റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി കേന്ദ്രം വായ്പ എടുത്തേക്കും

റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി കേന്ദ്രം വായ്പ എടുത്തേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 30,000 കോടി രൂപകൂടി ഇടക്കാല ലാഭവിഹിതമായി കേന്ദ്രസര്‍ക്കാര്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍
പാദനത്തിന്റെ (ജി.ഡി.പി.) 3.3 ശതമാനത്തില്‍ കൂടാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനത്തിലേക്കു താഴ്ന്നതോടെ സര്‍ക്കാര്‍ ഒട്ടേറെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയില്‍ ഉണര്‍വുണ്ടാക്കാന്‍ 1.45 ലക്ഷം കോടിയുടെ കോര്‍പ്പറേറ്റ് നികുതിയിളവാണ് സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. വിദേശആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഇളവുകള്‍ വഴി 1400 കോടിയുടെ നികുതിനഷ്ടവും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്. ജി.എസ്.ടി. കൗണ്‍സില്‍ ഒട്ടേറെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതിയിളവ് വരുത്തിയതും വരുമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
ഇത് ബജറ്റില്‍ ലക്ഷ്യമിട്ടതിലും കൂടുതല്‍ ധനക്കമ്മിക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അധികവിഭവസമാഹരണത്തിന് ആര്‍.ബി.ഐ. വിഹിതത്തെ ആശ്രയിക്കാനൊരുങ്ങുന്നത്. 25,000 മുതല്‍ 30,000 കോടി രൂപവരെയാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജനുവരിയിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികള്‍ വിറ്റും ദേശീയ ചെറുകിട സമ്പാദ്യ പദ്ധതി (എന്‍.എസ്.എസ്.എഫ്.) വഴിയും പണം സ്വരൂപിക്കാനും നീക്കമുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വേഗം കൂടുമെന്നാണ് സൂചനകള്‍.
201718 സാമ്പത്തികവര്‍ഷം 10,000 കോടി രൂപയാണ് ആര്‍.ബി.ഐ. സര്‍ക്കാരിനു ലാഭവിഹിതമായി നല്‍കിയത്. 201819 കാലത്ത് അറ്റാദായമായ 12,13,414 കോടിയില്‍നിന്ന് 28,000 കോടിയും ആര്‍.ബി.ഐ. നല്‍കി. കഴിഞ്ഞമാസമാണ് 1.76 ലക്ഷം കോടി രൂപ കരുതല്‍ ശേഖരത്തില്‍നിന്ന് സര്‍ക്കാരിനു കൈമാറാന്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.ബി.ഐ. ബോര്‍ഡ് യോഗം തീരുമാനിച്ചത്. ബിമല്‍ ജലാന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമായിരുന്നു ഇത്. നിലവില്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ തുക സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്കില്‍നിന്നു കൈപ്പറ്റിക്കഴിഞ്ഞു. ബജറ്റ് നിര്‍ദേശം 90,000 കോടിയും കൈപ്പറ്റിയത് 95,414 കോടിയുമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES