കുരുമുളക് വില ഇടിഞ്ഞു

കുരുമുളക് വില ഇടിഞ്ഞു

ഫിദ
കൊച്ചി: നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും അനധികൃതമായി ഇറക്കുമതി കൂടിയതോടെ കുരുമുളക് വില കുത്തനെ ഇടിഞ്ഞു. ആഭ്യന്തര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാനായാണ് 500 രൂപയില്‍ താഴെ വിലയുള്ള കുരുമുളക് ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിട്ടത്. കഴിഞ്ഞവാരം മികച്ച വില ആഭ്യന്തര കുരുമുളകിന് ലഭിക്കാനും ഇതു സഹായിക്കും. എന്നാല്‍, അനധികൃത മാര്‍ഗങ്ങളിലൂടെ ഇറക്കുമതി വീണ്ടും സജീവമായത് ഈ വാരം വില ഇടിയാന്‍ കളമൊരുക്കി.
വിപണിയിലേക്ക് വിദേശ കുരുമുളകിന്റെ വരവ് കൂടിയതോടെ ക്വിന്റലിന് 100 രൂപയുടെ ഇടിവുണ്ടായി. മികച്ച നിലവാരമുള്ള ആഭ്യന്തര കുരുമുളകുമായി, ഒട്ടും നിലവാരമില്ലാത്തെ വിദേശ കുരുമുളക് കൂട്ടിക്കലര്‍ത്തിയാണ് വിറ്റഴിക്കുന്നത്. 20 ടണ്‍ വരെ കുരുമുളകാണ് കൊച്ചിയില്‍ മാത്രം ഇത്തരത്തില്‍ വില്‍പ്പനക്കെത്തിയത്. വിയറ്റ്‌നാമില്‍ നിന്നുള്ള വിലയും നിലവാരവും തീരെക്കുറവുള്ള കുരുമുളകാണ് വ്യാപകമായി ഇറക്കുമതി ചെയ്ത് ഇത്തരത്തില്‍ കൂട്ടിക്കലര്‍ത്തി വില്‍ുന്നത്.
ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നവരും ആഭ്യന്തരവിലയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നാണ് കര്‍ഷകരുടെ വാദം. ഇത്തരത്തില്‍ ഇറക്കുമതി നടത്തുന്നവര്‍ കുരുമുളകും മറ്റും കയറ്റുമതി ചെയ്യാതെ, മികച്ച വില്‍പ്പനയുള്ള ആഭ്യന്തര വിപണികളിലേക്ക് തന്നെ ഒഴുക്കുകയാണ്. ഇതാണ്, വില കുത്തനെ ഇടിയാന്‍ കാരണം. ഇറക്കുമതിക്കാരുടെ ഈ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close