Month: February 2020

മാരുതി തന്നെ രാജാവ്

ഫിദ-
എറ്റവും അധികം വില്‍പനയുള്ള കാറുകളുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഒന്നാമന്‍ മാരുതി സുസുക്കി തന്നെ. ആദ്യ പത്തില്‍ ഏഴും മാരുതി സുസുക്കിയുടെ കാറുകളും ബാക്കി മൂന്നും ഹ്യുണ്ടായിയുടെ വാഹനങ്ങളുമാണ്.
മാരുതിയുടെ ചെറു കാര്‍ അള്‍ട്ടോയാണ് വില്‍പനയില്‍ ഒന്നാമന്‍. 208087 യൂണിറ്റാണ് അള്‍ട്ടോയുടെ വില്‍പന. 198904 യൂണിറ്റുമായി രണ്ടാം സ്ഥാനത്ത് ചെറു സെഡാന്‍ ഡിസയറാണ്.
മൂന്നാം സ്ഥാനത്ത് 191901 യൂണിറ്റുമായി സ്വിഫ്റ്റാണ്. 183862 യൂണിറ്റുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ നാലാം സ്ഥാനത്ത് എത്തി. വാഗണ്‍ ആറിനാണ് അഞ്ചാം സ്ഥാനം. 155967 യൂണിറ്റ് വാഗണ്‍ ആറുകള്‍ ഇക്കാലത്ത് നിരത്തിലെത്തി.
കോംപാക്റ്റ് എസ്‌യുവിയായ ബ്രെസ 127094 യൂണിറ്റുമായി ആറാം സ്ഥാനം നേടി. ഹ്യുണ്ടേയ് എലൈറ്റ് ഐ20യാണ് ഏഴാം സ്ഥാനത്ത്. 123201 യൂണിറ്റാണ് വില്‍പന.
114105 യൂണിറ്റുകളുമായി മാരുതി ഈക്കോ എട്ടാം സ്ഥാനത്തും 102693 യൂണിറ്റുകളുമായി ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ഒമ്പതാം സ്ഥാനത്തും 99736 യൂണിറ്റുമായി ഹ്യുണ്ടേയി ക്രേറ്റ പത്താം സ്ഥാനത്തുമുണ്ട്.
2018നെ അപേക്ഷിച്ച് വില്‍പനയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ആദ്യ പത്തില്‍ ഒമ്പതു വാഹനങ്ങളും ഒരു ലക്ഷം യൂണിറ്റില്‍ അധികം വില്‍പന നടത്തിയെന്നാണ് കണക്കുകള്‍.
കഴിഞ്ഞ വര്‍ഷത്തെക്കാളും വില്‍പനയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ആദ്യ പത്തില്‍ ഒമ്പതു വാഹനങ്ങളും ഒരു ലക്ഷം യൂണിറ്റില്‍ അധികം വില്‍പന നടത്തി.

രണ്ടായിരം രൂപയുടെ നോട്ടിന് നിയന്ത്രണമോ?

