Month: February 2020

റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു

ഗായത്രി-
കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് ദിനംപ്രതി സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്.
ഈവര്‍ഷം ജനുവരി ആറിനാണ് പവന്‍ വില ആദ്യമായി 30,000 കടന്നത്. തുടര്‍ന്നങ്ങോട്ട് വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി.
ദേശീയ വിപണിയില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനവാണുണ്ടായത്.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേക്ക് താഴ്ന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ചൈനയിയില്‍ കൊറോണ വൈറസ് ബാധയാണ് വിലവര്‍ധനയെ സ്വാധീനിച്ചത്. വ്യാവസായ വളര്‍ച്ചകുറയുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് കാരണം.

 

വണ്ടര്‍ വാറന്ററി സൗകര്യം ഹ്യുണ്ടായി ഓറക്കും

ഫിദ-
കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച വണ്ടര്‍ വാറന്ററി സൗകര്യം കൂടുതല്‍ ഹുണ്ടായി കാറുകളിലേക്ക്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഐ 10 നിയോസ് മോഡലിലൂടെ അവതരിപ്പിച്ച വണ്ടര്‍ വാറന്റി ഇപ്പോള്‍ ഹുണ്ടായി ഓറ മോഡലുകള്‍ക്കും ലഭിക്കുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. സാധാരണനിലയില്‍ നല്‍കിവരുന്ന മൂന്നു വര്‍ഷ വാറന്റിക്ക് പുറമേ നാലു വര്‍ഷം, അഞ്ചു വര്‍ഷം എന്നീ അവസരങ്ങള്‍കൂടി ലഭ്യമാക്കുന്നതാണു വണ്ടര്‍ വാറന്റി.
മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററാണ് സാധാരണയായി കാറുകള്‍ക്ക് ലഭിക്കാറുള്ള വാറന്റി. വണ്ടര്‍ വാറന്റി സൗകര്യം പ്രയോജനപ്പെടുത്തി നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍, അഞ്ചു വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ എന്നിങ്ങനെയുള്ള വാറന്റി ഓപ്ഷനുകള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാം. കുറവ് കിലോമീറ്റര്‍ വാഹനം ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രയോജനം ചെയ്യുന്നതാണ് വണ്ടര്‍ വാറന്റി.

 

റെക്കോഡ് ഭേദിച്ച് സ്വര്‍ണവില പവന് 31,480 രൂപ

കൊച്ചി: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും റെക്കോഡ് ഭേദിച്ച് സ്വര്‍ണവില കുതിച്ചു. സ്വര്‍ണം പവന് ഇന്ന് 200 രൂപവര്‍ധിച്ച് 31,480 രൂപയായി. 3935 രൂപയാണ് ഗ്രാമിന്.
ഇന്നലെ പവന് 400 രൂപയാണ് വര്‍ധിച്ചത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വര്‍ധിച്ചത്. ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. മാന്ദ്യവേളയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാറുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചു.
വില വന്‍തോതില്‍ ഉയര്‍ന്നതോടെ ജ്വല്ലറികളില്‍ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേര്‍ക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 36,000ത്തോളം രൂപ നല്‍കേണ്ടി വരും.

 

മനസ്സില്‍ കൂടണയുന്ന അപ്പുപ്പന്‍ താടികള്‍

മലിക് നാലകത്ത്-
ഓര്‍മ്മപ്പുഴയിലൂടെ ഒരു പിന്‍സഞ്ചാരമാണ് സഫിയ മുഹിയദ്ദീന്റെ അപ്പൂപ്പന്‍താടികള്‍. കറുപ്പിനും വെളുപ്പിനുമിടയിലെ അനന്തസാധ്യതകളാണ് വര്‍ണരാജി. അല്‍പം ഇരുണ്ട ബാല്യത്തിന്റെ വര്‍ണാഭമായ ഓര്‍മകളാണിത്. അനുഭവത്തില്‍ ഇരുണ്ടു പോയത് പലപ്പോഴും ഓര്‍മയില്‍ ഏഴുവര്‍ണങ്ങളില്‍ കുളിച്ചു നില്‍ക്കും. ഇവിടെയും സഫിയ മുഹിയദ്ദീന്‍ തന്റെ ബാല്യ കൗമാരങ്ങളുടെ ഓര്‍മയില്‍ നനയുമ്പോള്‍ അനുവാചക ഹൃദയത്തില്‍ വിരിയുന്നത് ഏഴല്ല, എഴുനൂറു വര്‍ണങ്ങളാണ്..
പ്രാഥമിക . സൗകര്യങ്ങളേതുമില്ലാത്ത ഒരു പഴയ കാല മലമ്പ്രദേശത്ത് കുടിയേറിയെത്തിയ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആദര്‍ശനിഷ്ഠനും മനുഷ്യ സ്‌നേഹിയുമായ ഒരു യുവാവിന്റെയും അയാളുടെ കുടുംബത്തിന്റെയും ജീവിതവും ജീവിതഭൂമികയുമാണ് മകളുടെ ഓര്‍മയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
മുഴുവന്‍ അധ്യായങ്ങളെയോ കഥാപാത്രങ്ങളെയാേ ഞാനിവിടെ പരിചയപ്പെടുത്തുന്നില്ല. പുസ്തകത്തിന്റെ ഭാവത്തെയും അതിന്റെ പ്രസക്തിയെയും ശക്തവും എന്നാല്‍ ലളിതവുമായ കഥനശൈലിയിലൂടെ ഒരു പ്രദേശത്തിന്റെ കാലസഞ്ചാരം കൃത്യമായി വരച്ചുകാണിക്കാന്‍ സാധിച്ച സഫിയ ടീച്ചറുടെ കയ്യടക്കത്തെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഞാനുദ്ദേശിച്ചതും ചെയ്തതും.
ഒരു പുസ്തകത്തെ സംബന്ധിച്ചിടത്തോളം അതാദ്യം നേരിടേണ്ട ചോദ്യം അതിന്റെ സാമൂഹിക പ്രസക്തിയെന്ത് എന്നതാണ്. ഒരു പുസ്തകത്തെ പരിചയപ്പെടുത്തുമ്പോഴും ചെയ്യേണ്ടത് അതുതന്നെയാണ്, എന്തുകൊണ്ടീ പൂസ്തകം? ഒട്ടുമേ പ്രശസ്തയല്ലാത്ത,
ഒട്ടും സംഭവബഹുലമല്ലാത്ത ഒരു പെണ്‍ജീതത്തിന്റെ ഓര്‍മക്ക് സമൂഹത്തിലെന്താണ് പ്രസക്തി? അപ്പൂപ്പന്‍ താടികള്‍ പേരുകൊണ്ടു തന്നെ അതിന്റെ ലാളിത്യം വെളിപ്പെടുത്തുന്നു. അഹങ്കാരത്തിന്റെ ആടയാഭരണങ്ങളില്ലാത്ത, ദിശപോലും നിര്‍ണ്ണിതമല്ലാത്ത, ജീവിത സഞ്ചാരത്തിന്റെ പേരാണത്. അത്രമേല്‍ അനിശ്ചിതത്വം നിറഞ്ഞ ഒരു പെണ്ണിന്റെ സ്വന്തം ബാല്യ കൗമാരത്തിന്റെ മാത്രം കഥയല്ലിത്. അവിടെയാണ് അപ്പൂപ്പന്‍ താടിയുടെ പ്രസക്തിയും.
ഒരു സമൂഹത്തില്‍ പെണ്‍ജന്മങ്ങളനുഭവിക്കേണ്ടിവരുന്ന അനിശ്ചിതത്വമാണ് അപ്പൂപ്പന്‍ താടികളുടെ ഇതിവൃത്തം. സമ്പത്തോ കുടുംബത്തിന്റെ സാമൂഹിക പദവിയോ ഒന്നും ഈ അനിശ്ചിതത്വത്തെ ഇല്ലാതാക്കുന്നില്ല. അവരുടെ ജീവിതവും സന്തോഷം പോലും നിശ്ചയിക്കുന്നത് മറ്റുളളവരാകുന്നു എന്ന ദുഃഖകരമായ സാമൂഹിക യാഥാര്‍ത്ഥ്യന് നേരെ പിടിച്ച കണ്ണാടി കൂടിയാണ് ഈ പുസ്തകം. ഋതുമതിയാവുന്നതോടെ സ്വാതന്ത്ര്യത്തിന് അതിരു നിശ്ചയിക്കപ്പെടുകയും വിവാഹത്തോടെ ബന്ധനത്തിലാവുകയും അമ്മയാവുന്നതോടെ സ്വത്വം പോലും നഷ്ടപ്പെടുകയും ചെയ്യുന്നവര്‍. ജീവിതത്തിന്റെ ആനന്ദങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതിന്റെ ചിത്രം കുഞ്ഞാമയിലൂടെ അപ്പൂപ്പന്‍താടികള്‍ വരച്ചിടുന്നു.
ജീവിത യാത്രയില്‍ പുരുഷന്റെ ഏതു പരീക്ഷണ കൗതുകങ്ങളുടെയും ഇരയായിത്തീരേണ്ടി വന്ന പഴയകാല പെണ്‍ജീവിതങ്ങളെ പുതിയ കാലത്തേക്ക് കൂട്ടിക്കൊണ്ടു വരികയാണ് സഫിയ. തലമുറകള്‍ മാറുമ്പോള്‍ സമീപനങ്ങളില്‍ മാറ്റമുണ്ടാേ? ഇതെല്ലാം ബോധപൂര്‍വ്വമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുകയല്ല സഫിയ ടീച്ചര്‍ ചെയ്യുന്നത്.
കഴിഞ്ഞകാല ജീവിതമെഴുതുമ്പോള്‍ സ്വാഭാവികമായും ചങ്ങാതികളും സഹപാഠികളും ബന്ധുക്കളും കുടുംബവും എന്നിങ്ങനെ തനിക്കു ചുറ്റുമുണ്ടായിരുന്നവരുടെയും ജീവിതം പരാമര്‍ശവിധേയമാവും. ഇവിടെ, ഈ പുസ്തകത്തില്‍ ആദ്യം ഓര്‍മ്മിക്കപ്പെടുന്നത് ബാപ്പയാണ്; രണ്ടു പെണ്‍കുട്ടികളുമായി കയറിയിറങ്ങിയ ജീവിതയോര്‍മകളില്‍ സ്വയം നിറയുകയും അവ മക്കളുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന പിതാവ്. മൗനത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നു പോയ ഉമ്മയാണ് തൊട്ടു ചാരെ വരുന്നത്. ഏതൊരാളുടേയും ആദ്യ ലോകം മാതാപിതാക്കള്‍ തന്നെ.
