മനസ്സില്‍ കൂടണയുന്ന അപ്പുപ്പന്‍ താടികള്‍

മനസ്സില്‍ കൂടണയുന്ന അപ്പുപ്പന്‍ താടികള്‍

മലിക് നാലകത്ത്-
ഓര്‍മ്മപ്പുഴയിലൂടെ ഒരു പിന്‍സഞ്ചാരമാണ് സഫിയ മുഹിയദ്ദീന്റെ അപ്പൂപ്പന്‍താടികള്‍. കറുപ്പിനും വെളുപ്പിനുമിടയിലെ അനന്തസാധ്യതകളാണ് വര്‍ണരാജി. അല്‍പം ഇരുണ്ട ബാല്യത്തിന്റെ വര്‍ണാഭമായ ഓര്‍മകളാണിത്. അനുഭവത്തില്‍ ഇരുണ്ടു പോയത് പലപ്പോഴും ഓര്‍മയില്‍ ഏഴുവര്‍ണങ്ങളില്‍ കുളിച്ചു നില്‍ക്കും. ഇവിടെയും സഫിയ മുഹിയദ്ദീന്‍ തന്റെ ബാല്യ കൗമാരങ്ങളുടെ ഓര്‍മയില്‍ നനയുമ്പോള്‍ അനുവാചക ഹൃദയത്തില്‍ വിരിയുന്നത് ഏഴല്ല, എഴുനൂറു വര്‍ണങ്ങളാണ്..
പ്രാഥമിക . സൗകര്യങ്ങളേതുമില്ലാത്ത ഒരു പഴയ കാല മലമ്പ്രദേശത്ത് കുടിയേറിയെത്തിയ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആദര്‍ശനിഷ്ഠനും മനുഷ്യ സ്‌നേഹിയുമായ ഒരു യുവാവിന്റെയും അയാളുടെ കുടുംബത്തിന്റെയും ജീവിതവും ജീവിതഭൂമികയുമാണ് മകളുടെ ഓര്‍മയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
മുഴുവന്‍ അധ്യായങ്ങളെയോ കഥാപാത്രങ്ങളെയാേ ഞാനിവിടെ പരിചയപ്പെടുത്തുന്നില്ല. പുസ്തകത്തിന്റെ ഭാവത്തെയും അതിന്റെ പ്രസക്തിയെയും ശക്തവും എന്നാല്‍ ലളിതവുമായ കഥനശൈലിയിലൂടെ ഒരു പ്രദേശത്തിന്റെ കാലസഞ്ചാരം കൃത്യമായി വരച്ചുകാണിക്കാന്‍ സാധിച്ച സഫിയ ടീച്ചറുടെ കയ്യടക്കത്തെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഞാനുദ്ദേശിച്ചതും ചെയ്തതും.
ഒരു പുസ്തകത്തെ സംബന്ധിച്ചിടത്തോളം അതാദ്യം നേരിടേണ്ട ചോദ്യം അതിന്റെ സാമൂഹിക പ്രസക്തിയെന്ത് എന്നതാണ്. ഒരു പുസ്തകത്തെ പരിചയപ്പെടുത്തുമ്പോഴും ചെയ്യേണ്ടത് അതുതന്നെയാണ്, എന്തുകൊണ്ടീ പൂസ്തകം? ഒട്ടുമേ പ്രശസ്തയല്ലാത്ത,
ഒട്ടും സംഭവബഹുലമല്ലാത്ത ഒരു പെണ്‍ജീതത്തിന്റെ ഓര്‍മക്ക് സമൂഹത്തിലെന്താണ് പ്രസക്തി? അപ്പൂപ്പന്‍ താടികള്‍ പേരുകൊണ്ടു തന്നെ അതിന്റെ ലാളിത്യം വെളിപ്പെടുത്തുന്നു. അഹങ്കാരത്തിന്റെ ആടയാഭരണങ്ങളില്ലാത്ത, ദിശപോലും നിര്‍ണ്ണിതമല്ലാത്ത, ജീവിത സഞ്ചാരത്തിന്റെ പേരാണത്. അത്രമേല്‍ അനിശ്ചിതത്വം നിറഞ്ഞ ഒരു പെണ്ണിന്റെ സ്വന്തം ബാല്യ കൗമാരത്തിന്റെ മാത്രം കഥയല്ലിത്. അവിടെയാണ് അപ്പൂപ്പന്‍ താടിയുടെ പ്രസക്തിയും.
ഒരു സമൂഹത്തില്‍ പെണ്‍ജന്മങ്ങളനുഭവിക്കേണ്ടിവരുന്ന അനിശ്ചിതത്വമാണ് അപ്പൂപ്പന്‍ താടികളുടെ ഇതിവൃത്തം. സമ്പത്തോ കുടുംബത്തിന്റെ സാമൂഹിക പദവിയോ ഒന്നും ഈ അനിശ്ചിതത്വത്തെ ഇല്ലാതാക്കുന്നില്ല. അവരുടെ ജീവിതവും സന്തോഷം പോലും നിശ്ചയിക്കുന്നത് മറ്റുളളവരാകുന്നു എന്ന ദുഃഖകരമായ സാമൂഹിക യാഥാര്‍ത്ഥ്യന് നേരെ പിടിച്ച കണ്ണാടി കൂടിയാണ് ഈ പുസ്തകം. ഋതുമതിയാവുന്നതോടെ സ്വാതന്ത്ര്യത്തിന് അതിരു നിശ്ചയിക്കപ്പെടുകയും വിവാഹത്തോടെ ബന്ധനത്തിലാവുകയും അമ്മയാവുന്നതോടെ സ്വത്വം പോലും നഷ്ടപ്പെടുകയും ചെയ്യുന്നവര്‍. ജീവിതത്തിന്റെ ആനന്ദങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതിന്റെ ചിത്രം കുഞ്ഞാമയിലൂടെ അപ്പൂപ്പന്‍താടികള്‍ വരച്ചിടുന്നു.
ജീവിത യാത്രയില്‍ പുരുഷന്റെ ഏതു പരീക്ഷണ കൗതുകങ്ങളുടെയും ഇരയായിത്തീരേണ്ടി വന്ന പഴയകാല പെണ്‍ജീവിതങ്ങളെ പുതിയ കാലത്തേക്ക് കൂട്ടിക്കൊണ്ടു വരികയാണ് സഫിയ. തലമുറകള്‍ മാറുമ്പോള്‍ സമീപനങ്ങളില്‍ മാറ്റമുണ്ടാേ? ഇതെല്ലാം ബോധപൂര്‍വ്വമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുകയല്ല സഫിയ ടീച്ചര്‍ ചെയ്യുന്നത്.
കഴിഞ്ഞകാല ജീവിതമെഴുതുമ്പോള്‍ സ്വാഭാവികമായും ചങ്ങാതികളും സഹപാഠികളും ബന്ധുക്കളും കുടുംബവും എന്നിങ്ങനെ തനിക്കു ചുറ്റുമുണ്ടായിരുന്നവരുടെയും ജീവിതം പരാമര്‍ശവിധേയമാവും. ഇവിടെ, ഈ പുസ്തകത്തില്‍ ആദ്യം ഓര്‍മ്മിക്കപ്പെടുന്നത് ബാപ്പയാണ്; രണ്ടു പെണ്‍കുട്ടികളുമായി കയറിയിറങ്ങിയ ജീവിതയോര്‍മകളില്‍ സ്വയം നിറയുകയും അവ മക്കളുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന പിതാവ്. മൗനത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നു പോയ ഉമ്മയാണ് തൊട്ടു ചാരെ വരുന്നത്. ഏതൊരാളുടേയും ആദ്യ ലോകം മാതാപിതാക്കള്‍ തന്നെ.
