Month: April 2018

കൃഷ്ണമൃഗ വേട്ട; സല്‍മാന്‍ ഖാന് ജാമ്യം

അളക ഖാനം
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് താരത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കുക. ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്ന് സല്‍മാന്‍ കോടതിയില്‍ വാദിച്ചു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ കൃത്രിമം ഉണ്ടെന്ന വാദവും സല്‍മാന്‍ ഉയര്‍ത്തിയിരുന്നു. കൃഷ്ണമൃഗങ്ങളുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടും പ്രതിഭാഗം സ്വീകരിച്ചിരുന്നു.
സല്‍മാന്‍ തോക്കുപയോഗിച്ചതിന് തെളിവില്ലെന്നും ദൃക്‌സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇതേത്തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കീഴ്‌കോടതിയോട് സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു.
സല്‍മാന്റെ സഹോദരിമാരായ അല്‍വീര, അര്‍പിത, അംഗരക്ഷകന്‍ ഷേര തുടങ്ങിയവര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയിരുന്നു. 19 വര്‍ഷം പഴക്കമുള്ള കേസില്‍ കഴിഞ്ഞദിവസമാണ് ജോധ്പുര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. പ്രതി ചേര്‍ക്കപ്പെട്ടിരുന്ന താരങ്ങളായ സെയ്ഫ് അലിഖാന്‍, തബു, നീലം കോത്താരി, സൊണാലി ബേന്ദ്ര എന്നിവരെ കുറ്റമുക്തരാക്കിയിരുന്നു.

റെയില്‍വെ ഭക്ഷണങ്ങള്‍ക്ക് അഞ്ചുശതമാനം ജി.എസ്. ടി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: റെയില്‍വെ സ്‌റ്റേഷനിലും ട്രെയിനിലും വില്‍ക്കുന്ന എല്ലാ ഭക്ഷണസാധനങ്ങളുടെയും വിലയില്‍ അഞ്ചുശതമാനം ജി.എസ്. ടി ചുമത്തുമെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് റെയില്‍വെ ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കി. പ്രമേഹ രോഗികള്‍ക്ക് പ്രത്യേക ഭക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും റെയില്‍വെ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ജോയ്‌സ് എബ്രഹം എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഇക്കാര്യം പറഞ്ഞത്. ട്രെയിന്‍ യാത്രക്കാരായ പ്രമേഹ രോഗികള്‍ക്ക് പഞ്ചസാര ചേര്‍ക്കാത്ത ചായയടക്കം നല്‍കണമെന്നാവശ്യപ്പെട്ട് 2015ല്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗൂഢ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനു റിസര്‍വ് ബാങ്കിന്റെ വിലക്ക്

രാംനാഥ് ചാവ്‌ല
മുംബൈ: ബിറ്റ്‌കോയിന്‍ പോലുള്ള ഗൂഢ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനു റിസര്‍വ് ബാങ്കിന്റെ വിലക്ക്. പേമെന്റ് ബാങ്കുകളും മറ്റും തങ്ങളുടെ ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളിലേ സൂക്ഷിക്കാവൂ എന്നും റിസര്‍വ് ബാങ്ക്. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പണനയ കമ്മിറ്റി യോഗത്തിനുശേഷം ബാങ്ക് അറിയിച്ചതാണ് ഈ തീരുമാനങ്ങള്‍.
ബാങ്കുകള്‍, ബാങ്കിതര ധനകാര്യ കമ്പനികള്‍, പേമെന്റ് സംവിധാനങ്ങള്‍ തുടങ്ങി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം ഗൂഢ കറന്‍സി വിലക്ക് ബാധകമാണ്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഇന്റര്‍നെറ്റിലൂടെ ഉപയോഗിക്കുന്നതാണു ഗൂഢകറന്‍സികള്‍. ഇതില്‍ ഏറ്റവും വലുത് ബിറ്റ്‌കോയിന്‍ ആയിരുന്നു. ഒരു ബിറ്റ്‌കോയിന് 17,000 ഡോളര്‍ വരെ വില ഉയര്‍ന്നിട്ട് ഇപ്പോള്‍ 6000 ഡോളറിലേക്കു താന്നിരിക്കുകയാണ്.
ഇപ്പോള്‍ ഗൂഢ കറന്‍സികളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ നിശ്ചിത കാലാവധിക്കകം ബന്ധം അവസാനിപ്പിക്കണം. ഗൂഢകറന്‍സികളെപ്പറ്റി റിസര്‍വ് ബാങ്ക് നേരത്തെ ഒന്നിലേറെത്തവണ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.
ഇതേസമയം, ഡിജിറ്റല്‍ കറന്‍സി നടപ്പാക്കാനുള്ള സാധ്യതയെപ്പറ്റി പഠിക്കാന്‍ റിസര്‍വ് ബാങ്ക് കമ്മിറ്റിയെ വച്ചു. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും ഈ വിഷയം പഠിച്ചുവരികയാണ്. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങളും അസൗകര്യങ്ങളും മാറിയ സാങ്കേതിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ പഠനം.
പേടിഎം പോലുള്ള എല്ലാ പേമെന്റ് സംവിധാനങ്ങളും അവരുടെ ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ മാത്രമേ സൂക്ഷിക്കാവൂ എന്നും ബാങ്ക് നിര്‍ദേശിച്ചു. ഇപ്പോള്‍ പലരും വിദേശത്തെ സെര്‍വറുകളിലാണ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്.