സമൂഹത്തില്‍ ദുര്‍ബലര്‍ എന്തുകൊണ്ടാണ് അരികുവല്‍ക്കരിക്കപ്പെടുന്നത്? പത്താം ക്ലാസ്സോടെ പഠനം നിന്നു പോവുന്ന മൈസൂര്‍മലയുടെ കുട്ടികളുടെ പ്രതിനിധികളായ ബേബിയും ഷൈനിയും ബാബുവും മറ്റും പത്താംതരം പോലുമെത്താതെ കൊഴിഞ്ഞു പോവുന്ന ആദിവാസിക്കുട്ടികളുടെ പ്രതീകമായ ചന്ദ്രനും എഴുത്തുകാരിയുടെ ഓര്‍മയിലെത്തുന്നത് സ്വന്തം കുടിലിന്റെ പോലും പൈതൃകം സൂക്ഷിക്കാനാകാതെ ഗോത്രസ്വത്വത്തിന്റെ മുഴുവന്‍ ഓര്‍മകളും പിഴുതുമാറ്റപ്പെട്ട ഒരാദിമ സംസൃതിയുടെ തിരുമുറ്റത്തെത്തിച്ചേര്‍ന്നപ്പോഴാണ്. ഇങ്ങനെയാണ് ഓരോ ഗോത്രവും മുന്നേറ്റങ്ങളില്‍ നിന്ന് പിന്തള്ളപ്പെട്ടു പോവുന്നതന്ന് എഴുത്തുകാരി മൗനം പൊതിഞ്ഞ വാക്കുകളാല്‍ നമുക്ക് കാണിച്ചു തരുന്നു.
വല്ലിമ്മച്ചിയും വല്യായിച്ചിയും കുസൃതിത്തരങ്ങളുടെ നിറകുടമായ കാക്കയും കുഞ്ഞാമയും കയ്യയും എഴുത്തുകാരിയും ജ്യേ ഷത്തിയുമടങ്ങുന്ന ആ ചെറിയ കുടുംബം ഇല്ലായ്മകളുടെ വല്ലായ്മകളിലും സംതൃപ്തരായി ജീവിച്ചു
കുടുംബ ബന്ധങ്ങളെന്ന പോലെ അയല്‍പക്ക ബന്ധങ്ങളും ചങ്ങാത്തങ്ങളും മറ്റു സാമൂഹികബന്ധങ്ങളും ശക്തവും ഊഷമളവുമായിരുന്ന ഒരു കാലത്തെ ബാല്യകൗമാരങ്ങള്‍ അനുഭവിച്ച സ്‌നേഹവും കരുതലും സുരക്ഷിതത്വവും അപ്പൂപ്പന്‍താടികള്‍ പറയുമ്പോള്‍, വര്‍ത്തമാനകാലത്തെ വാര്‍ത്തകള്‍ കേട്ടുവളരുന്ന കൗമാരക്കാരും കുട്ടികളും ഒരു പക്ഷേ അത്ഭുതം കൂറിയേക്കാം. ഗ്രാമത്തിന്റെ ഏക വിനോദമായി വര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന സര്‍ക്കസിനും ദരിദ്രരായ മുസ്ലിംകള്‍ താമസിക്കുന്ന പാമ്പിഴഞ്ഞ പാറയില്‍ അവരുടെ മതപ്രഭാഷണങ്ങള്‍ക്കും സ്ഥലം വിട്ടു നല്‍കിയിരുന്നത് പാറേക്കാരെ ചേര്‍ത്തുപിടിച്ച സെന്‍സില്‍ ചേട്ടനായിരുന്നു എന്നത്, മറ്റേത് വിഭാഗീയതകള്‍ക്കും അതീതമായി സൗഹാര്‍ദ്ദം പൂത്ത ഒരു കാലത്തിന്റെ സൗരഭ്യമാണ് പുസ്തകം പ്രസരിപ്പിക്കുന്നത്.
സുഗന്ധമായും നൊമ്പരമായും പെയ്തിറങ്ങുന്ന ഓര്‍മകളുടെ മഴനൂലാണ് സഫിയ ടീച്ചറെഴുതിയ അപ്പൂപ്പന്‍താടികള്‍. വാത്സല്യനിധിയായ വത്സമ്മ ടീച്ചറും പലമെയ്യെന്നാലും മനമൊന്നായിരുന്ന കൂട്ടുകാരും മൂന്നാം ക്ലാസിന്റെ ഓര്‍മയെ കൂടുതല്‍ ദീപ്തമാക്കുന്നു. ഒരദ്ധ്യാപികയുടെ മാതൃക െ്രെപമറി ക്ലാസില്‍ വെച്ചു തന്നെ തിരിച്ചറിഞ്ഞതിനാലാവാം സഫിയയും ടീച്ചര്‍ ജോലി തിരഞ്ഞെടുത്തത്.
രണ്ടു ഗ്രാമങ്ങളുടെ, അല്ല മൂന്ന് ഗ്രാമങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ച ടീച്ചര്‍ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നു. വിനോദമേതുമില്ലാതിരുന്ന തിരുവമ്പാടിയില്‍ സിനിമാതിയേറ്റര്‍ വരുന്നതും യാത്രാ സൗകര്യങ്ങളില്ലാതിരുന്ന തോട്ടു മുക്കത്ത് ബസ് ഗതാഗതമാരംഭിച്ചതും മൈസൂര്‍ മലയിലേക്കുള്ള നിരത്തുകള്‍ ടാറിട്ടതും അങ്ങനെ ദേശങ്ങളുടെ ചരിത്രത്തിലേക്കു തുറക്കുന്ന ജാലകം കൂടിയായി മാറുന്നു അപ്പൂപ്പന്‍ താടികള്‍.
സമ്പന്നതയുടെ ദുരിതമാണിന്ന് സമൂഹം അനുഭവിക്കുന്നത്. ഞാനും എനിക്കെന്നും എന്റേന്റേതെന്നുമെന്ന സൂത്രവാക്യത്തില്‍ ജീവിക്കുമ്പോള്‍ കഴിഞ്ഞു പോയ ഭാരിദ്ര്യത്തിന്റെ സുദിനങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നു എഴുത്തുകാരി. അയ്യപ്പേട്ടനും കുടുംബവും സഖാവ് പി പി അലിയുടെ കുടുംബവും രണ്ടല്ലാതായത് സ്‌നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകൊണ്ടു മാത്രമാണ്. ഒരേ മലയില്‍ ജീവനം തേടിയ സഖാവ് പി പി യും അയ്യപ്പേട്ടനും മറ്റേത് വിഭാഗീയതകള്‍ക്കുമപ്പുറം മനുഷ്യ ബന്ധങ്ങളുടെ അടയാളങ്ങളായി മാറുന്നതങ്ങനെയാണ്.
മലയാളത്തിന് ‘അവിവാഹിതരായ അമ്മമാര്‍’ എന്നൊരു പ്രയോഗം സമ്മാനിച്ച പ്രശസ്ത പത്രപ്രവര്‍കന്‍ പരേതനായ കെ ജയചന്ദ്രന്‍ ഒരിക്കലൊരു സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതോര്‍മ വന്നു ഇതിലൊരദ്ധ്യായത്തിലൂടെ കടന്നുപോയപ്പോള്‍. ‘ഒരു സമൂഹത്തെ നശിപ്പിക്കാന്‍ മദ്യം കൊണ്ടു സാധിയ്ക്കുമെന്ന് ബ്രിട്ടീഷുകാര്‍ക്കറിയില്ലായിരുന്നു. എങ്കിലവര്‍ റെഡ് ഇന്‍ഡ്യന്‍സിനെ കീഴടക്കാന്‍ ഇത്രയും ക്രൂരമായ രീതികള്‍ സ്വീകരിക്കുമായിരുന്നില്ല. നമ്മുടെ ആദിവാസി ഊരുകളില്‍ നാട്ടില്‍ നിന്നെത്തുന്നവര്‍ വിതരണം ചെയ്യുന്ന വാറ്റുചാരായം അധികം വൈകാതെ ആ സമൂഹത്തെ ഉന്മൂലനം ചെയ്യും. അത്രമേല്‍ അപകടകരമാണ് ചാരായത്തോടവരുടെ അഡിക്ഷന്‍.’ പട്ടണവാസികള്‍ മൈസൂര്‍ മലയിലെ കുറ്റിക്കാടുകളുടെ മറവില്‍ വാറ്റിയെടുക്കുന്ന ചാരായം ഒരു ഗോത്ര സംസ്‌കൃതിയെ പാടെ നശിപ്പിച്ചുകളയുന്നതിന്റെ ദൃക്‌സാക്ഷ്യമെഴുത്ത് വായനക്കാരന്റെ നെഞ്ച് പൊള്ളിക്കും.
