Month: March 2018

സ്വര്‍ണത്തിന് വില കൂടി

ഗായത്രി
കൊച്ചി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക പടരുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി. ;2865 രൂപയാണ് ഗ്രാമിന്.
ഒരാഴ്ചക്കിടെ, 480 രൂപയാണ് കൂടിയത്. 2016 നവംബറില്‍ രാജ്യത്ത് നോട്ടുനിരോധനം നിലവില്‍ വന്ന ശേഷം താഴേക്കു പോയ സ്വര്‍ണവില ആദ്യമായാണ് ഇപ്പോഴത്തെ നിലവാരത്തിലേക്ക് തിരിച്ചുകയറുന്നത്.
ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് വ്യാപാര യുദ്ധത്തിലേക്ക് നീങ്ങാന്‍ കാരണം.
ലോകത്തെ രണ്ടു പ്രധാന ശക്തികളായ അമേരിക്കയും ചൈനയും പരസ്പരം ഇറക്കുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് ആഗോള സമ്പദ്ഘടനയെത്തന്നെ പിന്നോട്ടടിക്കും. ഈ ഭീതിയില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.
ഓഹരി വിപണികളും ഇടിവിന്റെ പാതയിലാണ്. അതിനിടെ, അറ്റോര്‍ണി ജോണ്‍ ബോള്‍ട്ടനെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വിപണികളില്‍ കൂടുതല്‍ ആശങ്ക പരത്തിയിരിക്കുകയാണ്.
സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ വേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറാറുണ്ട്. ഇതു തന്നെയാണ്, സ്വര്‍ണവിലയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിനും കാരണം.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഏറ്റവും വലിയ കുതിപ്പുണ്ടായത്. മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയ 2008 ജനുവരിയില്‍ 8,000 രൂപയിലേക്ക് എത്തിയ പവന്‍വില 2011 ഏപ്രിലിലില്‍ 16,000 രൂപയിലെത്തി. 2012 സെപ്റ്റംബറില്‍ 24,160 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി. എന്നാല്‍, പിന്നീട് താഴേക്ക് പതിച്ച സ്വര്‍ണത്തിന് ആ നിലയിലേക്ക് തിരിച്ചുകയറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

 

മൈഥിലി വീണ്ടും മലയാളത്തില്‍

ഗായത്രി
ഇടവേളക്കു ശേഷം മൈഥിലി വീണ്ടും മലയാള സിനിമയിലേക്ക്. പ്രിയാനന്ദന്റെ പാതിരാക്കാലത്തിനു ശേഷം മികച്ച മറ്റൊരു കഥാപാത്രവുമായി എത്തുകയാണ് താരം. നവാഗതനായ പി. വിജയകുമാര്‍ സംവിധാനം ചെയ്ത ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ എന്ന ചിത്രത്തില്‍ സാറയായാണ് മൈഥിലി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ പൂര്‍ത്തിയായി.
ആലപ്പുഴ പുന്നമടക്കായലിന്റെ തീരത്തു നിലകൊള്ളുന്ന ഫ്രെഡിസ് ഐലന്റിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത്. സണ്‍ ആഡ്‌സ് ആന്റ് ഫിലിം പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഡോക്ടര്‍ സുന്ദര്‍ മേനോന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയത് ജോമോന്‍ തോമസ് ആണ്. സംഗീത സംവിധാനം ബിജിപാലും എഡിറ്റിംഗ് ദിലീപ് ഡെന്നിസും തിരക്കഥ ശ്യാം പി എസും ഗാനരചന സന്തോഷ് വര്‍മയും നിര്‍വഹിച്ചിരിക്കുന്നു.

എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹം കഴിച്ചത്

ഗായത്രി
ലിസിയും പ്രിയദര്‍ശനും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം വേര്‍ പിരിഞ്ഞത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ കാരണം പറഞ്ഞ് ലിസി രംഗത്തെത്തിയിരിക്കുന്നു.
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്കു വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവെക്കരുത്.’
‘ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തെരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ വേണം, പക്ഷേ അച്ഛനും അമ്മയും എപ്പോഴും അടുത്തു വേണമെന്നില്ല.
‘മകള്‍ സിനിമ തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷം. അവള്‍ക്കു അവളുടെ കരിയറില്‍ ആവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഏതു തരം സിനിമകള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാനുമായി ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവള്‍ക്കു അവളുടേതായ തീരുമാനങ്ങള്‍ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവള്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവള്‍ നന്നായി തന്നെ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനു അവള്‍ക്കു വേണ്ട പിന്തുണ നല്‍കാനും എന്നും തയ്യാറാണ്. ലിസി പറയുന്നു.

വിലക്കുറവില്‍ ബജാജ് സിടി 100 സ്വന്തമാക്കാം

ഗായത്രി
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാണ് ബജാജ് സിടി 100. സിടി 100 ന്റെ വില വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് ബജാജ്. ബജറ്റ് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് വിലക്കുറവുമായി ബജാജ് രംഗത്തെത്തിയിരിക്കുന്നത്.
32,653 രൂപ വിലയിലാണ് ബജാജ് സിടി 100 നെ അവതരിച്ചത്.
ഇപ്പോള്‍ 30,714 രൂപ എക്‌സ് ഷോറൂം വിലയില്‍ ലഭ്യമാക്കാം. ഏറ്റവും ഉയര്‍ന്ന പതിപ്പ് സിടി100 ഇഎസിന് 39,885 രൂപയാണ് പുതിയ വില. 41,997 രൂപ വിലയിലാണ് ഈ അലോയ് പതിപ്പ് അവതരിച്ചത്.
എന്നാല്‍ സിടി 100 കെഎസ് അലോയ് പതിപ്പിനാണ് കാര്യമായ വിലക്കുറവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 6,835 രൂപ വിലക്കുറവില്‍ 31,802 രൂപ വിലയില്‍ സിടി 100 കെഎസ് സ്വന്തമാക്കാം. 38,637 രൂപയായിരുന്നു യഥാര്‍ത്ഥ വില. 7.6 ബിഎച്ച്പിയും 8.24 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 99.27സിസി എന്‍ജിനാണ് സിടി 100 ന് കരുത്തേകുന്നത്.

 

ത്രെഡ് വളകള്‍ ട്രെന്റാവുന്നു

ഫിദ
പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകള്‍ ട്രെന്റാവുന്നു. മനോഹരമായ ഡിസൈനുകളാണ് സില്‍ക്ക് ത്രെഡ് വളകളെ മനോഹരമാക്കുന്നത്.
വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെ സവിശേഷതകള്‍.
സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും വില്‍പ്പന ഏറെയാണ്. 10 മുതല്‍ 50 രൂപ വരെയാണ് വില. ഫല്‍റസന്റ് പച്ച, പിസ്ത ഗ്രീ ന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ എന്നീ നിറങ്ങളില്‍ ത്രെഡ് വളകള്‍ ലഭ്യമാണ്. സാരി, കുര്‍ത്ത, ചുരിദാര്‍,വസ്ത്രം ഏതുമാകട്ടെ, സു ന്ദരിയാകാനും ഒപ്പം സ് റ്റൈലിഷാകാനും ത്രെഡ് വളകളേയും ഒപ്പം കൂട്ടാം.

 

അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കും

രാംനാഥ് ചാവ്‌ല
അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുംന്യൂഡല്‍ഹി: അമേരിക്കയുടെ വ്യവസായ നയങ്ങള്‍ക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്. ഇറക്കുമതി തീരുവയില്‍ അമേരിക്ക യൂറോപ്യന്‍ യൂണിയന്‍, ആസ്‌ട്രേലിയ, കാനഡ, മെക്‌സികോ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.ചില രാജ്യങ്ങള്‍ക്ക് മാത്രം ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിച്ച തീരുമാനത്തിനെതിരെയാണ് ഇന്ത്യ വ്യാപാര സംഘടനയെ സമീപിക്കുന്നത്. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിയമവിദഗ്ധരുടെ ഉപദേശം തേടിയെന്നാണ് റിപ്പോര്‍ട്ട്. അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യ തുടര്‍നടപടികള്‍ സ്വീകരിക്കു.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയും അലുമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനമെടുത്തത്. അമേരിക്കന്‍ വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

