇപ്പോള്‍ താത്പര്യം കുറവാണ്. ഇതാണ് ‘ലീസിങ്ങി’ലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതത്രെ.
കൂടാതെ, ഇന്‍ഷുറന്‍സ്, പരിപാലനച്ചെലവ് എന്നിവ കമ്പനിയാണ് വഹിക്കുക. അപകടം ഉണ്ടായാല്‍ വാഹനം മാറ്റിത്തരികയും ചെയ്യും. സാധ്യത കണ്ടറിഞ്ഞ് ഹ്യുണ്ടായ്, ഹോണ്ട, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നേരിട്ടുതന്നെ ഈ രംഗത്തേക്ക് അടുത്തിടെ ഇറങ്ങിയിരുന്നു. എന്നാല്‍, ഇവര്‍ കേരളത്തില്‍ ലീസിങ് ബിസിനസ് ആരംഭിച്ചിട്ടില്ല.
ബിസിനസ് സംരംഭങ്ങള്‍ ‘ലീസിങ്’ വ്യാപകമായി ഉപയോഗിക്കുമെന്നും വൈകാതെ കേരളത്തില്‍ ലീസിങ് ബിസിനസ് ആരംഭിക്കുമെന്നും മഹീന്ദ്ര റീജണല്‍ സെയില്‍സ് മാനേജര്‍ ഇ.എസ്. സുരേഷ് കുമാര്‍ പറഞ്ഞു. ലീസിങ് വഴി വാഹനം സ്വന്തമാക്കിയാല്‍ ബിസിനസ് സംരംഭങ്ങളുടെ നികുതിഭാരം കുറയ്ക്കാം. കൂടാതെ, വാഹനം വാങ്ങുന്നതിന്റെ ഭീമമായ ചെലവോ വാഹന വായ്പയുടെ ഡൗണ്‍ പേയ്‌മെന്റോ ഇതിനില്ല.
ലീസിങ് വാഹനങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് നല്‍കുന്നതുകൊണ്ട് ഉപയോക്താവ് വാങ്ങിയതാണെന്ന് ആളുകള്‍ കരുതുന്നതും ഇതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെയാണ് പൊതുവേ വാഹനങ്ങള്‍ ഇതുവഴി ലഭിക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES