സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡിട്ട് അബുദാബി

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡിട്ട് അബുദാബി

അളക ഖാനം-
ദുബായ്: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള 11.35 ദശലക്ഷം ആളുകളാണ് അബുദാബിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 10.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍നിന്നുള്ളവരാണ് ഇവരില്‍ ഏറിയ പങ്കും.
ചൈന, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യക്കാര്‍ക്ക് തൊട്ടുപിറകില്‍. അബുദാബിയില്‍ ഒരു ദിവസത്തേക്ക് എത്തിയവരടക്കമുള്ളവരുടെ പട്ടികയാണിത്. അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍പ്പേരെ ഇവിടേക്ക് ആകര്‍ഷിച്ചതെന്ന് ആക്ടിങ് അണ്ടര്‍സെക്രട്ടറി സൗദ് അല്‍ ഹൊസാനി പറഞ്ഞു. സാദിയാത്, യാസ് എന്നിവിടങ്ങളിലെ മിക്ക ഹോട്ടലുകളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കലാസാംസ്‌കാരിക പരിപാടികള്‍, ഫോര്‍മുല വണ്‍ അടക്കമുള്ള വലിയ വിനോദപരിപാടികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയായിരുന്നു. എണ്ണയിതര വരുമാന മേഖലകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി വിനോദസഞ്ചാരരംഗത്ത് അബുദാബി നടത്തിയ പരീക്ഷണങ്ങള്‍ വലിയ വിജയമാണെന്ന് അടയാളപ്പെടുത്തുന്നതാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ധന.

Post Your Comments Here ( Click here for malayalam )
Press Esc to close