ഗായത്രി-
കൊച്ചി: രാജ്യത്തെ ഒരു മുന്‍നിര പൊതുമേഖല ബാങ്കില്‍ രണ്ടായിരം രൂപയുടെ നോട്ട് വിതരണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ വരുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ നോട്ട് നല്‍കേണ്ടതില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് പറഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടായിരം രൂപയുടെ മൂല്യത്തിലുള്ള നോട്ട് എടിഎമ്മില്‍ സ്‌റ്റോക്ക് ചെയ്യാതിരിക്കാനും നിര്‍ദേശമുണ്ട്. കുറഞ്ഞത് ഒരു പൊതുമേഖല ബാങ്ക് എങ്കിലും ഇത്തരത്തില്‍ രണ്ടായിരം രൂപയുടെ നോട്ട് വിതരണത്തില്‍ ഒഴിവാക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും ബിസിനസ് ഇന്‍സൈഡര്‍ വ്യക്തമാക്കി.
എന്നാല്‍ ആളുകളെ പരിഭ്രാന്തരാക്കരുതെന്നും ബാങ്ക് നിക്ഷേപമായി രണ്ടായിരം രൂപയുടെ നോട്ട് വാങ്ങാമെന്നും പറയുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്നും ജീവനക്കാര്‍ക്കുള്ള ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇമെയില്‍ നിര്‍ദേശം നല്‍കിയ ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ബാങ്ക് മാനേജര്‍മാരെ വിളിച്ചു കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എടിഎമ്മുകളില്‍ 100, 200, 500 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനാണ് നിര്‍ദേശം. 2000 രൂപയുടെ നോട്ട് ഒഴിവാക്കുന്നത് മൂലമുള്ള അസൗകര്യം നേരിടാന്‍ 100 രൂപ നോട്ടുകളുടെ വിതരണം കൂട്ടാനും പറഞ്ഞിട്ടുണ്ട്. ഏതു പൊതുമേഖല ബാങ്കാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. ഒരു പൊതുമേഖലാ ബാങ്ക് മാത്രമല്ല, മിക്കവാറും എല്ലാ ബാങ്കുളുടെ എ ടി എമ്മിലും 2000 രൂപയുടെ നോട്ട് ലഭിക്കുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് രണ്ടായിരം നോട്ട് പ്രിന്റ് ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിയതായി ആര്‍ബിഐ അറിയിച്ചിരുന്നു. ഇത് കാരണം 201920 സാമ്പത്തിക വര്‍ഷത്തില്‍ ഒരു നോട്ട് പോലും പ്രിന്റ് ചെയ്തില്ലെന്നും ആര്‍ബിഐ പറഞ്ഞിരുന്നു.
ആര്‍ബിഐ വെബ്‌സൈറ്റ് പ്രകാരം 2017 ല്‍ രണ്ടായിരം രൂപയുടെ മൂലമുള്ള 328.5 കോടി നോട്ടുകളാണ് വിതരണത്തിന് ഉണ്ടായിരുന്നത്. 2018 ല്‍ ഇത് 336.3 കോടി നോട്ടുകളായി വര്‍ധിച്ചു. 2019 ല്‍ 329.1 കോടിയായി ഇത് കുറഞ്ഞു.
രണ്ടായിരം നോട്ടുകളുടെ മൂല്യത്തില്‍ കള്ളനോട്ടുകള്‍ ഇറങ്ങുന്നതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. എന്‍സിആര്‍ബിയുടെ പുതിയ കണക്ക് പ്രകാരം, നോട്ട് നിരോധനത്തിന് ശേഷം 2018 ഡിസംബര്‍ വരെ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ നോട്ടുകള്‍ ആയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ നോട്ടുകള്‍ പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്.

കുപ്പി വെള്ളത്തിന് ഇനി 13 രൂപ

ഫിദ-
തിരു: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. വിജ്!ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.
നികുതി ഉള്‍പ്പെടെ 8 രൂപക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. അവര്‍ 20 രൂപക്കാണ് വില്‍ക്കുന്നത്. വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.

ഖത്തറിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വിസ്

അളക ഖാനം-
ദോഹ: ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വിസ് ഖത്തറില്‍ തുടങ്ങുന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍നിന്ന് ദോഹയിലേക്കാണ് പുതിയ സര്‍വിസ്. ഈവര്‍ഷം മാര്‍ച്ച് 31 മുതല്‍ സര്‍വിസ് ആരംഭിക്കും. തിരുച്ചിറപ്പള്ളിയില്‍നിന്ന് നേരിട്ടുള്ള സര്‍വിസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും.
പുലര്‍ച്ച 4.40ഓടെ ഖത്തര്‍ ഹമദ് അന്താരാഷ്്ട്ര എയര്‍പോര്‍ട്ടില്‍നിന്ന് ആരംഭിച്ച് 11.55ഓടെ തിരുച്ചിറപ്പള്ളിയിലെത്തിച്ചേരും. തിരികെ രാത്രി 1.30ഓടെ തിരുച്ചിറപ്പള്ളിയില്‍നിന്ന് പറന്ന് പുലര്‍ച്ച 3.40ന് ഖത്തറില്‍ ഇറങ്ങുന്ന തരത്തിലാണ് ഷെഡ്യൂള്‍. ഈ മേഖലയിലേക്കുള്ള യാത്ര ടിക്കറ്റ് ബുക്കിംഗ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ തുടങ്ങി. തിരുച്ചിറപ്പള്ളിയില്‍നിന്ന് നേരിട്ട് ഖത്തറിലേക്കുള്ള ആദ്യ വിമാന സര്‍വിസിനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നത്.

 

പാചകവാത സിലണ്ടറിന്റെ വില കുത്തനെകൂട്ടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പാചകവാത സിലണ്ടറിന്റെ വില കുത്തനെകൂട്ടി. 14.2 കിലോ സിലണ്ടറിന്റെ വിലയാണ് 146 രൂപ വര്‍ധിപ്പിച്ചത്. 850.50 രൂപയാണ് സിലണ്ടറിന്റെ ഇന്നത്തെ വില.
കൂട്ടിയ വില ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയായി തിരികെ നല്‍കും. എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികള്‍ പാചകവാതക വില പുതുക്കാറുണ്ടെങ്കിലും ഈ മാസം നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
ഡല്‍ഹി തിരഞ്ഞെടുപ്പിന് പിന്നാലെയാണ് വില കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു.

