Month: July 2022

ഐസിഐസിഐ ബാങ്ക് വായ്പാ നിരക്ക് ഉയര്‍ത്തി

ഫിദ-
കൊച്ചി: പ്രമുഖ സ്വകാര്യ വായ്പാ ദാതാവായ ഐസിഐസിഐ ബാങ്ക് വായ്പാ നിരക്ക് ഉയര്‍ത്തി. എംസിഎല്‍ആര്‍ 20 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം ആദ്യം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചതിന് ശേഷം മറ്റ് നിരവധി ബാങ്കുകളും അവരുടെ വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

വായ്പാ നിരക്ക് ഉയര്‍ത്തിയതോടെ പുതിയ വായ്പാ എടുക്കുന്നവര്‍ക്കും നിലവില്‍ വായ്പാ എടുത്തവര്‍ക്കും പലിശ നിരക്കുകള്‍ വര്‍ധിക്കും. ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ ഇഎംഐകള്‍ ഉയരും. ഒറ്റ ദിവസത്തേക്കുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 7.50 ശതമാനം ആക്കി ഉയര്‍ത്തി. ഒരു മാസം, ആറ് മാസത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്കുകള്‍ യഥാക്രമം 7.50 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാക്കി വര്‍ധിപ്പിച്ചു. ആറ് മാസവും ഒരു വര്‍ഷവും കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ നിരക്കുകള്‍ യഥാക്രമം 7.70 ശതമാനവും 7.75 ശതമാനവുമാണ്.

റെക്കോര്‍ഡ് തകര്‍ച്ചയില്‍ രൂപ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഒരു ഡോളറിന് 79.37 രൂപ നിലവാരത്തിലാണ് ചൊവാഴ്ച രൂപ ക്ലോസ് ചെയ്തത്.
ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത് ആദ്യമായാണ്. വ്യാപാര കമ്മി കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ തുടങ്ങിയെങ്കിലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുടെ മൂല്യം ഇടിയുന്നുണ്ട്. 2022 ജനുവരി 12 ന് ഒരു ഡോളറിന് 73.77 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാല്‍ അതിനുശേഷം 5 രൂപയിലധികം ഇടിഞ്ഞ് ഇന്ന് 79.37 ല്‍ എത്തി നില്‍ക്കുന്നു. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിയുന്നതും ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നതും ഡോളര്‍ സൂചിക ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ 79.16 ല്‍ ആണ് രൂപയുടെ വിനിമയം നടന്നത്.

കോവിഡ്19; 90 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍

വിഷ്ണു പ്രതാപ്-
ന്യൂഡലഹി: ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 90 ശതമാനവും കോവിഡ് 19 നെതിരെ രണ്ട് വാക്‌സിന്‍ ഡോസുകളും പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ.

18-44 വയസ് പ്രായമുള്ളവര്‍ക്ക് ഇതുവരെ 55,83,57,087 ആദ്യ ഡോസുകളും 50,22,61,478 രണ്ടാം ഡോസുകളും നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഗ്രൂപ്പില്‍ നല്‍കിയ മുന്‍കരുതല്‍ ഡോസുകളുടെ എണ്ണം 32,40,839 ആണ്.

താല്‍ക്കാലിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന്‍ കവറേജ് 197.98 കോടി (1,97,98,21,197) കവിഞ്ഞു.
2,58,55,578 സെഷനുകളിലൂടെയാണ് ഇത് നേടിയത്. ഇതുവരെ, 3.69 കോടിയിലധികം കൗമാരക്കാര്‍ക്കും കോവിഡ് 19 വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ പൊടിക്കാറ്റ്; വീണ്ടും മുന്നറിയിപ്പ്

അളകാ ഖാനം-
റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. അടുത്ത ദിവസങ്ങളിലും പൊടിക്കാറ്റ് തുടരാന്‍ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

ദക്ഷിണ സൗദിയിലെ ജീസാന്‍ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തില്‍ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാല്‍ റോഡുകളില്‍ ഗതാഗതം മന്ദഗതിയിലായിരുന്നു. പൊടിപടലങ്ങളും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാന്‍ എല്ലാവരോടും കൂടുതല്‍ ശ്രദ്ധ പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ഡിജിറ്റല്‍ മീഡിയ ജേണലിസം; അപേക്ഷ ക്ഷണിച്ചു

ഫിദ-
തിരു: കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്‌റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ആണ് പരിശീലനം.
2022 ജൂലൈ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 954495 8182.

