റബര്‍വില കനത്ത നഷ്ടത്തിലേക്ക്

റബര്‍വില കനത്ത നഷ്ടത്തിലേക്ക്

ഫിദ
കോട്ടയം: ഉത്പാദനം കുറഞ്ഞ്, ഡിമാന്‍ഡ് കൂടിയിട്ടും ആഗോളതലത്തില്‍ റബര്‍വില കനത്ത നഷ്ടത്തിലേക്ക്. ഇന്നലെ വിപണിയുടെ തുടക്കത്തില്‍ മൂന്നു രൂപയോളം കുതിച്ച്, വന്‍ പ്രതീക്ഷകള്‍ നല്‍കിയ റബര്‍വില വ്യാപാരാന്ത്യം റെക്കാഡ് തകര്‍ച്ച നേരിടുകയായിരുന്നു. 123 രൂപയില്‍ നിന്ന് 119 രൂപയിലേക്കായിരുന്നു തകര്‍ച്ച. ലാറ്റക്‌സിന് 200 രൂപ കുറഞ്ഞ് വില 7,600 രൂപയായി. ടയര്‍ കമ്പനികള്‍ മികച്ച വാങ്ങല്‍ താത്പര്യം കാട്ടിയതോടെ വില ഉയര്‍ത്താന്‍ അവധി വ്യാപാരികള്‍ ആദ്യം തയ്യാറായി. ആര്‍.എസ്.എസ് നാലാം ഗ്രേഡിന് കിലോക്ക് മൂന്നു രൂപവരെയാണ് അവര്‍ കൂട്ടിയത്.
എന്നാല്‍, ഈസ്റ്റര്‍ അവധിയുടെ ആലസ്യത്തിലേക്ക് വ്യവസായികള്‍ നീങ്ങിയതോടെ വിലയും തളര്‍ന്നു. രാജ്യാന്തര വിപണിയിലും വില നിര്‍ജീവമായി തുടരുകയാണ്. ടോക്കിയോ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (ടോക്കോം) ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് ഇടിഞ്ഞവില പിന്നീട് നേരിയതോതില്‍ കരകയറി. ജാപ്പനീസ് യെന്നിന്റെ മൂല്യം അല്പം താഴ്ന്നതാണ് ഈ നേരിയ വിലകയറ്റത്തിന് വഴിയൊരുക്കിയത്. ക്രൂഡോയില്‍ വില കുതിപ്പിന്റെ ട്രാക്കിലാണെങ്കിലും റബര്‍ വിലയെ കാര്യമായി അത് ബാധിച്ചിട്ടില്ല. വരും ദിനങ്ങളില്‍ മുഖ്യ റബര്‍ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് ഷീറ്റ് നീക്കം ഉയരുമെന്ന നിഗമനമാണ് വ്യവസായികള്‍ക്കുള്ളത്. കൊച്ചിയില്‍ കഴിഞ്ഞവാരം 200 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 2,000 ടണ്‍ റബര്‍ വാങ്ങി.
ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കം റബര്‍ വിപണിയെ തകര്‍ക്കുമെന്നാണ് കര്‍ഷകരും വ്യവസായികളും പറയുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close