മഴയുടെ സൗന്ദര്യത്തെ വാഴ്താത്ത കവികളില്ല. കരുണയുടെയും അനുഗൃഹത്തിന്റെയും വര്‍ഷമാണത്. കൂരകളിലെ ജീവിതങ്ങള്‍ക്ക് പക്ഷെ മഴ അത്ര സുന്ദരാനുഭവമല്ല. അത് പൊള്ളുന്ന ഭയാനുഭവമാണ്, കാലം കഴിയുമ്പോള്‍ കണ്ണീര്‍ പെയ്യുന്ന ഓര്‍മയാണ്. ആകാശത്തിന്റെ കരുണാ രഹിതമായ സ്പര്‍ശമാണ്. ജീവിത സൗകര്യങ്ങളുള്ളവര്‍ക്ക് പ്രകൃതിയിലോരോന്നും ആസ്വാദ്യകരമാവുമ്പോള്‍ കീഴാളരെ അവയെങ്ങനെ സ്പര്‍ശിക്കുന്നുവെന്നത് മഴ നല്‍കിയ ജീവിത പാഠത്തിലൂടെ എഴുത്തുകാരി നമ്മോട് പറയുന്നു.
ഓണവും പെരുന്നാളും കൃസ്തുമസ്സും എല്ലാവരുടേതുമായിരുന്ന സുദിനങ്ങള്‍ ബോധപൂര്‍വം ഓര്‍ത്തെടുത്ത് പുതിയ കാലത്തെ അറിയിക്കേണ്ടതു തന്നെ. ഋതുക്കള്‍ക്കൊപ്പം ഭാവം മാറുന്ന മൈസൂര്‍ മല വൈവിധ്യങ്ങളുടെ സൗന്ദര്യത്തെ പ്രസരിപ്പിക്കുന്നു.
എസ്‌റ്റേറ്റ് വിറ്റു കൊണ്ട് തൊഴിലാളി സമരങ്ങളെ നേരിട്ട ഐപ്പാറ കൊച്ചേട്ടനെപ്പോലുള്ള മുതലാളിമാരുടെ ധാര്‍ഷ്ട്യത്തില്‍ തോറ്റു പോകുന്ന തൊഴിലാളികളുടെ ജീവിതങ്ങള്‍! മലയുടേയും മലവാസികളുടെയും ജീവിതവും സംസ്‌കാരവുമറിയാത്ത, വേനല്‍ക്കാലവാസത്തിനും ഒരു നിക്ഷേപവുമെന്നു കരുതി മലയില്‍ സ്ഥലം വാങ്ങിയെത്തുന്ന സമ്പന്നര്‍. ജാതിയും മതവും മല കയറി വന്നത് അവര്‍ക്കൊപ്പമാണ്.
എഴുത്തുകാരി മലയിറങ്ങിപ്പോരുന്നത് തേന്‍ മധുരമുള്ള ഒരുപാട് ഓര്‍മകളും കൊണ്ടാണ്. എങ്കിലും കാലം പോലും കഥാപാത്രമായ ഈ ഓര്‍മപ്പുസ്തകം വായനക്കാരന്റെ മനസ്സില്‍ നൊമ്പരം നിറയ്ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെയാണ് അവശേഷിപ്പിക്കുന്നത്. ഒരു നാടിനെയൊന്നാകെ ദുഃഖം പുതപ്പിച്ച് പുഴയില്‍ മുങ്ങി ജീവിതത്തിന്റെ മറുകര പറ്റിയ മുസ്തഫ, കാലില്‍ മന്തുണ്ടായിരുന്ന ആദിവാസി മുത്തശ്ശി അങ്ങനെയങ്ങനെ…
സഫിയ ടീച്ചറുടെ അക്ഷരങ്ങളെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയ കലേശന്‍ മാസ്റ്ററുടെ ധിഷണയെയും പ്രതിഭയെയും പ്രത്യേകം പറയാതെ വയ്യ. പേരക്ക ബുക്‌സ് പ്രസകിദ്ധീകരിച്ച പുസ്തകത്തിന് 120 രൂപയാണ് വില.

