സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ അടിയന്തര നടപടികള്‍ കൈക്കൊള്ളണം

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ അടിയന്തര നടപടികള്‍ കൈക്കൊള്ളണം

അളക ഖാനം-
വാഷിങ്ടണ്‍: സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ ഇന്ത്യ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്). ഉപഭോഗത്തിലും നിക്ഷേപത്തിലും നേരിട്ട തകര്‍ച്ചയും നികുതി വരുമാനത്തിലെ ഇടിവും മറ്റ് ഘടകങ്ങളും ലോകത്തിലെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യക്ക് വിഘാതം സൃഷ്ടിച്ചതായി ഐ.എം.എഫ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയ ഇന്ത്യ ഇപ്പോള്‍ കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ നടുവിലാണെന്ന് ഐ.എം.എഫ് മിഷന്‍ ചീഫ്(ഇന്ത്യ) റനില്‍ സല്‍ഗഡോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലവിലുള്ള സാമ്പത്തിക മാന്ദ്യം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് ഇയര്‍ന്ന വളര്‍ച്ചയുടെ വഴിയിലേക്ക് എത്താന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്. ഉയര്‍ന്ന വായ്പയും പലിശ അടവും പരിഗണിക്കുമ്പോള്‍ വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ വിനിയോഗത്തെ ത്വരിതപ്പെടുത്താന്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥക്ക് വായ്പ നല്‍കാനുള്ള കഴിവ് വര്‍ധിപ്പിക്കാനായി സാമ്പത്തിക മേഖലയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള നടപടികള്‍ ഇന്ത്യ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് ബാങ്ക് ഈ വര്‍ഷം അഞ്ച് തവണയാണ് വായ്പാനിരക്ക് വെട്ടിക്കുറച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. കൂടാതെ റിസര്‍വ് ബാങ്ക് വാര്‍ഷിക വളര്‍ച്ചാനിരക്ക് നേരത്തേ പ്രവചിച്ച 6.1ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറക്കുകയും ചെയ്തു. സര്‍ക്കാര്‍ പുറത്തു വിട്ട കണക്കനുസരിച്ച് ജൂലൈ, സെപ്റ്റംബര്‍ സമയത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനമുള്ളത് 4.5ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close