ക്രിസ്മസ് സീസണിലും വിപണിയില്‍ വിലക്കയറ്റം തുടരുന്നു

ക്രിസ്മസ് സീസണിലും വിപണിയില്‍ വിലക്കയറ്റം തുടരുന്നു

ഫിദ-
തിരു: പൗരത്വ ഭേദഗതി നിയമവിവാദത്തിന്റെ മറവില്‍, ക്രിസ്മസ് സീസണിലും വിപണിയില്‍ വിലക്കയറ്റം തുടരുന്നു. നിത്യോപയോഗസാധനങ്ങളുടെ തീവില അണഞ്ഞില്ലെന്നു മാത്രമല്ല, അരിവില ആളിക്കത്തുകയുമാണ്. സവാള, ചെറിയ ഉള്ളി എന്നിവയുടെ വിലയിലും കാര്യമായ മാറ്റമില്ല.
സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 95 രൂപക്കു സവാള വിതരണം ചെയ്യാനുള്ള നടപടി വീണ്ടും പാളി. മിക്ക ഔട്ട്‌ലെറ്റുകളിലും സവാളയില്ല. ഉള്ളയിടങ്ങളില്‍ വിതരണം ചെയ്യുന്നതിലാകട്ടെ തൂക്കത്തില്‍ വെട്ടിപ്പു നടക്കുന്നതായി വ്യാപക ആക്ഷേപമുയര്‍ന്നു. ക്രിസ്മസ് ഒരുദിനം അകലെ നില്‍ക്കുമ്പോഴും വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ല. രാഷ്ട്രീയവിവാദങ്ങളുടെ മറവില്‍, വിലക്കയറ്റം ചര്‍ച്ചയാകാതിരിക്കാനുള്ള മനഃപൂര്‍വമായ നീക്കവും നടക്കുന്നു. വിപണിയില്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പും സജീവമാണ്. അഞ്ചുവര്‍ഷത്തേക്ക് 13 നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടിട്ടും അക്കാര്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. മാവേലി സ്‌റ്റോറുകള്‍ ഉള്‍പ്പെടെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ഏറെക്കുറെ കാലിയായി. ഉള്ള സാധനങ്ങള്‍ക്കു ഗുണനിലവാരം തീരെയില്ല. സാഹചര്യങ്ങള്‍ ഇങ്ങനെയായിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല.
മേല്‍ത്തരം കുത്തരിയുടെ വില 56 രൂപ കടന്നപ്പോള്‍ ഇടത്തരം കുത്തരിവില 52ല്‍നിന്ന് 53 രൂപയായി. 32 രൂപയായിരുന്ന പച്ചരിവില 35 ആയി. റേഷന്‍ കടകളില്‍ പച്ചരി കിട്ടാതായിട്ടു നാളുകളായി. സംസ്ഥാനത്തെ എഫ്.സി.ഐ, വെയര്‍ ഹൗസ് ഗോഡൗണുകളില്‍ അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുമ്പോഴാണ് ഈ അവസ്ഥ. ഉരുളക്കിഴങ്ങ്50 രൂപ, ചെറിയ ഉള്ളി165, സവാള148 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. ഇവക്കു കഴിഞ്ഞദിവസം വില കുറഞ്ഞിരുന്നെങ്കിലും ക്രിസ്മസ് അടുത്തതോടെ വീണ്ടും കൂടി.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close