വാടക ഗര്‍ഭപാത്രം പരോപകാര പ്രവൃത്തി

വാടക ഗര്‍ഭപാത്രം പരോപകാര പ്രവൃത്തി

വിഷ്ണു പ്രതാപ്
ന്യുഡല്‍ഹി: പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകക്കു നല്‍കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന ‘വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍’ ഭേദഗതി ചെയ്യുന്നു. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അമ്മമാരുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം ഉറപ്പാക്കാനായാണ് ബില്‍ ഭേദഗതി ചെയ്യുന്നത്.
ദേശീയതലത്തില്‍ വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും. ദേദഗതി ബില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബോര്‍ഡ് നിലവില്‍ വരും. ബോര്‍ഡിനു കീഴില്‍ സംസ്ഥാനങ്ങളിലും ബോര്‍ഡുകളും അതോറിറ്റികളും രൂപവത്കരിക്കും.
കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കാന്‍ ബില്‍ അനുമതി നല്‍കുന്നു. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ നിയമപ്രകാരം വിവാഹിതരായി കഴിയുന്ന ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗര്‍ഭപാത്രത്തിനായി ആശ്രയിക്കാം. ഗര്‍ഭപാത്രം വാടകക്കു നല്‍കുന്നതിനെ പരോപകാര പ്രവൃത്തിയായാണ് ബില്‍ നിര്‍വചിക്കുന്നത്.
നിയന്ത്രണ ബില്‍ ഭേദഗതി ചെയ്യുന്നതോടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യ വാടക ഗര്‍ഭപാത്ര കേന്ദ്രമായി മാറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. വാടക ഗര്‍ഭപാത്രത്തിനായി നിരവധി വിദേശികളാണ് ഇന്ത്യയെ ആശ്രയിക്കുന്നത്. ഇതു പല ചൂഷണങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന കണ്ടെത്തലോടെയാണ് ഭേദഗതി ബില്‍ ഒരുങ്ങിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close