സ്വര്‍ണത്തിന് വില കൂടി

സ്വര്‍ണത്തിന് വില കൂടി

ഗായത്രി
കൊച്ചി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക പടരുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി. ;2865 രൂപയാണ് ഗ്രാമിന്.
ഒരാഴ്ചക്കിടെ, 480 രൂപയാണ് കൂടിയത്. 2016 നവംബറില്‍ രാജ്യത്ത് നോട്ടുനിരോധനം നിലവില്‍ വന്ന ശേഷം താഴേക്കു പോയ സ്വര്‍ണവില ആദ്യമായാണ് ഇപ്പോഴത്തെ നിലവാരത്തിലേക്ക് തിരിച്ചുകയറുന്നത്.
ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് വ്യാപാര യുദ്ധത്തിലേക്ക് നീങ്ങാന്‍ കാരണം.
ലോകത്തെ രണ്ടു പ്രധാന ശക്തികളായ അമേരിക്കയും ചൈനയും പരസ്പരം ഇറക്കുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് ആഗോള സമ്പദ്ഘടനയെത്തന്നെ പിന്നോട്ടടിക്കും. ഈ ഭീതിയില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.
ഓഹരി വിപണികളും ഇടിവിന്റെ പാതയിലാണ്. അതിനിടെ, അറ്റോര്‍ണി ജോണ്‍ ബോള്‍ട്ടനെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വിപണികളില്‍ കൂടുതല്‍ ആശങ്ക പരത്തിയിരിക്കുകയാണ്.
സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ വേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറാറുണ്ട്. ഇതു തന്നെയാണ്, സ്വര്‍ണവിലയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിനും കാരണം.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഏറ്റവും വലിയ കുതിപ്പുണ്ടായത്. മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയ 2008 ജനുവരിയില്‍ 8,000 രൂപയിലേക്ക് എത്തിയ പവന്‍വില 2011 ഏപ്രിലിലില്‍ 16,000 രൂപയിലെത്തി. 2012 സെപ്റ്റംബറില്‍ 24,160 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി. എന്നാല്‍, പിന്നീട് താഴേക്ക് പതിച്ച സ്വര്‍ണത്തിന് ആ നിലയിലേക്ക് തിരിച്ചുകയറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close