 

എസ്.ബി.ഐ റിലയന്‍സ് പേയ്‌മെന്റ് ബാങ്കിന് തുടക്കം

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുമായി ചേര്‍ന്ന് റിലയന്‍സ് പേയമെന്റ് ബാങ്കിന് തുടക്കം കുറിക്കുന്നു. റിലയന്‍സിന്റെ മൊബൈല്‍ വിഭാഗമായ ജിയോക്ക് കീഴിലാവും പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുക. ഇതിനുള്ള അനുമതി കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് റിലയന്‍സിന് നല്‍കി.
പേയ്‌മെന്റ് ബാങ്കില്‍ 70 ശതമാനം ഓഹരികള്‍ റിലയന്‍സിനും 30 ശതമാനം എസ്.ബി.ഐക്കും ആയിരിക്കും. ഭാരതി എയര്‍ടെല്ലാണ് രാജ്യത്ത് ആദ്യമായി പേയ്‌മെന്റ് ബാങ്ക് സേവനം ആരംഭിച്ചത്. ഫിന്‍കോ, ആദിത്യ ബിര്‍ള, പേടിഎം തുടങ്ങിയ കമ്പനികളും പേയ്‌മെന്റ്് ബാങ്ക് സേവനത്തിനായി റിസര്‍വ് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു.
നിക്ഷേപങ്ങള്‍ക്ക് വാണിജ്യ ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശ നല്‍കുന്ന സംവിധാനമാണ് പേയ്‌മെന്റ് ബാങ്കുകള്‍. മിനിമം ബാലന്‍സ് നിബന്ധനയില്ലാതെ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. ഒരു ലക്ഷം രൂപ വരെയാണ് പേയ്മന്റെ് ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുക.

 

‘ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു

രാംനാഥ് ചാവ്‌ല
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറയുന്ന ‘ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗായി എത്തുന്നത്. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരില്‍ 2014ല്‍ എഴുതിയ പുസ്തകമാണ് സിനിമയാക്കി മാറ്റുന്നത്്.
2004ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. ആ കാലയളവില്‍ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു. സഞ്ജയ ബാറുവായി അക്ഷയ് ഖന്ന എത്തുമ്പോള്‍ സോണിയാ ഗാന്ധിയായി സുസെന്‍ ബര്‍നെറ്റ് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്്.

 