‘അതിജീവനത്തിന്റെ ദൈവവിധി’ പ്രകാശനം ചെയ്തു

ഫിദ-
കണ്ണൂര്‍: പ്രശസ്ത എഴുത്തുകാരന്‍ വിജന്‍ നന്വ്യാരുടെ കവിതാസമാഹാരമായ ‘അതിജീവനത്തിന്റെ ദൈവവിധി’ രാജ്യസഭാ എംപി അഡ്വ. പി സന്തോഷ്‌കുമാര്‍ ദേശിയ അധ്യാപക അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രഭാഷകനുമായ രാധാകൃഷ്ണന്‍ മാണിക്കോത്തിന് നല്‍കി പ്രകാശനം ചെയ്തു.

കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുംതല മുഖ്യാഥിതിയായിരുന്നു. അഡ്വ: റഷീദ് കവ്വായി അദ്ധ്യക്ഷത വഹിച്ചു. ശിവനന്ദ പ്രാര്‍ത്ഥന ആലപിച്ചു. ജമാല്‍ കണ്ണൂര്‍സിറ്റി, സുജിത്ത് സി.കെ, തൈക്കണ്ടി മുരളി, പ്രസന്നന്‍ പളളിപ്രം, വിജയന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സുമംഗലി ബുക്‌സാണ് പ്രസാധകര്‍.

സ്വര്‍ണത്തിന് രണ്ടാംദിനവും ഉയര്‍ച്ച തന്നെ

ഗായത്രി-
തിരു: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38,480 രൂപയാണ്. പവന് 80 രൂപയാണ് വര്‍ധിച്ചത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിനു 200 രൂപ ഉയര്‍ന്നിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്നലെ 25 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4810 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,975 രൂപയാണ്.

 

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

രാംനാഥ് ചാവ്‌ല-
മുംബൈ: രണ്ടാം ദിനവും നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് 252 പോയന്റ് ഉയര്‍ന്ന് 53,487 ലാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 15,912ലും വ്യാപാരം ആരംഭിച്ചു.

ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയുടേതാണ് നേട്ടത്തിലുളള ഓഹരികള്‍ . അതേസമയം ബ്രിട്ടാനിയ, ഐടിസി, നെസ്‌ലെ, ഏഷ്യന്‍ പെയിന്റ്‌സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം സര്‍ക്കാരിനില്ല: ധനമന്ത്രി

ഫിദ-
കൊച്ചി: സ്വര്‍ണ വ്യാപാരമേഖലയിലെ നികുതിവരുമാനം കൂട്ടണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇവേ ബില്‍ പരിധി ഉയര്‍ത്തണമെന്ന സ്വര്‍ണമേഖലയുടെ ആവശ്യം ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അങ്കമാലിയില്‍ ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം സര്‍ക്കാരിനില്ല. നികുതി ഉദ്യോഗസ്ഥരുടെ പുനഃസംഘടനയോടെ വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടും.

സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയത് സര്‍ക്കാരിന് നേട്ടമാണ്. സ്വര്‍ണക്കള്ളക്കടത്ത് തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ക്യൂബ് മണ്‍സൂണ്‍ ഫിലിം ഫെസ്റ്റ്

ഫിദ-
കണ്ണൂര്‍: ക്യൂബ് മണ്‍സൂണ്‍ ഫിലിം ഫെസ്റ്റ് ഈ മാസം 8,9,10 തീയതികളില്‍ കണ്ണൂര്‍ കേരള ബാങ്ക്ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ ദുരന്തത്തില്‍ വിറങ്ങലിച്ചു പോയ കലാസ്വാദകര്‍ക്ക് ഒരു ഉണര്‍ത്തുപാട്ടായി ഫിലിം ഫെസ്റ്റ് മാറുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തിന് അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കാവുന്ന ‘ചവിട്ട്’ ആണ് ഉദ്ഘാടന ചിത്രം എന്നതും, ‘കെഞ്ചിര’യാണ് സമാപന ചിത്രം എന്നതും കണ്ണൂരിലെ സിനിമാ പ്രേമികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുക തന്നെ ചെയ്യും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ I’M NOT THE RIVER JHELUM, SUFFRAGETTE, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, അവനോവിലോന, ഡോക്യുമെന്ററി, ബസന്തി, ശ്രാദ്ധം എന്നിവ പ്രദര്‍ശിപ്പിക്കും.

ഓപ്പണ്‍ ഫോറവും നടക്കും. ഫെസ്റ്റിവല്‍ സംവിധായകരായ ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും.
എഫ്എഫ്എസ്‌ഐ സിക്രട്ടറി വി.കെ ജോസഫ് മുഖ്യാതിഥിയാവും. പ്രദീപ് ചൊക്ലി, സി മോഹനന്‍ എന്നിവര്‍ സംബന്ധിക്കും.