കുടിശിക അടക്കേണ്ടി വന്നാല്‍ വോഡഫോണ്‍-ഐഡിയ കമ്പനി അടച്ചു പൂട്ടും

കുടിശിക അടക്കേണ്ടി വന്നാല്‍ വോഡഫോണ്‍-ഐഡിയ കമ്പനി അടച്ചു പൂട്ടും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഒരു ദിവസത്തിനുള്ളില്‍ സര്‍ക്കാരിനുള്ള കുടിശിക അടക്കേണ്ടി വന്നാല്‍ കമ്പനി അടച്ചുപൂട്ടാതെ മറ്റു വഴികളില്ലെന്ന് വോഡഫോണ്‍ ഐഡിയ ടെലികോം കമ്പനിയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി. ഒരു പതിറ്റാണ്ടിനിടെ രണ്ടു ലക്ഷം കോടി രൂപയാണു കമ്പനിയുടെ നഷ്ടമെന്നും കമ്പനി അടച്ചുപൂട്ടേണ്ടിവന്നാല്‍ 10,000 തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സരം ഇല്ലാതായി രണ്ടു കമ്പനികള്‍ മാത്രമാകുന്നതു ടെലികോം മേഖലയെ ആകെ ബാധിക്കും. ഒരു രാത്രികൊണ്ട് ഈ കുടിശിക അടച്ചുതീര്‍ക്കാന്‍ കഴിയില്ലെന്നു കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സാഹചര്യം മനസിലാക്കണം. മറിച്ചുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ ടെലികോം മേഖലയില്‍ കുത്തക സൃഷ്ടിക്കപ്പെടുമെന്നും റോഹ്തഗി മുന്നറിയിപ്പ് നല്‍കി.
വോഡഫോണ്‍ ഐഡിയ പാപ്പരായാല്‍ സര്‍ക്കാരിനു കുടിശികയായും മറ്റിനത്തിലും കിട്ടേണ്ട 90,000 കോടി രൂപ കിട്ടില്ല. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 30,000 കോടി രൂപയുടെ നഷ്ടം വരും. കമ്പനിയുടെ 13,500 ജീവനക്കാര്‍ക്കു പണിപോകും. 30 കോടി ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കും. അനുബന്ധ സേവന കമ്പനികളിലായി ഇതിലേറെപ്പേര്‍ക്കും പണി നഷ്ടപ്പെടും.
ടെലികോം കമ്പനികള്‍ എജിആര്‍ കുടിശികയുടെ ചെറിയൊരു ഭാഗം തിങ്കളാഴ്ച അടച്ചിരുന്നു. ഭാരതി എയര്‍ടെല്‍ 10,000 കോടി രൂപയും ടാറ്റാ ടെലി 2190 കോടിയും വോഡഫോണ്‍ ഐഡിയ 2500 കോടിയുമാണ് അടച്ചത്. എയര്‍ടെലിന് 39,723 കോടിയും വോഡഫോണിന് 56,709 കോടിയും ടാറ്റാ ടെലിക്ക് 14,819 കോടിയുമാണു ബാധ്യത.
വോഡഫോണ്‍ ഐഡിയ സര്‍ക്കാരില്‍നിന്നു കിട്ടാനുള്ള 7000 കോടി രൂപയുടെ നികുതി തിരിച്ചടവ് തങ്ങളുടെ കുടിശികയിലേക്കു വരവുവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈയാഴ്ച ഒടുവില്‍ 1000 കോടി രൂപകൂടി നല്‍കാമെന്നും കമ്പനി പറഞ്ഞു. ഗഡുക്കളായി അടക്കാനുള്ള അപേക്ഷ സുപ്രീംകോടതി തള്ളിയെങ്കിലും കുറേ തുക അടച്ചതിനു ശേഷം വീണ്ടും സമീപിച്ചാല്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് വോഡഫോണ്‍-ഐഡിയ.

Post Your Comments Here ( Click here for malayalam )
Press Esc to close