നെല്ല് സംഭരണം; കുടിശിക 100 കോടി രൂപ കടന്നു

നെല്ല് സംഭരണം; കുടിശിക 100 കോടി രൂപ കടന്നു

ഫിദ
കൊച്ചി: കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുമ്പോള്‍ ഉടന്‍ പണം നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാക്ക് പാഴായി. മാര്‍ച്ച് 31വരെ നെല്ല് സംഭരിച്ച വകയിലെ കുടിശിക 100 കോടി രൂപ കടന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ മാത്രം 50 കോടി രൂപ കുടിശികയുണ്ട്. സീസണിലെ ആദ്യ കൃഷിയുടെ കുടിശിക മാത്രമാണ്. രണ്ടാംകൃഷിയിലെ നെല്ല് സംഭരിച്ചതിന്റെ പണം എന്ന് നല്‍കാനാകുമെന്ന് പോലും കര്‍ഷകരെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
അതേസമയം, പതിര് സംബന്ധിച്ച് കര്‍ഷകരും മില്ലുടമകളും തമ്മിലെ തര്‍ക്കം മുറുകിയതിനാല്‍ കുട്ടനാട്ടില്‍ സംഭരണം പാളുകയാണ്. ഒരു ക്വിന്റല്‍ നെല്ല് സംഭരിക്കുമ്പോള്‍ പതിരായി നാല് കിലോഗ്രാം കുറക്കാനാണ് നേരത്തേ ധാരണയായത്. എന്നാല്‍, മില്ലുടമകള്‍ പത്ത് കിലോഗ്രാം വരെ തൂക്കം കുറക്കാന്‍ ശ്രമിക്കുന്നതാണ് തര്‍ക്കത്തിന് കാരണം. സംഭരിക്കാനാവാത്ത നെല്ല് പാടത്ത് കിടന്ന് നശിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഇത്, കുറഞ്ഞ വിലക്ക് നെല്ല് വിറ്റഴിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നുമുണ്ട്.
മിക്ക നെല്‍ കര്‍ഷകരും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. നെല്ല് സംഭരണത്തിന് ഉടന്‍ പണമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇവര്‍ക്ക് ആശ്വാസവുമായിരുന്നു. ആദ്യ കൃഷിക്ക് പുറമേ, രണ്ടാംകൃഷിയിലെ നെല്ല് സംഭരണത്തിന്റെ പണവും കുടിശികയാകുന്നത് കര്‍ഷകരെ ജപ്തിയിലേക്ക് വീഴ്ത്തുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close