Month: April 2018

സൗദിയില്‍ സിംകാര്‍ഡിന് പുതിയ നിയമം ബാധകം

അളക ഖാനം
റിയാദ്: സൗദിയില്‍ ഇനി സിം കാര്‍ഡ് എടുക്കണമെങ്കില്‍ പുതിയ നിയമം അനുസരിക്കണം. മൊബൈല്‍ ഫോണ്‍ സിം കാര്‍ഡിന് ഇനി മുതല്‍ നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ലാന്റ്് ലൈന്‍ കണക്ഷന്‍ ലഭിക്കുന്നതിനും പുതിയ സിം കാര്‍ഡ് നേടുന്നതിനും അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ ചൊവ്വാഴ്ച്ച മുതല്‍ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
രജിസ്റ്റര്‍ ഡോട് അഡ്രസ് ഡോട് ജി ഒ വി ഡോട് എസ് എ എന്ന പോര്‍ട്ടല്‍ വഴി നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും. താമസിക്കുന്ന കെട്ടിട നമ്പരും തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് വ്യക്തികള്‍ അഡ്രസ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളും കെട്ടിട നമ്പരും അഡ്രസ് സിസ്റ്റത്തിലെ ലൊക്കേഷന്‍ മാപ്പും സെലക്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഫല്‍റ്റുകളില്‍ താമസിക്കുന്ന ഒന്നിലധികം പേര്‍ക്ക് ഒരേ കെട്ടിട നമ്പര്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരായ സ്വദേശികളും വിദേശികളും നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ട് ഉടമകള്‍ ഈ മാസം 13ന് മുമ്പ് അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. എന്നാല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കില്ലെന്ന് ബാങ്ക് സൂപ്പര്‍വൈസറി അതോറിറ്റി അറിയിച്ചു.

 

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു

ഗായത്രി
മലയാളത്തിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്ന സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പതിനാറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍ നായകനാകുന്ന ‘മലയാളി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാട് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
‘പി ആര്‍ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മിക്കുന്നത്.

പ്രവാസികളുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കും

വിഷ്ണു പ്രതാപ്
മുംബൈ: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്. മ്യൂച്ചല്‍ ഫണ്ട് നോമിനി, കോടിശ്വരന്‍മാരുടെ ഭാര്യമാര്‍, റിയല്‍എസ്‌റ്റേറ്റ് നിക്ഷേപമുള്ള പ്രവാസികള്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിരീക്ഷിക്കാനാണ് വകുപ്പിന്റെ നീക്കം. നോട്ട് പിന്‍വലിക്കല്‍ സമയത്ത് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ഇത്തരം ഇടപാടുകള്‍ നടത്തിയവര്‍ക്ക് നോട്ടീസയക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതിനകം 50,000 പേര്‍ക്ക് നോട്ടീസ് അയച്ചു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നികുതിവെട്ടിച്ചതായി കണ്ടെത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് വകുപ്പിന്റെ നീക്കം. ഇതിനായി വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ വരെ പരിശോധനക്ക് വിധേയമാക്കുമെന്നാണ് സൂചന.

ഇഷ്ടം തിരക്കഥാ രചനയും സംവിധാനവും

ഫിദ
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ അഭിനയ രംഗത്ത് നിന്ന് താല്‍ക്കാലിക ഇടവേള എടുക്കുന്നു. അമ്മാവന്‍ എം.മോഹനന്‍ വിനീതിനെ നായകനാക്കി ഒരുക്കുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ പുറത്തിറങ്ങിയാലുടന്‍ താന്‍ അഭിനയത്തില്‍ നിന്ന് താല്‍ക്കാലിക അവധി എടുക്കുമെന്ന് വിനീത് പറഞ്ഞു.
ഒരു സിനിമ സംവിധാനം ചെയ്തു കൊണ്ടായിരിക്കും ചലച്ചിത്ര രംഗത്തേക്ക് മടങ്ങിവരിക. അഭിനയത്തെക്കാള്‍ തനിക്ക് ഏറെ താല്‍പര്യം തിരക്കഥാ രചനയിലും സംവിധാനത്തിലുമാണെന്നും വിനീത് വെളിപ്പെടുത്തി. വിനീത് സംവിധാനം ചെയ്ത സിനിമകള്‍ക്കെല്ലാം അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് , തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് വിനീതിപ്പോള്‍. പുതിയ ചിത്രത്തിന്റെ കഥ ഏതാണ്ട് പൂര്‍ത്തിയായെന്നും ഇനി അതിനായി ഒരുപാട് യാത്രകള്‍ വേണ്ടി വരുമെന്നും വിനീത് പറഞ്ഞു. അതിനാലാണ് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും വിനീത് പറയുന്നു.
മോഹന്‍ലാലിന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് മലയാള സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നായകനായി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമ സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു.

