Month: April 2018

ദിലീപിന്റെ ‘ഡിങ്കന്‍’ ചിത്രീകരണം ആരംഭിച്ചു

ഫിദ
ദിലീപ് പ്രധാന വേഷത്തിലെത്തുന്ന പ്രൊഫ. ഡിങ്കന്റെ ചിത്രീകരണം എറണാകുളത്ത് വീണ്ടും ആരംഭിച്ചു. പ്രശസ്ത കാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്ന ഈ ത്രീഡി ചിത്രത്തിന്റെ ഇന്‍ഡോര്‍ രംഗങ്ങളാണ് ഇപ്പോള്‍ എറണാകുളത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്നത്. ഗ്രാഫിക്‌സിന് പ്രാധാന്യമുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നാണ് വിവരം. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാണ് എറണാകുളത്ത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇനി 80 ദിവസത്തെ ചിത്രീകരണമാണ് ഡിങ്കന് ബാക്കിയുള്ളത്.
ന്യൂ ടി.വിയുടെ ബാനറില്‍ സനല്‍ തോട്ടം നിര്‍മ്മിക്കുന്ന പ്രൊഫ. ഡിങ്കന്റെ രചന നിര്‍വഹിക്കുന്നത് റാഫിയാണ്. റാഫി ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. നമിതാ പ്രമോദാണ് നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സ്രിന്‍ഡ, കൊച്ചുപ്രേമന്‍, കൈലാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

 

മഹാവീര്‍ കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായി

ഫിദ
ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായി. കര്‍ണന്റെ പൂര്‍ത്തിയായ തിരക്കഥയുമായി സംവിധായകന്‍ കഴിഞ്ഞ ദിവസം ശബരിമലയിലെത്തി. ദര്‍ശനം കഴിഞ്ഞ ശേഷമാണ് ഈ വിവരം പുറത്തുവിട്ടത്. തമിഴില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിക്രമാണ് കര്‍ണനായി എത്തുക. പൃഥ്വിരാജിനെ നായകനാക്കി മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ടാണ് കര്‍ണന്‍. പിന്നീട് ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനും പിന്‍മാറിയതോടെ സിനിമ മുടങ്ങിയെന്നു തന്നെ വിധിയെഴുതി. ആ സമയത്താണ് താന്‍ ഈ ചിത്രം ഹിന്ദിയിലും തമിഴില്‍ ഒരുക്കുകയാണെന്ന് വിമല്‍ അറിയിച്ചത്.
750 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന മഹാവീര്‍ കര്‍ണന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയുള്ള പ്രൊഡക്ഷന്‍ കമ്പനി യൂനൈറ്റഡ് ഫിലിം കിംഗ്ഡം ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി റിലീസിന് ഒരുക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

അളക ഖാനം
മുംബൈ:
ആഗോള പുനഃസംഘടനയുടെ ഭാഗമായി ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു. റിക്രൂട്ട്‌മെന്റ് ടീമിലെ 60ഓളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ഒരാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൂടുതല്‍പേരെ പുറത്താക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ഷിക അെ്രെപസല്‍ നല്‍കിയ ചില ജീവനക്കാരോട് ലീവില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടകാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം പുതിയതായി നാലായിരത്തോളംപേരെ ജോലിക്ക് എടുക്കുമെന്നും കമ്പനി പറയുന്നു.

നെല്ല് സംഭരണം; കുടിശിക 100 കോടി രൂപ കടന്നു

ഫിദ
കൊച്ചി: കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുമ്പോള്‍ ഉടന്‍ പണം നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാക്ക് പാഴായി. മാര്‍ച്ച് 31വരെ നെല്ല് സംഭരിച്ച വകയിലെ കുടിശിക 100 കോടി രൂപ കടന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ മാത്രം 50 കോടി രൂപ കുടിശികയുണ്ട്. സീസണിലെ ആദ്യ കൃഷിയുടെ കുടിശിക മാത്രമാണ്. രണ്ടാംകൃഷിയിലെ നെല്ല് സംഭരിച്ചതിന്റെ പണം എന്ന് നല്‍കാനാകുമെന്ന് പോലും കര്‍ഷകരെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
അതേസമയം, പതിര് സംബന്ധിച്ച് കര്‍ഷകരും മില്ലുടമകളും തമ്മിലെ തര്‍ക്കം മുറുകിയതിനാല്‍ കുട്ടനാട്ടില്‍ സംഭരണം പാളുകയാണ്. ഒരു ക്വിന്റല്‍ നെല്ല് സംഭരിക്കുമ്പോള്‍ പതിരായി നാല് കിലോഗ്രാം കുറക്കാനാണ് നേരത്തേ ധാരണയായത്. എന്നാല്‍, മില്ലുടമകള്‍ പത്ത് കിലോഗ്രാം വരെ തൂക്കം കുറക്കാന്‍ ശ്രമിക്കുന്നതാണ് തര്‍ക്കത്തിന് കാരണം. സംഭരിക്കാനാവാത്ത നെല്ല് പാടത്ത് കിടന്ന് നശിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഇത്, കുറഞ്ഞ വിലക്ക് നെല്ല് വിറ്റഴിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നുമുണ്ട്.
മിക്ക നെല്‍ കര്‍ഷകരും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. നെല്ല് സംഭരണത്തിന് ഉടന്‍ പണമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇവര്‍ക്ക് ആശ്വാസവുമായിരുന്നു. ആദ്യ കൃഷിക്ക് പുറമേ, രണ്ടാംകൃഷിയിലെ നെല്ല് സംഭരണത്തിന്റെ പണവും കുടിശികയാകുന്നത് കര്‍ഷകരെ ജപ്തിയിലേക്ക് വീഴ്ത്തുകയാണ്.

ഇന്ധന വിലയില്‍ നേരിയ വര്‍ധന

ഗായത്രി
തിരു:
ഇന്ധന വിലയില്‍ ഇന്നും നേരിയ വര്‍ധന. പെട്രോളിന് 12 പൈസ വര്‍ധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വര്‍ധിച്ച് 70.34 രൂപയുമായി.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറക്കില്ലെന്നാണ് കേന്ദ്രനിലപാട്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ധനസെക്രട്ടറി ഹസ്മുഖ് അധിയയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഒരുലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.

കായല്‍ ടൂറിസത്തിന് ഇനി സോളാര്‍ ബോട്ടുകള്‍

ഫിദ
തിരു: സംസ്ഥാനത്തെ കായല്‍ ടൂറിസത്തിന് ചെലവ് കുറഞ്ഞ സോളാര്‍ ബോട്ടുകള്‍ വരുന്നു. ആറുപേര്‍ക്കിരിക്കാവുന്ന ചെറിയ സോളാര്‍ ബോട്ടുകള്‍ക്ക് കുറഞ്ഞത് 25 ലക്ഷത്തോളം രൂപ വില വരുമ്പോള്‍, അനെര്‍ട്ടിന്റെ എംപാനല്‍ ഏജന്‍സിയായ മെഗാബൈറ്റ് നിര്‍മ്മിക്കുന്ന സോളാര്‍ബോട്ടിന് ചെലവ് വെറും അഞ്ചു ലക്ഷം മാത്രം.
തിരുവനന്തപുരത്തെ നിര്‍മാണശാലയില്‍ തയ്യാറായ ബോട്ടുകള്‍ പരീക്ഷണ യാത്ര തുടങ്ങി. രണ്ടുമാസത്തിനുള്ളില്‍ വിപണിയിലെത്തും. തുടര്‍ന്ന് ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് സോളാര്‍ ബോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി. വിദേശരാജ്യങ്ങളിലെ ആട്ടോണമസ് കാറുകളുടെ മാതൃകയില്‍ െ്രെഡവറില്ലാത്ത സോളാര്‍ ബോട്ടുകളാണ് അടുത്ത ലക്ഷ്യം. ഇതിനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്ടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് സൗരോര്‍ജം ചാര്‍ജ് കണ്‍ട്രോളര്‍ വഴി ബാറ്ററിയില്‍ ശേഖരിക്കപ്പെടും. ഈ വൈദ്യുതി ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രൊപ്പല്ലര്‍ കറങ്ങുകയും ബോട്ട് നീങ്ങുകയും ചെയ്യും. വെയില്‍ ഇല്ലാത്തപ്പോളും ബാറ്ററിയില്‍ ശേഖരിച്ച വൈദ്യുതി ഉപയോഗിച്ച് മൂന്നരമണിക്കൂര്‍ ഓടാനാകും. മഴക്കാലത്ത് കെ.എസ്.ഇ.ബി വൈദ്യുതിയില്‍ എട്ടുമണിക്കൂര്‍ ചാര്‍ജ് ചെയ്ത് ഓടിക്കാം.

