ബി.എസ്.എന്‍.എല്‍ ഫോര്‍ജി സേവനം ജൂണില്‍

ബി.എസ്.എന്‍.എല്‍ ഫോര്‍ജി സേവനം ജൂണില്‍

ഗായത്രി
കൊച്ചി: ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോര്‍ജി സേവനം ജൂണ്‍ അവസാനത്തോടെ രാജ്യമാകെ ലഭ്യമാകും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 7,000 കോടി രൂപ അനുവദിക്കും. ബി.എസ്.എന്‍.എല്‍ 5,500 കോടി രൂപയാണ് നീക്കിവെക്കുന്നത്. അടുത്തമാസം ഇക്കാര്യത്തില്‍ അന്തിമ അനുമതിയാവും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഒഴികെ ഫോര്‍ജി വ്യാപിപ്പിക്കാനാണ് ശ്രമം.
നിലവില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍ജി സേവനം ലഭിക്കുന്നത് കേരളത്തിലെ ഉടുമ്പന്‍ചോലയില്‍ മാത്രമാണ്. ഒഡിഷയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ ഫോര്‍ജി വരും. പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലിന് ഫോര്‍ജി വിപുലമാക്കാന്‍ വേണ്ട അനുമതിയും പിന്തുണയും നല്‍കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ നിലനില്‍പ്പിനും മത്സരക്ഷമതക്കും ഇത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം മൊബൈല്‍ സേവന രംഗത്തുനിന്ന് ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെടുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ 5ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടിഇ എന്നീ കമ്പനികളുമായി ബി.എസ്.എന്‍.എല്‍ ധാരണപത്രം ഒപ്പുവെച്ചു. ഫോര്‍ജി വ്യാപിപ്പിക്കാനുള്ള കരാറും ഈ കമ്പനികള്‍ക്കാണ്. അടുത്തവര്‍ഷം ഫൈവ്ജി വരുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ. അടുത്ത ഒരു വര്‍ഷത്തിനിടക്ക് രാജ്യത്ത് ഒരു ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ട് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ആകര്‍ഷകമായ താരിഫ് പ്ലാനുകളും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും അടുത്തകാലത്ത് ബി.എസ്.എന്‍.എല്ലിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ട്. മൊബൈല്‍ സേവന രംഗത്തുനിന്ന് പിന്മാറുന്ന എയര്‍സെല്ലിന്റെ തമിഴ്‌നാട്ടിലെ 15 ലക്ഷത്തോളം ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്‍ കണക്ഷനിലേക്ക് മാറി. കേന്ദ്ര സര്‍ക്കാറില്‍നിന്ന് വേണ്ടത്ര പിന്തുണ ഇല്ലാതിരുന്നിട്ടും ബി.എസ്.എന്‍.എല്‍ നിലനില്‍പ്പിനായി കടുത്ത പോരാട്ടത്തിലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close