ബി.എസ്.എന്‍.എല്‍ ഫോര്‍ജി സേവനം ജൂണില്‍

ഗായത്രി
കൊച്ചി: ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോര്‍ജി സേവനം ജൂണ്‍ അവസാനത്തോടെ രാജ്യമാകെ ലഭ്യമാകും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 7,000 കോടി രൂപ അനുവദിക്കും. ബി.എസ്.എന്‍.എല്‍ 5,500 കോടി രൂപയാണ് നീക്കിവെക്കുന്നത്. അടുത്തമാസം ഇക്കാര്യത്തില്‍ അന്തിമ അനുമതിയാവും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഒഴികെ ഫോര്‍ജി വ്യാപിപ്പിക്കാനാണ് ശ്രമം.
നിലവില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍ജി സേവനം ലഭിക്കുന്നത് കേരളത്തിലെ ഉടുമ്പന്‍ചോലയില്‍ മാത്രമാണ്. ഒഡിഷയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ ഫോര്‍ജി വരും. പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലിന് ഫോര്‍ജി വിപുലമാക്കാന്‍ വേണ്ട അനുമതിയും പിന്തുണയും നല്‍കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ നിലനില്‍പ്പിനും മത്സരക്ഷമതക്കും ഇത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം മൊബൈല്‍ സേവന രംഗത്തുനിന്ന് ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെടുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ 5ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടിഇ എന്നീ കമ്പനികളുമായി ബി.എസ്.എന്‍.എല്‍ ധാരണപത്രം ഒപ്പുവെച്ചു. ഫോര്‍ജി വ്യാപിപ്പിക്കാനുള്ള കരാറും ഈ കമ്പനികള്‍ക്കാണ്. അടുത്തവര്‍ഷം ഫൈവ്ജി വരുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ. അടുത്ത ഒരു വര്‍ഷത്തിനിടക്ക് രാജ്യത്ത് ഒരു ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ട് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ആകര്‍ഷകമായ താരിഫ് പ്ലാനുകളും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും അടുത്തകാലത്ത് ബി.എസ്.എന്‍.എല്ലിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ട്. മൊബൈല്‍ സേവന രംഗത്തുനിന്ന് പിന്മാറുന്ന എയര്‍സെല്ലിന്റെ തമിഴ്‌നാട്ടിലെ 15 ലക്ഷത്തോളം ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്‍ കണക്ഷനിലേക്ക് മാറി. കേന്ദ്ര സര്‍ക്കാറില്‍നിന്ന് വേണ്ടത്ര പിന്തുണ ഇല്ലാതിരുന്നിട്ടും ബി.എസ്.എന്‍.എല്‍ നിലനില്‍പ്പിനായി കടുത്ത പോരാട്ടത്തിലാണ്.

വാടക ഗര്‍ഭപാത്രം പരോപകാര പ്രവൃത്തി

വിഷ്ണു പ്രതാപ്
ന്യുഡല്‍ഹി: പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകക്കു നല്‍കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന ‘വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍’ ഭേദഗതി ചെയ്യുന്നു. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അമ്മമാരുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം ഉറപ്പാക്കാനായാണ് ബില്‍ ഭേദഗതി ചെയ്യുന്നത്.
ദേശീയതലത്തില്‍ വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും. ദേദഗതി ബില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബോര്‍ഡ് നിലവില്‍ വരും. ബോര്‍ഡിനു കീഴില്‍ സംസ്ഥാനങ്ങളിലും ബോര്‍ഡുകളും അതോറിറ്റികളും രൂപവത്കരിക്കും.
കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കാന്‍ ബില്‍ അനുമതി നല്‍കുന്നു. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ നിയമപ്രകാരം വിവാഹിതരായി കഴിയുന്ന ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗര്‍ഭപാത്രത്തിനായി ആശ്രയിക്കാം. ഗര്‍ഭപാത്രം വാടകക്കു നല്‍കുന്നതിനെ പരോപകാര പ്രവൃത്തിയായാണ് ബില്‍ നിര്‍വചിക്കുന്നത്.
നിയന്ത്രണ ബില്‍ ഭേദഗതി ചെയ്യുന്നതോടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യ വാടക ഗര്‍ഭപാത്ര കേന്ദ്രമായി മാറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. വാടക ഗര്‍ഭപാത്രത്തിനായി നിരവധി വിദേശികളാണ് ഇന്ത്യയെ ആശ്രയിക്കുന്നത്. ഇതു പല ചൂഷണങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന കണ്ടെത്തലോടെയാണ് ഭേദഗതി ബില്‍ ഒരുങ്ങിയത്.