 

ഒരു പക്കാ നാടന്‍ പ്രേമം ഓഡിയോ പ്രകാശിതമായി

അജയ് തുണ്ടത്തില്‍-
എ.എം.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ്.എം നിര്‍മ്മിച്ച് വിനോദ് നെടുത്താന്നി സംവിധാനം ചെയ്യുന്ന ”ഒരു പക്കാ നാടന്‍ പ്രേമ”ത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡൈമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍, ഓഡിയോ സീഡിയുടെ റെപ്പഌക്ക, ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, ചിത്രത്തിന്റെ നിര്‍മ്മാതാവ് സജാദ്. എം ന് കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. അഞ്ച് മനോഹരഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നവര്‍ കൈതപ്രം, കെ. ജയകുമാര്‍ ഐ.എ.എസ്, വിനു കൃഷ്ണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, അഫ്‌സല്‍, അന്‍വര്‍ സാദത്ത്, ജോത്സന, ശിഖാ പ്രഭാകര്‍ എന്നിവരാണ്.
ഭഗവത് മാനുവല്‍, വിനുമോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, ഹരിത, വിദ്യാവിനുമോഹന്‍, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, ടോംജേക്കബ്, വി.പി. രാമചന്ദ്രന്‍, സോളമന്‍ ചങ്ങനാശ്ശേരി, കുളപ്പുള്ളിലീല, സിന്ധു മനുവര്‍മ്മ, വര്‍ക്കല ഹരിദാസ്, ഷീലാശ്രീ എന്നിവരഭിനയിക്കുന്നു.
ബാനര്‍-എ.എം.എസ്, നിര്‍മ്മാണം – സജാദ് എം, സംവിധാനം – വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി. ചേന്നാട്, വിന്‍സന്റ് പനങ്കൂടന്‍, സോളമന്‍ – ചങ്ങനാശ്ശേരി, എഡിറ്റിംഗ് – ജയചന്ദ്രന്‍, ഓഡിയോ റിലീസ് – മില്ലേനിയം ഓഡിയോസ്, പിആര്‍ഓ-അജയ് തുണ്ടത്തില്‍.

 

പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

അളക ഖാനം-
കൊച്ചി: പ്രവാസിമലയാളികള്‍ക്ക് ആശ്വാസമായി കുവൈത്ത് എയര്‍വെയ്‌സില്‍ ‘നോര്‍ക്കഫെയര്‍’ എന്ന ആനുകൂല്യം നിലവില്‍വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈത്ത് എയര്‍വെയ്‌സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും ധാരണാപത്രം ഒപ്പുവെച്ചു.
കുവൈത്ത് എയര്‍വെയ്‌സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴുശതമാനം ഇളവുകിട്ടും. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇളവുണ്ടാകും. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ഫെബ്രുവരി 20 മുതല്‍ ലഭിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, ജോയന്റ് സെക്രട്ടറി കെ. ജനാര്‍ദനന്‍, നോര്‍ക്ക റൂട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു.
കുവൈത്ത് എയര്‍വെയ്‌സിന്റെ വെബ്‌സെറ്റിലൂടെയും എയര്‍വെയ്‌സിന്റെ ഇന്ത്യയിലെ സെയില്‍സ് ഓഫീസുകള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

 

ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

അളക ഖാനം-
വാഷിംഗ്ടണ്‍: ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് അത്തരം ചര്‍ച്ചകള്‍ ഇല്ല. വലിയ പ്രഖ്യാപനങ്ങള്‍ പിന്നീടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഇന്ത്യ സന്ദര്‍ശനം നിലവിലെ വ്യാപാര ബന്ധത്തില്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണ്. നരേന്ദ്ര മോദിയെ തനിക്ക് ഒരുപാടിഷ്ടമാണെന്നും ഗുജറാത്തില്‍ 70 ലക്ഷത്തോളം ആളുകള്‍ തന്നെ സ്വീകരിക്കാനുണ്ടാവുമെന്നും മോദി പറഞ്ഞു. അതില്‍ താന്‍ അവേശഭരിതനാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം.

