വായ്പാ പരിധി; കേന്ദ്രസര്‍ക്കാരിനെതിരെ കേരളം

വായ്പാ പരിധി; കേന്ദ്രസര്‍ക്കാരിനെതിരെ കേരളം

ഫിദ-
തിരു: വായ്പാ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ, ഇതരസംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളം നിയമനടപടിക്കൊരുങ്ങുന്നു.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രം കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ അനുവദിക്കുമ്പോള്‍, കേരളത്തിന്റെ സ്വന്തം പദ്ധതികള്‍പോലും തടസപ്പെടുത്തുന്നുവെന്നാണു സി.പി.എം. ആരോപണം.

ഭരണഘടനാവിദഗ്ധരുമായി ആലോചിച്ചാകും നിയമനടപടികളിലേക്കു നീങ്ങുക.
സഹകരണ ഫെഡറലിസത്തിന്റെ പൂര്‍ണലംഘനമാണു കേന്ദ്രം നടത്തുന്നതെന്ന ആരോപണം സാധൂകരിക്കുന്ന വസ്തുതകള്‍ കോടതിയില്‍ ഹാജരാക്കും.

പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കോടതിയെ സമീപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

ജി.എസ്.ടി. നഷ്ടപരിഹാരക്കുടിശിക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇങ്ങനെ ഒറ്റക്കെട്ടായുള്ള സമീപനമാണു കേരളം സ്വീകരിച്ചത്. കിഫ്ബി, സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് എന്നിവയ്ക്കായെടുത്ത 9,273.24 കോടി രൂപ സര്‍ക്കാരിന്റെ വായ്പയായാണു സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. അതും കണക്കിലെടുത്തേ തുടര്‍വര്‍ഷങ്ങളില്‍ വായ്പയ്ക്ക് അനുമതി നല്‍കൂവെന്നാണു കേന്ദ്രധനമന്ത്രാലയത്തിന്റെ നിലപാട്.

അടുത്ത ഡിസംബര്‍ വരെ 17,936 കോടി രൂപയുടെ വായ്പയെടുക്കാനാണ് അനുമതി. സാധാരണയായി ജി.എസ്.ഡി.പിയുടെ മൂന്നരശതമാനമാണു വായ്പാനുമതി. അതുപ്രകാരം കേരളത്തിന് ഒരുവര്‍ഷം 32,425 കോടിയുടെ വായ്പയാണെടുക്കാന്‍ കഴിയുക. എന്നാല്‍ കിഫ്ബിയും സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡും എടുത്ത തുകയില്‍നിന്ന് 3,578 കോടി രൂപ ഇക്കൊല്ലത്തെ വായ്പാപരിധിയില്‍ വെട്ടിക്കുറയ്ക്കുമെന്നാണു കേന്ദ്രനിലപാട്.

Post Your Comments Here ( Click here for malayalam )
Press Esc to close