സമൂഹത്തില്‍ ദുര്‍ബലര്‍ എന്തുകൊണ്ടാണ് അരികുവല്‍ക്കരിക്കപ്പെടുന്നത്? പത്താം ക്ലാസ്സോടെ പഠനം നിന്നു പോവുന്ന മൈസൂര്‍മലയുടെ കുട്ടികളുടെ പ്രതിനിധികളായ ബേബിയും ഷൈനിയും ബാബുവും മറ്റും പത്താംതരം പോലുമെത്താതെ കൊഴിഞ്ഞു പോവുന്ന ആദിവാസിക്കുട്ടികളുടെ പ്രതീകമായ ചന്ദ്രനും എഴുത്തുകാരിയുടെ ഓര്‍മയിലെത്തുന്നത് സ്വന്തം കുടിലിന്റെ പോലും പൈതൃകം സൂക്ഷിക്കാനാകാതെ ഗോത്രസ്വത്വത്തിന്റെ മുഴുവന്‍ ഓര്‍മകളും പിഴുതുമാറ്റപ്പെട്ട ഒരാദിമ സംസൃതിയുടെ തിരുമുറ്റത്തെത്തിച്ചേര്‍ന്നപ്പോഴാണ്. ഇങ്ങനെയാണ് ഓരോ ഗോത്രവും മുന്നേറ്റങ്ങളില്‍ നിന്ന് പിന്തള്ളപ്പെട്ടു പോവുന്നതന്ന് എഴുത്തുകാരി മൗനം പൊതിഞ്ഞ വാക്കുകളാല്‍ നമുക്ക് കാണിച്ചു തരുന്നു.
വല്ലിമ്മച്ചിയും വല്യായിച്ചിയും കുസൃതിത്തരങ്ങളുടെ നിറകുടമായ കാക്കയും കുഞ്ഞാമയും കയ്യയും എഴുത്തുകാരിയും ജ്യേ ഷത്തിയുമടങ്ങുന്ന ആ ചെറിയ കുടുംബം ഇല്ലായ്മകളുടെ വല്ലായ്മകളിലും സംതൃപ്തരായി ജീവിച്ചു
കുടുംബ ബന്ധങ്ങളെന്ന പോലെ അയല്‍പക്ക ബന്ധങ്ങളും ചങ്ങാത്തങ്ങളും മറ്റു സാമൂഹികബന്ധങ്ങളും ശക്തവും ഊഷമളവുമായിരുന്ന ഒരു കാലത്തെ ബാല്യകൗമാരങ്ങള്‍ അനുഭവിച്ച സ്‌നേഹവും കരുതലും സുരക്ഷിതത്വവും അപ്പൂപ്പന്‍താടികള്‍ പറയുമ്പോള്‍, വര്‍ത്തമാനകാലത്തെ വാര്‍ത്തകള്‍ കേട്ടുവളരുന്ന കൗമാരക്കാരും കുട്ടികളും ഒരു പക്ഷേ അത്ഭുതം കൂറിയേക്കാം. ഗ്രാമത്തിന്റെ ഏക വിനോദമായി വര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന സര്‍ക്കസിനും ദരിദ്രരായ മുസ്ലിംകള്‍ താമസിക്കുന്ന പാമ്പിഴഞ്ഞ പാറയില്‍ അവരുടെ മതപ്രഭാഷണങ്ങള്‍ക്കും സ്ഥലം വിട്ടു നല്‍കിയിരുന്നത് പാറേക്കാരെ ചേര്‍ത്തുപിടിച്ച സെന്‍സില്‍ ചേട്ടനായിരുന്നു എന്നത്, മറ്റേത് വിഭാഗീയതകള്‍ക്കും അതീതമായി സൗഹാര്‍ദ്ദം പൂത്ത ഒരു കാലത്തിന്റെ സൗരഭ്യമാണ് പുസ്തകം പ്രസരിപ്പിക്കുന്നത്.
സുഗന്ധമായും നൊമ്പരമായും പെയ്തിറങ്ങുന്ന ഓര്‍മകളുടെ മഴനൂലാണ് സഫിയ ടീച്ചറെഴുതിയ അപ്പൂപ്പന്‍താടികള്‍. വാത്സല്യനിധിയായ വത്സമ്മ ടീച്ചറും പലമെയ്യെന്നാലും മനമൊന്നായിരുന്ന കൂട്ടുകാരും മൂന്നാം ക്ലാസിന്റെ ഓര്‍മയെ കൂടുതല്‍ ദീപ്തമാക്കുന്നു. ഒരദ്ധ്യാപികയുടെ മാതൃക െ്രെപമറി ക്ലാസില്‍ വെച്ചു തന്നെ തിരിച്ചറിഞ്ഞതിനാലാവാം സഫിയയും ടീച്ചര്‍ ജോലി തിരഞ്ഞെടുത്തത്.
