കൊറോണ; ഗള്‍ഫില്‍ ആശങ്ക പടരുന്നു

കൊറോണ; ഗള്‍ഫില്‍ ആശങ്ക പടരുന്നു

അളക ഖാനം-
ദുബായ്: ഇറാനില്‍ കൂടുതല്‍പ്പേര്‍ക്ക് കൊറോണ വൈറസ്(കോവിഡ്19)ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇറാനിലേക്കുള്ള എല്ലാ വിമാനസര്‍വീസും ചൊവ്വാഴ്ചമുതല്‍ ഒരാഴ്ചത്തേക്ക് യു.എ.ഇ. നിര്‍ത്തിവെച്ചു. അതേസമയം, ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നുമുള്ള വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ 48 മണിക്കൂര്‍നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരുന്നു. വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്‌റൈന്‍ വ്യോമയാനവകുപ്പ് ട്വീറ്റ് ചെയ്തു.
ഗള്‍ഫ് മേഖലയിലുടനീളം 110 പേര്‍ക്കാണ് നിലവില്‍ കോവിഡ്19 ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇറാനില്‍ 50 പേര്‍ ഈ മാരകവൈറസ് ബാധിച്ച് മരിച്ചു. എന്നാല്‍, 15 പേര്‍മാത്രമാണ് മരിച്ചതെന്നും 61 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നുമാണ് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ബഹ്‌റൈനില്‍ 17, യു.എ.ഇ.യില്‍ 13, കുവൈത്തില്‍ എട്ട്, ഒമാനില്‍ നാല്, ഇറാഖില്‍ നാല്, ഈജിപ്ത്, ലെബനന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍വീതവുമാണ് വൈറസ് ബാധിതരായിരിക്കുന്നത്. ഏറെപ്പേര്‍ നിരീക്ഷണത്തിലുമാണ്. ചൈനകഴിഞ്ഞാല്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ ജീവപായം സംഭവിച്ച രാജ്യമാണ് ഇറാന്‍. ഗള്‍ഫ് മേഖലയിലെ വ്യാപാര, ടൂറിസം മേഖലകള്‍ കടുത്ത ആശങ്കയിലാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close