Month: February 2020

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷത്തിലേക്കുയര്‍ത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു.
ആര്‍.ബി.ഐ. അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി.) ആണ് പരിരക്ഷ നല്‍കുന്നത്.
ശനിയാഴ്ച ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇതിന് അനുമതി നല്‍കിയതായി ചൊവ്വാഴ്ച ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. പരിരക്ഷ ഉയര്‍ത്തുന്നതോടെ നൂറുരൂപയ്ക്ക് പത്തുപൈസ എന്നതിനു പകരം 12 പൈസ നിരക്കില്‍ ബാങ്കുകള്‍ പ്രീമിയം അടയ്ക്കണം.

ഓട്ടോ എല്‍.പി.ജി.യുടെ വിലയില്‍ വന്‍ കുതിപ്പ്

ഫിദ-
കൊച്ചി: വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജി.യുടെ വിലയില്‍ വന്‍ കുതിപ്പ്. ഫെബ്രുവരിയില്‍ ലിറ്ററിന് ഏഴരരൂപയോളമാണ് വര്‍ധനയുണ്ടായത്. ജനുവരി അവസാനം തിരുവനന്തപുരത്ത് ലിറ്ററിന് 43.80 ആയിരുന്നത് ഇപ്പോള്‍ 51.23 ആയി. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്.
ആഗോളവിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 2019 ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് ലിറ്ററിന് 36.59 ആയിരുന്നു വില. തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും വില ഉയര്‍ന്നു. ആറുമാസത്തിനിടെ ലിറ്ററിന് 14.64 രൂപയാണ് ഉയര്‍ന്നത്.
2000 ഏ പ്രില്‍ 24 മുതലാണ് രാജ്യത്ത് വാഹനങ്ങളില്‍ ഇന്ധനമായി വാതകം ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. പെട്രോളിയം വാതകത്തിനും പ്രകൃതിവാതകത്തിനുമാണ് അനുമതി.

 

നിര്‍ഭയയുടെ കുടുംബത്തോട് കാണിക്കുന്നത് ക്രൂരത: ഷീല

ഫിദ-
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ചില സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാതിരിക്കാനാകില്ലെന്ന് നടി ഷീല. നിര്‍ഭയ കേസിലെ പ്രിതകളുടെ വധ ശിക്ഷ നിയമക്കുരുക്കില്‍പ്പെടുത്തി നീട്ടാനുള്ള ശ്രമമാണെന്നും ക്രൂരമായി വധിക്കപ്പെട്ട് ആ പെണ്‍കുട്ടിയുടെ കുടുംബത്തോട് ചെയ്യുന്ന ക്രൂരതയാണിതെന്നും ഷീല പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലയുടെ പ്രതികരണം.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച അഭിനയം എളുപ്പമാക്കിയിട്ടുണ്ടെന്നും ഞങ്ങളുടെ കാലത്ത് വെയിലും ചൂടും സഹിച്ച് കല്ലിലും മുള്ളിലും ചെരിപ്പിടാതെ നടന്നാണ് നാടന്‍ പെണ്ണായി അഭിനയിത്തതെന്നും അവര്‍ പറഞ്ഞു. കാലിന് നീരു വന്നിട്ടുണ്ട്. ഇന്ന് ചെരിപ്പിട്ട് നടന്നാലും ഇട്ടിട്ടില്ലെന്ന് തോന്നിപ്പിക്കാന്‍ സാങ്കേതിക വിദ്യകൊണ്ട് കഴിയുമെന്നും ഷീല പറഞ്ഞു.
മന്ത്രിമാരുടേയും എംഎല്‍എമാരുടേയും രാഷ്ട്രീയ നേതാക്കളുടെയും മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കുട്ടികള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.