രണ്ടു ഗ്രാമങ്ങളുടെ, അല്ല മൂന്ന് ഗ്രാമങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ച ടീച്ചര്‍ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നു. വിനോദമേതുമില്ലാതിരുന്ന തിരുവമ്പാടിയില്‍ സിനിമാതിയേറ്റര്‍ വരുന്നതും യാത്രാ സൗകര്യങ്ങളില്ലാതിരുന്ന തോട്ടു മുക്കത്ത് ബസ് ഗതാഗതമാരംഭിച്ചതും മൈസൂര്‍ മലയിലേക്കുള്ള നിരത്തുകള്‍ ടാറിട്ടതും അങ്ങനെ ദേശങ്ങളുടെ ചരിത്രത്തിലേക്കു തുറക്കുന്ന ജാലകം കൂടിയായി മാറുന്നു അപ്പൂപ്പന്‍ താടികള്‍.
സമ്പന്നതയുടെ ദുരിതമാണിന്ന് സമൂഹം അനുഭവിക്കുന്നത്. ഞാനും എനിക്കെന്നും എന്റേന്റേതെന്നുമെന്ന സൂത്രവാക്യത്തില്‍ ജീവിക്കുമ്പോള്‍ കഴിഞ്ഞു പോയ ഭാരിദ്ര്യത്തിന്റെ സുദിനങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നു എഴുത്തുകാരി. അയ്യപ്പേട്ടനും കുടുംബവും സഖാവ് പി പി അലിയുടെ കുടുംബവും രണ്ടല്ലാതായത് സ്‌നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകൊണ്ടു മാത്രമാണ്. ഒരേ മലയില്‍ ജീവനം തേടിയ സഖാവ് പി പി യും അയ്യപ്പേട്ടനും മറ്റേത് വിഭാഗീയതകള്‍ക്കുമപ്പുറം മനുഷ്യ ബന്ധങ്ങളുടെ അടയാളങ്ങളായി മാറുന്നതങ്ങനെയാണ്.
മലയാളത്തിന് ‘അവിവാഹിതരായ അമ്മമാര്‍’ എന്നൊരു പ്രയോഗം സമ്മാനിച്ച പ്രശസ്ത പത്രപ്രവര്‍കന്‍ പരേതനായ കെ ജയചന്ദ്രന്‍ ഒരിക്കലൊരു സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതോര്‍മ വന്നു ഇതിലൊരദ്ധ്യായത്തിലൂടെ കടന്നുപോയപ്പോള്‍. ‘ഒരു സമൂഹത്തെ നശിപ്പിക്കാന്‍ മദ്യം കൊണ്ടു സാധിയ്ക്കുമെന്ന് ബ്രിട്ടീഷുകാര്‍ക്കറിയില്ലായിരുന്നു. എങ്കിലവര്‍ റെഡ് ഇന്‍ഡ്യന്‍സിനെ കീഴടക്കാന്‍ ഇത്രയും ക്രൂരമായ രീതികള്‍ സ്വീകരിക്കുമായിരുന്നില്ല. നമ്മുടെ ആദിവാസി ഊരുകളില്‍ നാട്ടില്‍ നിന്നെത്തുന്നവര്‍ വിതരണം ചെയ്യുന്ന വാറ്റുചാരായം അധികം വൈകാതെ ആ സമൂഹത്തെ ഉന്മൂലനം ചെയ്യും. അത്രമേല്‍ അപകടകരമാണ് ചാരായത്തോടവരുടെ അഡിക്ഷന്‍.’ പട്ടണവാസികള്‍ മൈസൂര്‍ മലയിലെ കുറ്റിക്കാടുകളുടെ മറവില്‍ വാറ്റിയെടുക്കുന്ന ചാരായം ഒരു ഗോത്ര സംസ്‌കൃതിയെ പാടെ നശിപ്പിച്ചുകളയുന്നതിന്റെ ദൃക്‌സാക്ഷ്യമെഴുത്ത് വായനക്കാരന്റെ നെഞ്ച് പൊള്ളിക്കും.