 

വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്ക് വില വര്‍ധിക്കും

രാംനാഥ് ചാവ്‌ല
കൊച്ചി: പാവപ്പെട്ട രോഗികള്‍ക്ക് പ്രഹരമേല്പിച്ചു കൊണ്ട്, വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്കും നാളെ മുതല്‍ 3.4 ശതമാനം വരെ വില വര്‍ധിക്കും. രക്തസമ്മര്‍ദ്ദം മുതല്‍ കാന്‍സര്‍ വരെയുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2013ലെ അവശ്യ മരുന്നു വില നിയന്ത്രണ നിയമത്തിന്റെ ഭാഗമായുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ നിശ്ചിത ശതമാനം വില കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വര്‍ഷാരംഭത്തിന്റെ തുടക്കമായ നാളെത്തന്നെ മരുന്നുകള്‍ക്ക് വില കൂട്ടുന്നത്. പരമാവധി 10 ശതമാനം വരെ മാത്രമേ വില കൂട്ടാനാവൂ.
2019 മാര്‍ച്ച് വരെ ആഭ്യന്തര ഔഷധ വിപണിയില്‍ 3400 കോടി രൂപയുടെ വിലക്കയറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ 374 കോടിയുടെ വിലവര്‍ദ്ധന അനുഭവിക്കേണ്ടിവരും. മരുന്നു വിപണിയില്‍ കേരളത്തിന്റെ വാര്‍ഷിക വിറ്റുവരവ് 6,000 8,000 കോടിയാണ്.
684 ഇനം മരുന്നുകളാണ് നേരത്തേ വിലനിയന്ത്രണ പട്ടികയില്‍ ഉണ്ടായിരുന്നത്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് 875 ആക്കി. ഈ മരുന്നുകള്‍ക്കെല്ലാം ഒറ്റയടിക്ക് വില കൂടുകയാണ്. പട്ടികയിലെ മരുന്നുകളുടെ വില തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ മരുന്നുവില നിര്‍ണയ അതോറിട്ടിക്കാണ്. അതോറിട്ടിയുടെ പട്ടികയില്‍ നിന്ന് കൂടുതല്‍ മരുന്നുകളെ ഒഴിവാക്കാന്‍ മരുന്നു കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം തുടരുകയാണ്.
കാന്‍സറിന്റെ 90 ശതമാനം മരുന്നുകള്‍ക്കും വില കൂടും. പ്രമേഹത്തിന് 600 ബ്രാന്‍ഡഡ് മരുന്നുകള്‍ നിലവിലുണ്ട്. ഗല്‍മിെ്രെപഡ് എന്ന പ്രമേഹ ഗുളിക പത്തെണ്ണത്തിന് 40 രൂപയാണ് നിലവില്‍. ദിവസം രണ്ടെണ്ണം കഴിക്കണം. രക്തസമ്മര്‍ദ്ദത്തിന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അംലോഡിപ്പിന്‍ ഗുളിക പത്തെണ്ണത്തിന് 24 രൂപയുണ്ടിപ്പോള്‍. ഇവയുടെയെല്ലാം വില കൂടുന്നത് സാധാരണക്കാര്‍ക്ക് പ്രഹരമാവും.

കുരുമുളക് വില ഇടിഞ്ഞു

ഫിദ
കൊച്ചി: നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും അനധികൃതമായി ഇറക്കുമതി കൂടിയതോടെ കുരുമുളക് വില കുത്തനെ ഇടിഞ്ഞു. ആഭ്യന്തര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാനായാണ് 500 രൂപയില്‍ താഴെ വിലയുള്ള കുരുമുളക് ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിട്ടത്. കഴിഞ്ഞവാരം മികച്ച വില ആഭ്യന്തര കുരുമുളകിന് ലഭിക്കാനും ഇതു സഹായിക്കും. എന്നാല്‍, അനധികൃത മാര്‍ഗങ്ങളിലൂടെ ഇറക്കുമതി വീണ്ടും സജീവമായത് ഈ വാരം വില ഇടിയാന്‍ കളമൊരുക്കി.
വിപണിയിലേക്ക് വിദേശ കുരുമുളകിന്റെ വരവ് കൂടിയതോടെ ക്വിന്റലിന് 100 രൂപയുടെ ഇടിവുണ്ടായി. മികച്ച നിലവാരമുള്ള ആഭ്യന്തര കുരുമുളകുമായി, ഒട്ടും നിലവാരമില്ലാത്തെ വിദേശ കുരുമുളക് കൂട്ടിക്കലര്‍ത്തിയാണ് വിറ്റഴിക്കുന്നത്. 20 ടണ്‍ വരെ കുരുമുളകാണ് കൊച്ചിയില്‍ മാത്രം ഇത്തരത്തില്‍ വില്‍പ്പനക്കെത്തിയത്. വിയറ്റ്‌നാമില്‍ നിന്നുള്ള വിലയും നിലവാരവും തീരെക്കുറവുള്ള കുരുമുളകാണ് വ്യാപകമായി ഇറക്കുമതി ചെയ്ത് ഇത്തരത്തില്‍ കൂട്ടിക്കലര്‍ത്തി വില്‍ുന്നത്.
ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നവരും ആഭ്യന്തരവിലയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നാണ് കര്‍ഷകരുടെ വാദം. ഇത്തരത്തില്‍ ഇറക്കുമതി നടത്തുന്നവര്‍ കുരുമുളകും മറ്റും കയറ്റുമതി ചെയ്യാതെ, മികച്ച വില്‍പ്പനയുള്ള ആഭ്യന്തര വിപണികളിലേക്ക് തന്നെ ഒഴുക്കുകയാണ്. ഇതാണ്, വില കുത്തനെ ഇടിയാന്‍ കാരണം. ഇറക്കുമതിക്കാരുടെ ഈ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല.

