ഗൂഢ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനു റിസര്‍വ് ബാങ്കിന്റെ വിലക്ക്

ഗൂഢ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനു റിസര്‍വ് ബാങ്കിന്റെ വിലക്ക്

രാംനാഥ് ചാവ്‌ല
മുംബൈ: ബിറ്റ്‌കോയിന്‍ പോലുള്ള ഗൂഢ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനു റിസര്‍വ് ബാങ്കിന്റെ വിലക്ക്. പേമെന്റ് ബാങ്കുകളും മറ്റും തങ്ങളുടെ ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളിലേ സൂക്ഷിക്കാവൂ എന്നും റിസര്‍വ് ബാങ്ക്. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പണനയ കമ്മിറ്റി യോഗത്തിനുശേഷം ബാങ്ക് അറിയിച്ചതാണ് ഈ തീരുമാനങ്ങള്‍.
ബാങ്കുകള്‍, ബാങ്കിതര ധനകാര്യ കമ്പനികള്‍, പേമെന്റ് സംവിധാനങ്ങള്‍ തുടങ്ങി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം ഗൂഢ കറന്‍സി വിലക്ക് ബാധകമാണ്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഇന്റര്‍നെറ്റിലൂടെ ഉപയോഗിക്കുന്നതാണു ഗൂഢകറന്‍സികള്‍. ഇതില്‍ ഏറ്റവും വലുത് ബിറ്റ്‌കോയിന്‍ ആയിരുന്നു. ഒരു ബിറ്റ്‌കോയിന് 17,000 ഡോളര്‍ വരെ വില ഉയര്‍ന്നിട്ട് ഇപ്പോള്‍ 6000 ഡോളറിലേക്കു താന്നിരിക്കുകയാണ്.
ഇപ്പോള്‍ ഗൂഢ കറന്‍സികളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ നിശ്ചിത കാലാവധിക്കകം ബന്ധം അവസാനിപ്പിക്കണം. ഗൂഢകറന്‍സികളെപ്പറ്റി റിസര്‍വ് ബാങ്ക് നേരത്തെ ഒന്നിലേറെത്തവണ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.
ഇതേസമയം, ഡിജിറ്റല്‍ കറന്‍സി നടപ്പാക്കാനുള്ള സാധ്യതയെപ്പറ്റി പഠിക്കാന്‍ റിസര്‍വ് ബാങ്ക് കമ്മിറ്റിയെ വച്ചു. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും ഈ വിഷയം പഠിച്ചുവരികയാണ്. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങളും അസൗകര്യങ്ങളും മാറിയ സാങ്കേതിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ പഠനം.
പേടിഎം പോലുള്ള എല്ലാ പേമെന്റ് സംവിധാനങ്ങളും അവരുടെ ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ മാത്രമേ സൂക്ഷിക്കാവൂ എന്നും ബാങ്ക് നിര്‍ദേശിച്ചു. ഇപ്പോള്‍ പലരും വിദേശത്തെ സെര്‍വറുകളിലാണ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close