 

ബിറ്റ്‌കോയിന്‍ മോഷണം; 19 കോടിയുടെ നഷ്ടം

വിഷ്ണു പ്രതാപ്
മുംബൈ: രാജ്യത്തെ പ്രമുഖ ഗൂഢ കറന്‍സി എക്‌സ്‌ചേഞ്ച് ആയ കോയിന്‍ സെക്യുറില്‍ 19 കോടി രൂപ വിലയുള്ള ബിറ്റ്‌കോയിന്‍ മോഷണം. 438 ബിറ്റ്‌കോയിനുകളാണു കവര്‍ന്നത്. കമ്പനിയിലെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. അമിതാഭ് സക്‌സേനയെ സംശയിക്കുന്നതായി കാണിച്ചു കമ്പനി പോലീസില്‍ പരാതി നല്‍കി. സക്‌സേന രാജ്യം വിട്ടുപോകാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടു.
ഇടപാടുകാരുടെ പണം തിരിച്ചെടുക്കാന്‍ എല്ലാ ശ്രമവും നടത്തിവരികയാണെന്ന് കോയിന്‍ സെക്യുര്‍ ഇടപാടുകാരെ അറിയിച്ചു. ഇടപാടുകാര്‍ക്കു ബിറ്റ്‌കോയിന്‍ ഗോള്‍ഡ് വിതരണം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് നഷ്ടം ശ്രദ്ധയില്‍പ്പെട്ടതത്രെ.
കംപ്യൂട്ടര്‍ പ്രോഗ്രാമില്‍ അധിഷ്ഠിതമാണു ബിറ്റ്‌കോയിന്‍ പോലുള്ള ഗൂഢ കറന്‍സികള്‍. നിശ്ചിത സംഖ്യ ബിറ്റ് കോയിനുകളേ ഉണ്ടാക്കാനാവൂ. ഈ ദൗര്‍ലഭ്യമാണ് അവക്കു വില ഉണ്ടാക്കുന്നത്.

വാഹന വിപണിയില്‍ വന്‍ വളര്‍ച്ചയുമായി ഹീറോ മോട്ടോകോര്‍പ്പ്

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ഇരുചക്ര വാഹന വിപണിയില്‍ മികച്ച വളര്‍ച്ചയുമായി ഹീറോ മോട്ടോകോര്‍പ്പ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 75 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹീറോ മോട്ടോകോര്‍പ്പ് വിറ്റത്. വില്‍പ്പനയില്‍ 14 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഹീറോ കൈവരിച്ചത്. കഴിഞ്ഞ മാസം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പന കൈവരിക്കാനും ഹീറോക്ക് സാധിച്ചു. 7,34,473 വാഹനങ്ങളാണ് ഇക്കാലയളവില്‍ വിറ്റത്.
വില്‍പ്പനയില്‍ 20 ശതമാനം വളര്‍ച്ചയും മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തി. ഭാവിയിലെ ഉയര്‍ന്ന ഡിമാന്റ് കണക്കിലെടുത്ത് ഉത്പാദനം വര്‍ധിപ്പിക്കാനും ഹീറോ മോട്ടോകോര്‍പ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ എട്ടാമത്തെ ഉത്പാദന ശാലക്ക് തുടക്കം കുറിച്ചു.
ഇത് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വാര്‍ഷിക ഉത്പാദനം 11 ദശലക്ഷം ആയി ഉയരും. നാല് പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്. എക്‌സ്ട്രീം 200ആര്‍, എക്‌സ് പള്‍സ്, ഡ്യുയറ്റ് 125, മാസ്‌ട്രോ എഡ്ജ് 125 എന്നിവയാണ് ഈ വര്‍ഷം വിപണിയിലെത്തുക.