 

എന്നോട് വംശീയ വിവേചനം; സാമുവല്‍ റോബിന്‍സണ്‍

ഫിദ
സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ആരോപണവുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. മലയാളത്തിലെ നവാഗത സംവിധാകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുച്ഛമായ പ്രതിഫലമാണ് നിര്‍മാതാക്കള്‍ തനിക്ക് നല്‍കിയതെന്നും ഇത് വംശീയ വിവേചനമാണെന്നും സാമുവല്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു നിര്‍മാതാക്കളുടെ വാഗ്ദാനം. ഇത് അവര്‍ പാലിച്ചില്ല. കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടന്‍ ഇത് പോലുള്ള അനുഭവം ഉണ്ടാകരുത്. ഇന്ത്യയിലെ മറ്റു നടന്മാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ചത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവല്‍ പറയുന്നു.
കറുത്ത വര്‍ഗക്കാരനായത് കൊണ്ടും ആഫ്രിക്കന്‍ വംശജന് പണത്തിന്റെ മൂല്യം അറിയില്ല എന്ന തെറ്റിദ്ധാരണ കൊണ്ടുമാണ് ഈ വിവേചനം എന്നാണ് മനസ്സിലാക്കുന്നത്. സംവിധായകന്‍ സക്കരിയ തന്നെ സഹായിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നൈജീരിയയില്‍ തിരിച്ചെത്തിയിട്ടും ആ വാഗ്ദാനം പാലിച്ചില്ല. സിനിമ പൂര്‍ത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രം ആയിരുന്നു ഇതെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ല താന്‍ ഉദ്ദേശിച്ചത്. പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നു എന്നു മാത്രമാണ്. കേരള സംസ്‌കാരവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടു. ദൈവത്തിന്റെ നാടിനോട് സ്‌നേഹവും ബഹുമാനവുമാണെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു.

പ്രഫഷനല്‍ വിദ്യാഭ്യാസ വായ്പാ പരിധി ഏഴര ലക്ഷമായി ഉയര്‍ത്തും

ഗായത്രി
കൊച്ചി: ഈടില്ലാതെ ബാങ്കുകള്‍ നല്‍കുന്ന പ്രഫഷനല്‍ വിദ്യാഭ്യാസ വായ്പയുടെ പരിധി ഏഴര ലക്ഷമായി ഉയര്‍ത്തുന്നു. മാതൃകാ വിദ്യാഭ്യാസ വായ്പപദ്ധതിക്ക് കീഴില്‍ ക്രെഡിറ്റ് ഗാരന്റി ഫണ്ടില്‍ നിന്നുള്ള വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലാണിത്. വിദ്യാഭ്യാസ വായ്പപദ്ധതി പ്രകാരമുള്ള ക്രെഡിറ്റ് ഗാരന്റി ഫണ്ടിന്റെ പലിശ സബ്‌സിഡി പദ്ധതി 201920 വര്‍ഷംവരെ തുടരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ഈ പദ്ധതി പ്രകാരം ശരാശരി നാലുലക്ഷം രൂപ വരെ മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നത്. വായ്പാഗഡു ആദ്യത്തെ ഒരു വര്‍ഷം തിരിച്ചടക്കേണ്ടതില്ല. പ്രഫഷനല്‍, സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് വായ്പ ലഭിക്കും. 2009 മുതല്‍ പ്രതിവര്‍ഷം 2.78 ലക്ഷം പേര്‍ വായ്പ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം 3.3 ലക്ഷമാക്കി ഉയര്‍ത്താനാണ് ഉദ്ദേശ്യം.
സര്‍വശിക്ഷ അഭിയാന്‍, രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാന്‍, ടീച്ചേഴ്‌സ് എജുക്കേഷന്‍ എന്നിവ സംയോജിപ്പിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കും.