വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്ക് വില വര്‍ധിക്കും

വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്ക് വില വര്‍ധിക്കും

രാംനാഥ് ചാവ്‌ല
കൊച്ചി: പാവപ്പെട്ട രോഗികള്‍ക്ക് പ്രഹരമേല്പിച്ചു കൊണ്ട്, വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്കും നാളെ മുതല്‍ 3.4 ശതമാനം വരെ വില വര്‍ധിക്കും. രക്തസമ്മര്‍ദ്ദം മുതല്‍ കാന്‍സര്‍ വരെയുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2013ലെ അവശ്യ മരുന്നു വില നിയന്ത്രണ നിയമത്തിന്റെ ഭാഗമായുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ നിശ്ചിത ശതമാനം വില കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വര്‍ഷാരംഭത്തിന്റെ തുടക്കമായ നാളെത്തന്നെ മരുന്നുകള്‍ക്ക് വില കൂട്ടുന്നത്. പരമാവധി 10 ശതമാനം വരെ മാത്രമേ വില കൂട്ടാനാവൂ.
2019 മാര്‍ച്ച് വരെ ആഭ്യന്തര ഔഷധ വിപണിയില്‍ 3400 കോടി രൂപയുടെ വിലക്കയറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ 374 കോടിയുടെ വിലവര്‍ദ്ധന അനുഭവിക്കേണ്ടിവരും. മരുന്നു വിപണിയില്‍ കേരളത്തിന്റെ വാര്‍ഷിക വിറ്റുവരവ് 6,000 8,000 കോടിയാണ്.
684 ഇനം മരുന്നുകളാണ് നേരത്തേ വിലനിയന്ത്രണ പട്ടികയില്‍ ഉണ്ടായിരുന്നത്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് 875 ആക്കി. ഈ മരുന്നുകള്‍ക്കെല്ലാം ഒറ്റയടിക്ക് വില കൂടുകയാണ്. പട്ടികയിലെ മരുന്നുകളുടെ വില തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ മരുന്നുവില നിര്‍ണയ അതോറിട്ടിക്കാണ്. അതോറിട്ടിയുടെ പട്ടികയില്‍ നിന്ന് കൂടുതല്‍ മരുന്നുകളെ ഒഴിവാക്കാന്‍ മരുന്നു കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം തുടരുകയാണ്.
കാന്‍സറിന്റെ 90 ശതമാനം മരുന്നുകള്‍ക്കും വില കൂടും. പ്രമേഹത്തിന് 600 ബ്രാന്‍ഡഡ് മരുന്നുകള്‍ നിലവിലുണ്ട്. ഗല്‍മിെ്രെപഡ് എന്ന പ്രമേഹ ഗുളിക പത്തെണ്ണത്തിന് 40 രൂപയാണ് നിലവില്‍. ദിവസം രണ്ടെണ്ണം കഴിക്കണം. രക്തസമ്മര്‍ദ്ദത്തിന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അംലോഡിപ്പിന്‍ ഗുളിക പത്തെണ്ണത്തിന് 24 രൂപയുണ്ടിപ്പോള്‍. ഇവയുടെയെല്ലാം വില കൂടുന്നത് സാധാരണക്കാര്‍ക്ക് പ്രഹരമാവും.

Post Your Comments Here ( Click here for malayalam )
Press Esc to close