എന്നോട് വംശീയ വിവേചനം; സാമുവല്‍ റോബിന്‍സണ്‍

എന്നോട് വംശീയ വിവേചനം; സാമുവല്‍ റോബിന്‍സണ്‍

ഫിദ
സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ആരോപണവുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. മലയാളത്തിലെ നവാഗത സംവിധാകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുച്ഛമായ പ്രതിഫലമാണ് നിര്‍മാതാക്കള്‍ തനിക്ക് നല്‍കിയതെന്നും ഇത് വംശീയ വിവേചനമാണെന്നും സാമുവല്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു നിര്‍മാതാക്കളുടെ വാഗ്ദാനം. ഇത് അവര്‍ പാലിച്ചില്ല. കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടന്‍ ഇത് പോലുള്ള അനുഭവം ഉണ്ടാകരുത്. ഇന്ത്യയിലെ മറ്റു നടന്മാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ചത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവല്‍ പറയുന്നു.
കറുത്ത വര്‍ഗക്കാരനായത് കൊണ്ടും ആഫ്രിക്കന്‍ വംശജന് പണത്തിന്റെ മൂല്യം അറിയില്ല എന്ന തെറ്റിദ്ധാരണ കൊണ്ടുമാണ് ഈ വിവേചനം എന്നാണ് മനസ്സിലാക്കുന്നത്. സംവിധായകന്‍ സക്കരിയ തന്നെ സഹായിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നൈജീരിയയില്‍ തിരിച്ചെത്തിയിട്ടും ആ വാഗ്ദാനം പാലിച്ചില്ല. സിനിമ പൂര്‍ത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രം ആയിരുന്നു ഇതെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ല താന്‍ ഉദ്ദേശിച്ചത്. പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നു എന്നു മാത്രമാണ്. കേരള സംസ്‌കാരവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടു. ദൈവത്തിന്റെ നാടിനോട് സ്‌നേഹവും ബഹുമാനവുമാണെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close