ബാഹുബലി ചൈനയില്‍

അളക ഖാനം
കളക്ഷന്‍ റെക്കാഡുകള്‍ സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചൈനയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ചിത്രത്തിന് ചൈനയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എന്നാല്‍ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ബാഹുബലിയുടെ ആദ്യ ഭാഗവും ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്ക് മികച്ച സ്വീകരണമാണ് ചൈനീസ് പ്രേക്ഷകര്‍ നല്‍കുന്നത്. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ 2122 കോടിയും സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ 964 കോടിയുമാണ് ചൈനയില്‍ നിന്നു കൊയ്തത്.

 

ലൈസന്‍സില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ ചീറിപ്പായുന്നു

സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളുമായെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. സ്‌കൂളുകളില്‍ ലൈസന്‍സില്ലാതെ വാഹനം കൊണ്ടുവരരുതെന്ന് നിയമമുണ്ടെങ്കിലും അതൊക്കെ കാറ്റില്‍പ്പറത്തിയാണ് വിദ്യാര്‍ത്ഥികളുടെ അശ്രദ്ധമായ അപകടയാത്ര. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ഒരുകാര്യവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഹെല്‍മറ്റ് പോലും ധരിക്കാതെ പ്രായം തിരിച്ചറിയാതിരിക്കാന്‍ ടവല്‍ കെട്ടി മുഖം മറച്ചാണ് വിരുതന്മാര്‍ അധികൃതര്‍ക്കു മുന്നിലൂടെ പറന്നുനടക്കുന്നത്. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ നിരവധി കേസുകളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പല ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ചിലയിടങ്ങളില്‍ അപകട മരണവുമുണ്ടായി. കേസുകളുടെ എണ്ണം കേട്ടാല്‍ കുറവെന്ന് തോന്നാം, എന്നാല്‍ പെറ്റിക്കേസുകളില്‍ പിഴയടച്ച് രക്ഷപ്പെടുന്നവരുടെ എണ്ണം ഏറെയാണ്. നിയമലംഘനങ്ങള്‍ക്ക് നിസാര തുക പിഴയടച്ച് രക്ഷപ്പെടുന്ന ശീലം വളരെ കൂടുതലാണെന്നും ട്രാഫിക് അധികൃതര്‍ പറയുന്നു. ലൈസന്‍സില്ലാത്തവരെ പിടികൂടിയാല്‍ വാഹന ഉടമക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് വന്നപ്പോഴാണ് നിയമലംഘനങ്ങളില്‍ കുറവുണ്ടായത്.
ഒന്നിലധികം വാഹനങ്ങളുള്ള വീടുകളില്‍ വാഹനം പലപ്പോഴും കുട്ടികള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. മാതാപിതാക്കള്‍ പലപ്പോഴും ഇതിന് കൂട്ടുനില്‍ക്കുകയാണ് പതിവ്.
എന്നാല്‍ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടികള്‍ വീട്ടിലെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണതയുമുണ്ട്. അവധിക്കാലമാവുന്നതോടെ ഇതിനുള്ള സാധ്യത ഏറെയാണ്. ഇത് നിരുത്സാഹപ്പെടുത്തുക തന്നെ വേണം. ഇങ്ങനെ ഉണ്ടാകുന്ന നിയമ ലംഘനങ്ങള്‍ക്കും അപകടങ്ങള്‍ക്കുമെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങുകയാണ് പോലീസ്.