 

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫഹദ്

ഗായത്രി
കൊച്ചി: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനു തനിക്ക് ദേശീയ പുരസ്‌കാരം ലഭിക്കുമെന്നു പ്രതീഷിച്ചിരുന്നില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്നും പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തിലായതു കൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ സാധിച്ചത്. പലപ്പോഴും സിനിമ പൂര്‍ത്തിയാകുമ്പോഴാണ് തനിക്ക് ചിത്രം പൂര്‍ണമായി മനസിലാകുന്നതെന്നും ഫഹദ് പറഞ്ഞു.

ദേശീയ പുരസ്‌കാര പ്രഭയില്‍ മലയാള സിനിമ

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര പ്രഭയില്‍ മലയാള സിനിമ ഒരിക്കല്‍ കൂടി നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച സംവിധായകനായി ജയരാജിനെയും മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഭയനാകം എന്ന ചിത്രമാണ് ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.
വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിന് വേണ്ടി പോയ് മറഞ്ഞ കാലം എന്ന ഗാനം ആലപിച്ച ഗാനഗന്ധര്‍വനിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്‌കാരം ഒരിക്കല്‍ കൂടി മലയാളക്കരയിലേക്ക് എത്തുന്നത്. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ഇന്ദ്രന്‍സിന്റെ മനോഹരമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.
ടേക്ക് ഓഫിനും ചിത്രത്തിലെ പാര്‍വതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചതാണ് മലയാളത്തിന്റെ മറ്റൊരു സവിശേഷത. മികച്ച നടിക്കുള്ള പോരാട്ടത്തില്‍ പാര്‍വതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചതെന്നും ജൂറി വിലയിരുത്തി. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിനായും ജൂറി അവസാനം വരം പരിഗണിച്ചിരുന്നു. മനോഹരമായ പ്രകടനമാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് കാഴ്ചവച്ചിരിക്കുന്നതെന്നും ജൂറി വിലയിരുത്തി.
മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും മലയാളത്തിനാണ്. ഭയാനകം എന്ന ജയരാജ് ചിത്രത്തിന് കാമറ ചലിപ്പിച്ച നിഖില്‍ എസ്. പ്രവീണിനാണ് മികച്ച കാമറാമാനുള്ള പുരസ്‌കാരം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും ടേക്ക് ഓഫ് എന്ന ചിത്രം നേടി. സന്തോഷ് രാജനാണ് ഈയിനത്തില്‍ പുരസ്‌കാരം കേരളക്കരയില്‍ എത്തിച്ചത്.
കഥേതര വിഭാഗത്തില്‍ അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനിസിസ് എന്ന ചിത്രം പുരസ്‌കാരം നേടി. വയനാട്ടിലെ പണിയ സമുദായത്തിന്റെ ജീവിതം പറയുന്ന ചിത്രമായിരുന്നു അനീസ് ഒരുക്കിയത്.

 

എണ്ണക്കമ്പനികളോട് തല്‍ക്കാലം വില വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുകയാണെങ്കിലും തല്‍ക്കാലം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല. രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയതായാണ് സൂചന. ലിറ്ററിന് ഒരു രൂപ നഷ്ടം സഹിക്കണമെന്നാണ് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.
റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി) തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തിലായത്. ജിഎസ്ടിയില്‍നിന്നുള്ള വരുമാനത്തില്‍ കാര്യമായ വര്‍ധനവില്ലാത്തതിനാല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.ആവശ്യമുള്ളതില്‍ 80 ശതമാനത്തിലേറെ എണ്ണ ഇറക്കുമതിയെ ആശ്രയിച്ചാണ് രാജ്യം മുന്നോട്ടുപോകുന്നത്.

സ്വര്‍ണ വില കൂടി

ഗായത്രി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 160 രൂപ ഉയര്‍ന്ന് 23,120 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2890 രൂപയില്‍ എത്തുകയും ചെയ്തു.
ഈ മാസം ആദ്യം അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യപാരം നടത്തിയത്. ഇന്നലെ മാത്രം 200 രൂപയാണ് പവന് വര്‍ദ്ധിച്ചത്.