ലൈംഗിക തൊഴിലാളിയുടെ ആത്മകഥയെന്ന പേരില്‍ തന്റെ ജീവിതം പുസ്തകമാക്കിയ നളിനി ജമീല മറ്റൊരു പുസ്തകവുമായി എത്തുന്നു. നളിനി ജമീലയുടെ ജീവിതകഥയുടെ രണ്ടാം ഭാഗമാണ് ‘എന്റെ ആണുങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരണത്തിനെത്തുന്നത്. പുസ്തകത്തിന്റെ ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന ഇംഗ്ലിഷ് പതിപ്പാണ് ആദ്യമിറങ്ങുക.
ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍ തൊട്ടുള്ള മൂന്നു പതിറ്റാണ്ടു കാലത്തെ ജീവിതത്തില്‍ പരിചയപ്പെട്ട മറക്കാനാവാത്ത ചില പുരുഷന്മാരെ ഓര്‍ത്തെടുക്കുകയാണ് ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സി’ല്‍ നളിനി ജമീല. വെറുതെ വന്നുപോയവരും മറക്കാനാവാത്ത വേദന സമ്മാനിച്ചവരും തന്നെ ചതിച്ച് പടുകഴിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടവരും അങ്ങനെ മറക്കാനാവാത്ത എട്ടു കഥകളാണ് ഈ പുസ്തകത്തിലുണ്ടാവുക.
ലൈംഗികത്തൊഴിലാളികള്‍ തൊഴിലിലും തൊഴിലിടത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തിനു മുന്നല്‍ തുറന്നുവെക്കുകയായിരുന്നു 2005 ല്‍ ഇറങ്ങിയ ആദ്യപുസ്തകത്തിലൂടെ നളിനി ജമീല ചെയ്തത്. ലൈംഗികത്തൊഴിലാളിയുടെ വൈകാരിക ജീവിതവും മലയാളി ആണിനെക്കുറിച്ചുള്ള അപൂര്‍വ നിരീക്ഷണങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ കൃതി. രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്, ബൈജു നടരാജന്‍ എന്നിവരുടെ സഹായത്തോടെയാണു നളിനി ജമീല പുസ്തകം തയാറാക്കിയിരിക്കുന്നത്. രേഷ്മ ഭരദ്വാജാണ് ഇംഗ്ലിഷ് പരിഭാഷക.