ദേശീയ പുരസ്‌കാര പ്രഭയില്‍ മലയാള സിനിമ

ദേശീയ പുരസ്‌കാര പ്രഭയില്‍ മലയാള സിനിമ

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര പ്രഭയില്‍ മലയാള സിനിമ ഒരിക്കല്‍ കൂടി നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച സംവിധായകനായി ജയരാജിനെയും മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഭയനാകം എന്ന ചിത്രമാണ് ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.
വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിന് വേണ്ടി പോയ് മറഞ്ഞ കാലം എന്ന ഗാനം ആലപിച്ച ഗാനഗന്ധര്‍വനിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്‌കാരം ഒരിക്കല്‍ കൂടി മലയാളക്കരയിലേക്ക് എത്തുന്നത്. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ഇന്ദ്രന്‍സിന്റെ മനോഹരമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.
ടേക്ക് ഓഫിനും ചിത്രത്തിലെ പാര്‍വതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചതാണ് മലയാളത്തിന്റെ മറ്റൊരു സവിശേഷത. മികച്ച നടിക്കുള്ള പോരാട്ടത്തില്‍ പാര്‍വതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചതെന്നും ജൂറി വിലയിരുത്തി. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിനായും ജൂറി അവസാനം വരം പരിഗണിച്ചിരുന്നു. മനോഹരമായ പ്രകടനമാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് കാഴ്ചവച്ചിരിക്കുന്നതെന്നും ജൂറി വിലയിരുത്തി.
മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും മലയാളത്തിനാണ്. ഭയാനകം എന്ന ജയരാജ് ചിത്രത്തിന് കാമറ ചലിപ്പിച്ച നിഖില്‍ എസ്. പ്രവീണിനാണ് മികച്ച കാമറാമാനുള്ള പുരസ്‌കാരം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും ടേക്ക് ഓഫ് എന്ന ചിത്രം നേടി. സന്തോഷ് രാജനാണ് ഈയിനത്തില്‍ പുരസ്‌കാരം കേരളക്കരയില്‍ എത്തിച്ചത്.
കഥേതര വിഭാഗത്തില്‍ അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനിസിസ് എന്ന ചിത്രം പുരസ്‌കാരം നേടി. വയനാട്ടിലെ പണിയ സമുദായത്തിന്റെ ജീവിതം പറയുന്ന ചിത്രമായിരുന്നു അനീസ് ഒരുക്കിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close