റബര്‍വില കനത്ത നഷ്ടത്തിലേക്ക്

ഫിദ
കോട്ടയം: ഉത്പാദനം കുറഞ്ഞ്, ഡിമാന്‍ഡ് കൂടിയിട്ടും ആഗോളതലത്തില്‍ റബര്‍വില കനത്ത നഷ്ടത്തിലേക്ക്. ഇന്നലെ വിപണിയുടെ തുടക്കത്തില്‍ മൂന്നു രൂപയോളം കുതിച്ച്, വന്‍ പ്രതീക്ഷകള്‍ നല്‍കിയ റബര്‍വില വ്യാപാരാന്ത്യം റെക്കാഡ് തകര്‍ച്ച നേരിടുകയായിരുന്നു. 123 രൂപയില്‍ നിന്ന് 119 രൂപയിലേക്കായിരുന്നു തകര്‍ച്ച. ലാറ്റക്‌സിന് 200 രൂപ കുറഞ്ഞ് വില 7,600 രൂപയായി. ടയര്‍ കമ്പനികള്‍ മികച്ച വാങ്ങല്‍ താത്പര്യം കാട്ടിയതോടെ വില ഉയര്‍ത്താന്‍ അവധി വ്യാപാരികള്‍ ആദ്യം തയ്യാറായി. ആര്‍.എസ്.എസ് നാലാം ഗ്രേഡിന് കിലോക്ക് മൂന്നു രൂപവരെയാണ് അവര്‍ കൂട്ടിയത്.
എന്നാല്‍, ഈസ്റ്റര്‍ അവധിയുടെ ആലസ്യത്തിലേക്ക് വ്യവസായികള്‍ നീങ്ങിയതോടെ വിലയും തളര്‍ന്നു. രാജ്യാന്തര വിപണിയിലും വില നിര്‍ജീവമായി തുടരുകയാണ്. ടോക്കിയോ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (ടോക്കോം) ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് ഇടിഞ്ഞവില പിന്നീട് നേരിയതോതില്‍ കരകയറി. ജാപ്പനീസ് യെന്നിന്റെ മൂല്യം അല്പം താഴ്ന്നതാണ് ഈ നേരിയ വിലകയറ്റത്തിന് വഴിയൊരുക്കിയത്. ക്രൂഡോയില്‍ വില കുതിപ്പിന്റെ ട്രാക്കിലാണെങ്കിലും റബര്‍ വിലയെ കാര്യമായി അത് ബാധിച്ചിട്ടില്ല. വരും ദിനങ്ങളില്‍ മുഖ്യ റബര്‍ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് ഷീറ്റ് നീക്കം ഉയരുമെന്ന നിഗമനമാണ് വ്യവസായികള്‍ക്കുള്ളത്. കൊച്ചിയില്‍ കഴിഞ്ഞവാരം 200 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 2,000 ടണ്‍ റബര്‍ വാങ്ങി.
ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കം റബര്‍ വിപണിയെ തകര്‍ക്കുമെന്നാണ് കര്‍ഷകരും വ്യവസായികളും പറയുന്നത്.

ആര്‍ബിഐ പുതിയ വായ്പാനയം പ്രഖ്യാപിച്ചു

വിഷ്ണു പ്രതാപ്
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 5.75 ശതമാനത്തിലും തുടരും. ഇത് നാലാം തവണയാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നത്.

കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ 2.42 ലക്ഷം കോടി രൂപ എഴുതിത്തള്ളി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വായ്പയില്‍ 2.42 ലക്ഷം കോടി രൂപ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എഴുതിത്തള്ളി. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. രാജ്യസഭയില്‍ ധനസഹമന്ത്രി ശിവപ്രതാപ് ശുക്ല എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. വായ്പ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതിനാല്‍, ആരൊക്കെയാണ് ഇത്രയും വലിയ തുക എഴുതിത്തള്ളിയതിന്റെ ഗുണഭോക്താക്കളെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മന്ത്രി വിശദീകരിച്ചു.
സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വിഷയം ഏറ്റെടുത്ത് രംഗത്തു വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കര്‍ഷകര്‍ കൃഷിവായ്പ എഴുതിത്തള്ളണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നത് സര്‍ക്കാര്‍ അവഗണിക്കുമ്പോള്‍ തന്നെയാണ് കോര്‍പറേറ്റുകളുടെ വായ്പ എഴുതിത്തള്ളിയതെന്ന് മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.

പെട്രോള്‍ ഡീസല്‍ വിലവര്‍ധന; നികുതി വരുമാനം ഉപേക്ഷിക്കില്ല

ഗായത്രി
തിരു: പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിലവിലെ സാഹചര്യത്തില്‍ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ട്. അതുകൊണ്ടു തന്നെ നികുതി വരുമാനം ഉപേക്ഷിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പിന്നീട് ഉചിതമായ തീരുമാനമെടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയത്തിന്റെ ഭാഗമാണ് പെട്രോളിന്റേയും ഡീസലിന്റേയും അനിയന്ത്രിതമായ വിലവര്‍ധനവ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നുള്ള നികുതി വരുമാനം വേണ്ടെന്ന് വെക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 13 തവണ എണ്ണ വില വര്‍ധിച്ചപ്പോള്‍ പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ ആ നികുതി വരുമാനം വേണ്ടെന്ന് വെച്ചിരുന്നു. ഈ മാതൃക പിന്തുടരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രതിപക്ഷത്തിന്റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചില്ല. മാത്രമല്ല അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുത്തുമില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.