ജോഷ്വാ പ്രദര്‍ശനത്തിന്

അജയ് തുണ്ടത്തില്‍-
കടലിന്റെ പശ്ചാത്തലത്തില്‍, പ്രണയവും സസ്‌പെന്‍സും സമന്വയിപ്പിച്ച് ഒരുക്കിയ ഫാമിലി ത്രില്ലര്‍ മൂവി ‘ജോഷ്വാ’ പ്രദര്‍ശനത്തിന്. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ചിത്രം സംവദിക്കുന്നു.
മാസ്റ്റര്‍ ഏബല്‍ പീറ്ററാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ പ്രിയങ്കാ നായര്‍, ഹേമന്ത് മേനോന്‍, ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാമഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, തിരുമല രാമചന്ദ്രന്‍, രാജ്‌മോഹന്‍, സാബു വിക്രമാദിത്യന്‍, അഞ്ജുനായര്‍, അലക്‌സ് കോയിപ്പുറത്ത് എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍, നിര്‍മ്മാണം – ദി എലൈവ് മീഡിയ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – പീറ്റര്‍ സുന്ദര്‍ദാസ്, ഛായാഗ്രഹണം – എസ്. ലോവല്‍, എഡിറ്റിംഗ് – രതീഷ് മോഹന്‍, ചീഫ് അസ്സോ: ഡയറക്ടര്‍ – എസ്.പി. മഹേഷ്, ഗാനരചന – ഹരിനാരായണന്‍, സംഗീതം – ഗോപിസുന്ദര്‍, ആലാപനം – നിരഞ്ജ് സുരേഷ്, ദിവ്യ എസ്. മേനോന്‍, നിത്യ മാമ്മന്‍, കോറിയോഗ്രാഫി – സജന നജാം, പ്രൊ: കണ്‍ട്രോളര്‍ – ഇക്ബാല്‍ പാനായികുളം, പ്രൊ: എക്‌സി-ചന്ദ്രദാസ്, ചമയം – ഉദയന്‍ നേമം, കല – പുത്തന്‍ചിറ രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം – സൂര്യാശ്രീകുമാര്‍, കോസ്റ്റ്യും ഡിസൈന്‍സ് – ഇന്‍ഫിറ്റ്, ആക്ഷന്‍ – അനില്‍, പ്രൊ: മാനേജര്‍ – സുനില്‍ പനച്ചിമൂട്, സഹസംവിധാനം – വി.എസ്. സജിത്‌ലാല്‍, സംവിധാന സഹായി – വി.എസ്. ടോണ്‍സ്, രഞ്ജിത്ത് രാജേന്ദ്രന്‍, സ്റ്റില്‍സ് – ഷാലു പേയാട്, മാനേജര്‍ – വിപിന്‍ കുമാര്‍, വിതരണം-വൈശാലി ഫിലിംസ്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

 

ഇന്ധനവില വീണ്ടും കുറഞ്ഞു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുടെയും കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 74.29 രൂപയും 68.96 രൂപയുമായിരുന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയാണ്. 70 രൂപ 10 പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74 രൂപ 55 പൈസ, 69 രൂപ രൂപ 10 പൈസ എന്നിങ്ങനെയാണ്.

 

സ്വര്‍ണ വില 120 രൂപ കുറഞ്ഞു

ഗായത്രി-
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് ഇത്രതന്നെ വില വര്‍ധനയുണ്ടായിരുന്നു. 30,160 രൂപയാണ് പവന്‍ന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യും

ഫിദ-
ചെന്നൈ: നടന്‍ വിജയിയെ ആദായ നിതുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.
‘മാസ്റ്റര്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നിരുന്നു. വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

ഓസ്‌കാര്‍; പാരസൈറ്റ് മികച്ച ചിത്രം

അളക ഖാനം-
ലോസ് ആഞ്ചല്‍സ്: മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം റെനെയ് സെല്‍വെഗെറിന്. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം
മികച്ച സംവിധാനത്തിനും വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്‌കാരം പാരസൈറ്റ് നേടി. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം നേടിയത്. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്‌റ്റോറി 4. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് നേടി.