മഴയുടെ സൗന്ദര്യത്തെ വാഴ്താത്ത കവികളില്ല. കരുണയുടെയും അനുഗൃഹത്തിന്റെയും വര്‍ഷമാണത്. കൂരകളിലെ ജീവിതങ്ങള്‍ക്ക് പക്ഷെ മഴ അത്ര സുന്ദരാനുഭവമല്ല. അത് പൊള്ളുന്ന ഭയാനുഭവമാണ്, കാലം കഴിയുമ്പോള്‍ കണ്ണീര്‍ പെയ്യുന്ന ഓര്‍മയാണ്. ആകാശത്തിന്റെ കരുണാ രഹിതമായ സ്പര്‍ശമാണ്. ജീവിത സൗകര്യങ്ങളുള്ളവര്‍ക്ക് പ്രകൃതിയിലോരോന്നും ആസ്വാദ്യകരമാവുമ്പോള്‍ കീഴാളരെ അവയെങ്ങനെ സ്പര്‍ശിക്കുന്നുവെന്നത് മഴ നല്‍കിയ ജീവിത പാഠത്തിലൂടെ എഴുത്തുകാരി നമ്മോട് പറയുന്നു.
ഓണവും പെരുന്നാളും കൃസ്തുമസ്സും എല്ലാവരുടേതുമായിരുന്ന സുദിനങ്ങള്‍ ബോധപൂര്‍വം ഓര്‍ത്തെടുത്ത് പുതിയ കാലത്തെ അറിയിക്കേണ്ടതു തന്നെ. ഋതുക്കള്‍ക്കൊപ്പം ഭാവം മാറുന്ന മൈസൂര്‍ മല വൈവിധ്യങ്ങളുടെ സൗന്ദര്യത്തെ പ്രസരിപ്പിക്കുന്നു.
എസ്‌റ്റേറ്റ് വിറ്റു കൊണ്ട് തൊഴിലാളി സമരങ്ങളെ നേരിട്ട ഐപ്പാറ കൊച്ചേട്ടനെപ്പോലുള്ള മുതലാളിമാരുടെ ധാര്‍ഷ്ട്യത്തില്‍ തോറ്റു പോകുന്ന തൊഴിലാളികളുടെ ജീവിതങ്ങള്‍! മലയുടേയും മലവാസികളുടെയും ജീവിതവും സംസ്‌കാരവുമറിയാത്ത, വേനല്‍ക്കാലവാസത്തിനും ഒരു നിക്ഷേപവുമെന്നു കരുതി മലയില്‍ സ്ഥലം വാങ്ങിയെത്തുന്ന സമ്പന്നര്‍. ജാതിയും മതവും മല കയറി വന്നത് അവര്‍ക്കൊപ്പമാണ്.
എഴുത്തുകാരി മലയിറങ്ങിപ്പോരുന്നത് തേന്‍ മധുരമുള്ള ഒരുപാട് ഓര്‍മകളും കൊണ്ടാണ്. എങ്കിലും കാലം പോലും കഥാപാത്രമായ ഈ ഓര്‍മപ്പുസ്തകം വായനക്കാരന്റെ മനസ്സില്‍ നൊമ്പരം നിറയ്ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെയാണ് അവശേഷിപ്പിക്കുന്നത്. ഒരു നാടിനെയൊന്നാകെ ദുഃഖം പുതപ്പിച്ച് പുഴയില്‍ മുങ്ങി ജീവിതത്തിന്റെ മറുകര പറ്റിയ മുസ്തഫ, കാലില്‍ മന്തുണ്ടായിരുന്ന ആദിവാസി മുത്തശ്ശി അങ്ങനെയങ്ങനെ…
സഫിയ ടീച്ചറുടെ അക്ഷരങ്ങളെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയ കലേശന്‍ മാസ്റ്ററുടെ ധിഷണയെയും പ്രതിഭയെയും പ്രത്യേകം പറയാതെ വയ്യ. പേരക്ക ബുക്‌സ് പ്രസകിദ്ധീകരിച്ച പുസ്തകത്തിന് 120 രൂപയാണ് വില.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES