ലൈസന്‍സില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ ചീറിപ്പായുന്നു

ലൈസന്‍സില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ ചീറിപ്പായുന്നു

സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളുമായെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. സ്‌കൂളുകളില്‍ ലൈസന്‍സില്ലാതെ വാഹനം കൊണ്ടുവരരുതെന്ന് നിയമമുണ്ടെങ്കിലും അതൊക്കെ കാറ്റില്‍പ്പറത്തിയാണ് വിദ്യാര്‍ത്ഥികളുടെ അശ്രദ്ധമായ അപകടയാത്ര. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ഒരുകാര്യവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഹെല്‍മറ്റ് പോലും ധരിക്കാതെ പ്രായം തിരിച്ചറിയാതിരിക്കാന്‍ ടവല്‍ കെട്ടി മുഖം മറച്ചാണ് വിരുതന്മാര്‍ അധികൃതര്‍ക്കു മുന്നിലൂടെ പറന്നുനടക്കുന്നത്. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ നിരവധി കേസുകളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പല ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ചിലയിടങ്ങളില്‍ അപകട മരണവുമുണ്ടായി. കേസുകളുടെ എണ്ണം കേട്ടാല്‍ കുറവെന്ന് തോന്നാം, എന്നാല്‍ പെറ്റിക്കേസുകളില്‍ പിഴയടച്ച് രക്ഷപ്പെടുന്നവരുടെ എണ്ണം ഏറെയാണ്. നിയമലംഘനങ്ങള്‍ക്ക് നിസാര തുക പിഴയടച്ച് രക്ഷപ്പെടുന്ന ശീലം വളരെ കൂടുതലാണെന്നും ട്രാഫിക് അധികൃതര്‍ പറയുന്നു. ലൈസന്‍സില്ലാത്തവരെ പിടികൂടിയാല്‍ വാഹന ഉടമക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് വന്നപ്പോഴാണ് നിയമലംഘനങ്ങളില്‍ കുറവുണ്ടായത്.
ഒന്നിലധികം വാഹനങ്ങളുള്ള വീടുകളില്‍ വാഹനം പലപ്പോഴും കുട്ടികള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. മാതാപിതാക്കള്‍ പലപ്പോഴും ഇതിന് കൂട്ടുനില്‍ക്കുകയാണ് പതിവ്.
എന്നാല്‍ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടികള്‍ വീട്ടിലെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണതയുമുണ്ട്. അവധിക്കാലമാവുന്നതോടെ ഇതിനുള്ള സാധ്യത ഏറെയാണ്. ഇത് നിരുത്സാഹപ്പെടുത്തുക തന്നെ വേണം. ഇങ്ങനെ ഉണ്ടാകുന്ന നിയമ ലംഘനങ്ങള്‍ക്കും അപകടങ്ങള്‍ക്കുമെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങുകയാണ് പോലീസ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close