സംസ്ഥാനത്ത് പാല്‍ക്ഷാമം; തമിഴ്‌നാടിന്റെ സഹായം തേടി

ഫിദ-
കൊച്ചി: സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനി സ്വാമി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥതലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ തുടര്‍ന്നുള്ള നീക്കങ്ങള്‍ നടക്കും. കേരളത്തില്‍ ആവശ്യക്കാര്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനാകുമെന്നാണ് പ്രത്യാശയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടിശിക അടക്കേണ്ടി വന്നാല്‍ വോഡഫോണ്‍-ഐഡിയ കമ്പനി അടച്ചു പൂട്ടും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഒരു ദിവസത്തിനുള്ളില്‍ സര്‍ക്കാരിനുള്ള കുടിശിക അടക്കേണ്ടി വന്നാല്‍ കമ്പനി അടച്ചുപൂട്ടാതെ മറ്റു വഴികളില്ലെന്ന് വോഡഫോണ്‍ ഐഡിയ ടെലികോം കമ്പനിയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി. ഒരു പതിറ്റാണ്ടിനിടെ രണ്ടു ലക്ഷം കോടി രൂപയാണു കമ്പനിയുടെ നഷ്ടമെന്നും കമ്പനി അടച്ചുപൂട്ടേണ്ടിവന്നാല്‍ 10,000 തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സരം ഇല്ലാതായി രണ്ടു കമ്പനികള്‍ മാത്രമാകുന്നതു ടെലികോം മേഖലയെ ആകെ ബാധിക്കും. ഒരു രാത്രികൊണ്ട് ഈ കുടിശിക അടച്ചുതീര്‍ക്കാന്‍ കഴിയില്ലെന്നു കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സാഹചര്യം മനസിലാക്കണം. മറിച്ചുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ ടെലികോം മേഖലയില്‍ കുത്തക സൃഷ്ടിക്കപ്പെടുമെന്നും റോഹ്തഗി മുന്നറിയിപ്പ് നല്‍കി.
വോഡഫോണ്‍ ഐഡിയ പാപ്പരായാല്‍ സര്‍ക്കാരിനു കുടിശികയായും മറ്റിനത്തിലും കിട്ടേണ്ട 90,000 കോടി രൂപ കിട്ടില്ല. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 30,000 കോടി രൂപയുടെ നഷ്ടം വരും. കമ്പനിയുടെ 13,500 ജീവനക്കാര്‍ക്കു പണിപോകും. 30 കോടി ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കും. അനുബന്ധ സേവന കമ്പനികളിലായി ഇതിലേറെപ്പേര്‍ക്കും പണി നഷ്ടപ്പെടും.
ടെലികോം കമ്പനികള്‍ എജിആര്‍ കുടിശികയുടെ ചെറിയൊരു ഭാഗം തിങ്കളാഴ്ച അടച്ചിരുന്നു. ഭാരതി എയര്‍ടെല്‍ 10,000 കോടി രൂപയും ടാറ്റാ ടെലി 2190 കോടിയും വോഡഫോണ്‍ ഐഡിയ 2500 കോടിയുമാണ് അടച്ചത്. എയര്‍ടെലിന് 39,723 കോടിയും വോഡഫോണിന് 56,709 കോടിയും ടാറ്റാ ടെലിക്ക് 14,819 കോടിയുമാണു ബാധ്യത.
വോഡഫോണ്‍ ഐഡിയ സര്‍ക്കാരില്‍നിന്നു കിട്ടാനുള്ള 7000 കോടി രൂപയുടെ നികുതി തിരിച്ചടവ് തങ്ങളുടെ കുടിശികയിലേക്കു വരവുവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈയാഴ്ച ഒടുവില്‍ 1000 കോടി രൂപകൂടി നല്‍കാമെന്നും കമ്പനി പറഞ്ഞു. ഗഡുക്കളായി അടക്കാനുള്ള അപേക്ഷ സുപ്രീംകോടതി തള്ളിയെങ്കിലും കുറേ തുക അടച്ചതിനു ശേഷം വീണ്ടും സമീപിച്ചാല്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് വോഡഫോണ്‍-ഐഡിയ.

സ്മാര്‍ട്ട് ഇന്ത്യ

ഫിദ-
ഇന്ത്യയില്‍ 50 കോടി പേരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. അതില്‍ 77 ശതമാനം ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരാണ്. 2019 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം ടെക്ആര്‍ക് കമ്പനിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2018ലെ കണക്കില്‍നിന്ന് 15 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഷവോമി, റിയല്‍മി ഫോണുകള്‍ക്കാണ് കൂടുതല്‍ ഉപയോക്താക്കള്‍. വിവോ, ഒപ്പോ എന്നിവയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോണുകളാണ്. അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വിലയുള്ള ഫോണുകളോടാണ് ഇന്ത്യക്കാരുടെ താല്‍പ്പര്യം.
ഉപയോഗത്തിന്റെ കാര്യത്തില്‍ വിവോ, ഒപ്പോ, റിയല്‍മി എന്നിവ 2020ല്‍ വലിയ വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ സാംസങ്ങിനെ പിന്തള്ളി വിവോ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന സ്മാര്‍ട്ട് ഫോണായി മാറിയിരുന്നു.