Month: July 2022

എം.എ. യൂസഫലി യുഎ.ഇ ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍

അളകാ ഖാനം-
ദുബായ്: യു.എ.ഇയുടെ ആദ്യ ഡിജിറ്റല്‍ ബാങ്കായ സാന്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി. ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന എമ്മാര്‍ ഗ്രൂപ്പിന്റെയും മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ജബ്ബാറാണ് സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാന്‍.

അബുദാബി രാജകുടുബാംഗങ്ങള്‍ക്കും നിക്ഷേപമുള്ള ബാങ്കില്‍ എം.എ.യൂസഫലിക്ക് പുറമേ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയും നിക്ഷേപകരാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സമ്പദ്‌രംഗത്ത് കൂടുതല്‍ വൈവിദ്ധ്യവത്കരണത്തിലേക്ക് കടക്കവേയാണ് ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് യൂസഫലിയും ബിര്‍ളയും സാന്നിധ്യം അറിയിക്കുന്നത്.

ജി.എസ്.ടി; കേരളത്തിന് 56 ശതമാനം വളര്‍ച്ച

ഫിദ-
കൊച്ചി: കേന്ദ്രവും സംസഥാനങ്ങളും ചേര്‍ന്ന് ജൂണില്‍ ജി.എസ്.ടിയായി സമാഹരിച്ചത് 1.44 ലക്ഷം കോടി. 2021 ജൂണിലേക്കാള്‍ 56 ശതമാനമാണ് വളര്‍ച്ച.

ജി.എസ്.ടി നടപ്പാക്കിയശേഷം ഇത് അഞ്ചാംതവണയാണ് ഒരുമാസത്തെ സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. കേരളത്തിന്റെ വരുമാനം കഴിഞ്ഞമാസം 116 ശതമാനം വര്‍ദ്ധിച്ച് 2,161 കോടി രൂപയായി. 2021 ജൂണില്‍ വരുമാനം 998 കോടി രൂപയായിരുന്നു.

കഴിഞ്ഞമാസത്തെ മൊത്തം ദേശീയതല വരുമാനത്തില്‍ 25,306 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,406 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 75,887 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തില്‍ 11,018 കോടി രൂപ ലഭിക്കുകയും ചെയ്തു.

ഹീറോ മോട്ടോ കോര്‍പ്പിന്റെ പാഷന്‍ എക്‌സ് ടെക് അവതരിപ്പിച്ചു

ഫിദ-
കൊച്ചി: ഹീറോ മോട്ടോ കോര്‍പ് പുതിയ മോട്ടോര്‍ സൈക്കിളായ പാഷന്‍ എക്‌സ് ടെക് അവതരിപ്പിച്ചു. പ്രൊജക്ടര്‍ എഇഡി ഹെഡ് ലാംപ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഫുള്‍ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എസ്എംഎസ്, കോള്‍ അലര്‍ട്ടുകള്‍, റിയല്‍ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍, ലോഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങി വിവിധ സവിശേഷതകള്‍ ഇതിനുണ്ട്. ഡ്രം വേരിയന്റിന് 74,590 രൂപ. ഡിസ്‌ക് വേരിയന്റിന് 78,990 രൂപ. അഞ്ച് വര്‍ഷത്തെ വാറന്റിയുമുണ്ട്.

 

ഒരു ദിവസം ഫെഡറല്‍ ബാങ്കിന്റെ 10 ശാഖകള്‍

ഫിദ-
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി ഫെഡറല്‍ ബാങ്ക് ഇന്നലെ പുതിയ 10 ശാഖകള്‍ തുറന്നു.

തമിഴ്‌നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സു പള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ സംഗറെഡ്ഡിയിലും ഗുജറാത്തിലെ മെഹ്‌സാനയിലുമാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയിലുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കാനും ബാങ്കിന് പദ്ധതിയുണ്ട്.

ബാങ്കിന്റെ പ്രവര്‍ത്തനം രാജ്യത്തുടനീളം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകള്‍ തുറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായ ആസാദി കാ അമൃത് ഉത്സവിനോടനുബന്ധിച്ച്, വരുന്ന ഓഗസ്റ്റ് 15 ഓടെ ഒറ്റ ദിവസം തന്നെ 15 ശാഖകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 1291 ആയിക്കഴിഞ്ഞു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക വില കുറച്ചു. സിലിണ്ടറിന്റെ വിലയില്‍ 188 രൂപയാണ് കുറഞ്ഞത്.

അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്.